ദുർഗ്: മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾ 9 ദിവസങ്ങൾക്കുശേഷം ജയിലിന് പുറത്തിറങ്ങി. ഉപാധികളോടെ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഇരുവരും ജയിൽ മോചിതരായത്. ജയിലിനു മുൻപിൽ നിന്ന് ഇരുവരേയും സ്വീകരിക്കാൻ കേരളത്തിൽ നിന്നുള്ള കോൺഗ്രസ്- ഇടത് എംപിമാരും എംഎൽഎമാരും ബിജെപി നേതാക്കളും ബന്ധുക്കൾക്കും മറ്റു കന്യാസ്ത്രീകൾക്കുമൊപ്പം നിലയുറപ്പിച്ചിരുന്നു. ഭരണഘടന അനുകൂല മുദ്രവാക്യം മുഴക്കിയാണ് കന്യസ്ത്രീമാരെ സ്വീകരിച്ചത്.
അതേസമയം അറസ്റ്റിന് പിന്നാലെ ദുർഗ് ജയിലിൽ കഴിയുകയായിരുന്നു ഇവർ. ഇന്നു ബിലാസ്പുരിലെ പ്രത്യേക എൻഐഎ കോടതിയാണ് ജാമ്യം നൽകിയത്. അറസ്റ്റിലായി ഒമ്പത് ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. സന്തോഷം പങ്കുവെയ്ക്കാൻ നിരവധിപേരാണ് ജയിലിന് മുന്നിലെത്തിയത്. ഇനി ഇരുവരും സമീപത്തെ കന്യാസ്ത്രീ മഠത്തിലേക്കാണ് പോകുന്നത്.
കഴിഞ്ഞ വെള്ളിയാഴചയാണ് ഛത്തീസ്ഗഢിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽവച്ചാണ് കന്യാസ്ത്രീകളായ സി. പ്രീതി മേരി, സി. വന്ദന ഫ്രാൻസിസ് എന്നിവർ അറസ്റ്റിലായത്. മൂന്നു പെൺകുട്ടികളെ ജോലിസ്ഥലത്താക്കാൻ പോവുകയായിരുന്ന ഇരുവരേയും ഒരു പറ്റം ബജ്‌റംഗ്ദൾ പ്രവർത്തകർ വളഞ്ഞ് ബഹളമുണ്ടാക്കിയതിനെത്തുടർന്നായിരുന്നു അറസ്റ്റ്. കണ്ണൂർ ഉദയഗിരി ഇടവകാംഗമാണ് സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗമാണ് സിസ്റ്റർ പ്രീതി മേരി.
ആഗ്രയിലേക്ക് യാത്ര പുറപ്പെടാൻ എത്തിയ ഇവരെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ ബജ്രംഗ്ദൾ പ്രവർത്തകർ തടയുകയായിരുന്നു. പെൺകുട്ടികളുടെ മാതാപിതാക്കളുടെ സമ്മതത്തോടെ സഭയുടെ ആശുപത്രികളിലേക്കും പള്ളിയിലേക്കും ജോലിക്കുവേണ്ടി കൊണ്ടുപോകുകയാണെന്ന് ഇവർ പോലീസിനോട് പറഞ്ഞു. തിരിച്ചറിയൽ രേഖകളക്കം തങ്ങളുടെ പക്കലുണ്ടെന്നും ഇവർ പോലീസിനെ അറിയിച്ചു. എന്നാൽ ബജ്രംഗ്ദൾ പ്രവർത്തകർ പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെ റെയിൽവേ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് ലോക്കൽ പോലീസിന് കൈമാറുകയായിരുന്നു. പിന്നാലെ ഇരുവർക്കുമെതിരെ പത്തുവർഷം വരെ തടവുലഭിക്കാവുന്ന ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.