പുണെ: ഒരു ഇമ്മിണി ബല്യ ഒന്നിന്റെ പിൻബലത്തിൽ ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിയിൽ കടന്നു. തോൽവിയുടെ പടിവാതിൽക്കൽ നിന്നാണ് കേരളം സെമി ബെർത്ത് ഉറപ്പിച്ചത്. ക്വാർട്ടറിൽ ജമ്മു കശ്മീരിനെതിരേ സമനില വഴങ്ങേണ്ടിവന്നെങ്കിലും ഒന്നാമിന്നിങ്സിൽ നേടിയ ഒരു റൺ ലീഡിന്റെ ബലത്തിലാണ് കേരളം സെമിയിലേക്ക് മുന്നേറിയത്. തോൽക്കാൻ തയ്യാറാകാതെ സൽമാൻ നിസാർ രണ്ട് ഇന്നിങ്സുകളിലും നടത്തിയ പോരാട്ടമാണ് കേരളത്തിന്റെ മുന്നേറ്റത്തിന് കരുത്തായത്. രണ്ടാമിന്നിങ്സിൽ മുഹമ്മദ് അസറുദ്ദീനും സൽമാനൊപ്പം ഉജ്വല ചെറുത്തുനിൽപ്പ് നടത്തി.
അസറുദ്ദീൻ 118 പന്തിൽ നിന്ന് 67 ഉം സൽമാൻ 162 പന്തിൽ നിന്ന് 44 ഉം റൺസെടുത്ത് പുറത്താകാതെ നിന്നു. സെമിയിൽ ഗുജറാത്താണ് കേരളത്തിന്റെ എതിരാളി. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദിലാണ് മത്സരം. രണ്ടാം സെമിയിൽ മുംബൈയും വിദർഭയും മത്സരിക്കും. 2018-19 സീസണിലാണ് ഇതിന് മുൻപ് കേരളം രഞ്ജി സെമിയിലെത്തിയത്. അന്ന് സെമിയിൽ വിദർഭയോടു പരാജയപ്പെടുകയായിരുന്നു.
സ്കോർ- ജമ്മു കശ്മീർ – 280, 399/9 ഡിക്ല. കേരളം – 281, 295/6
ക്വാർട്ടറിൽ കേരളം ജയം എന്നതിലുപരി തോൽക്കാതിരിക്കാനുള്ള ശ്രമമാണ് നടത്തിയത്. ജമ്മു കശ്മീർ ഉയർത്തിയ 399 റൺസ് വിജയലക്ഷ്യവുമായി അഞ്ചാം ദിനം ബാറ്റിങ് തുടർന്ന കേരളം ശ്രദ്ധയോടെയാണ് കളിച്ചത്. മത്സരത്തിൽ തോൽക്കാതിരുന്നാൽ തന്നെ കേരളത്തിന് സെമിയിലെത്താമെന്ന സ്ഥിതിയായിരുന്നു. ആദ്യ ഇന്നിങ്സിൽ നിർണായക ലീഡ് നേടാനായതാണ് ടീമിന് രക്ഷയായത്. മത്സരം സമനിലയിലായതിനാൽ ഒന്നാമിന്നിങ്സ് ലീഡിന്റെ ബലത്തിൽ കേരളം സെമിയിലെത്തി. ഒന്നാമിന്നിങ്സിൽ ഒരു റണ്ണിന്റെ ലീഡാണ് കേരളം നേടിയത്.
രണ്ടുവിക്കറ്റ് നഷ്ടത്തിൽ 100 റൺസെന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച കേരളത്തിന്റെ തുടക്കം പതറിച്ചയോടെയായിരുന്നു. അക്ഷയ് ചന്ദ്രനും സച്ചിൻ ബേബിയും മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ടീം സ്‌കോർ 128 ൽ നിൽക്കേ 48 റൺസെടുത്ത അക്ഷയ് ചന്ദ്രനെ നഷ്ടമായി. പിന്നാലെ സച്ചിൻ ബേബിയും (48)കൂടാരം കയറിയതോടെ കേരളം പ്രതിരോധത്തിലായി. ജലജ് സക്‌സേനയും (18) ആദിത്യ സർവാതെയും (8) നിരാശപ്പെടുത്തി. ഇതോടെ കേരളം ആറ് വിക്കറ്റ് നഷ്ടത്തിൽ 180 റൺസെന്ന നിലയിലേക്ക് വീണു. എന്നാൽ സൽമാൻ നിസാറും മുഹമ്മദ് അസ്സറുദ്ദീനും ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തിയതോടെ കേരളം മത്സരത്തിലേക്ക് തിരിച്ചുവന്നു. ജമ്മു കശ്മീർ ബൗളർമാർ വിക്കറ്റ് വീഴ്ത്താനായി കിണഞ്ഞ് പരിശ്രമിച്ചെങ്കിലും സാധിച്ചില്ല. സൽമാൻ നിസാറും മുഹമ്മദ് അസ്സറുദ്ദീനും പുറത്താവാതെ നിന്നു. മത്സരം സമനിലയിലായതോടെ കേരളം സെമിയിൽ പ്രവേശിച്ചു.
രണ്ടാം ഇന്നിങ്സിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 399 റൺസിന് ജമ്മു രണ്ടാമിന്നിങ്‌സ് ഡിക്ലയർ ചെയ്തതോടെയാണ് കേരളത്തിന്റെ വിജയലക്ഷ്യം 399 ആയി മാറിയത്. അതേസമയം ആദ്യ ഇന്നിങ്സിൽ സൽമാൻ നിസാറിന്റെ സെഞ്ചുറി പ്രകടനമാണ് കേരളത്തിന് തുണയായത്. താരത്തിന്റെ പ്രകടന മികവിൽ ടീം ഒരു റൺ ലീഡാണ് സ്വന്തമാക്കിയത്. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 200 റൺസെന്ന നിലയിൽ നിന്ന് സൽമാൻ നിസാർ ബേസിൽ തമ്പിയെ കൂട്ടുപിടിച്ച് ടീം സ്കോർ 281-ലെത്തിച്ചു. 112 റൺസെടുത്ത സൽമാൻ പുറത്താവാതെ നിന്നു. 15 റണ്ണായിരുന്നു ബേസിലിന്റെ സമ്പാദ്യം. ഒന്നാം ഇന്നിങ്‌സിൽ ആദ്യം ബാറ്റ് ചെയ്ത ജമ്മു കശ്മീർ 280 റൺസ് നേടിയിരുന്നു.