ഇസ്‌ലാമാബാദ്∙ ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ ചൈന മധ്യസ്ഥത വഹിച്ചുവെന്ന വാദം അംഗീകരിച്ച് പാക്കിസ്ഥാൻ രംഗത്ത്. കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിൽ, പാക്ക് വിദേശകാര്യ വക്താവ് താഹിർ ആൻഡ്രാബിയാണ് മധ്യസ്ഥരായി ചൈന ഇടപെട്ടുവെന്ന് അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയത്.
സംഘർഷത്തിനിടെ ചൈനീസ് നേതാക്കൾ പാക്കിസ്ഥാൻ നേതൃത്വവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ഓപ്പറേഷൻ സിന്ദൂർ നടക്കുന്നതിനിടെ ഇതേ നേതാക്കൾ ഇന്ത്യയുമായും ചില ആശയവിനിമയങ്ങൾ നടത്തിയെന്നുമാണ് താഹിർ പറയുന്നത്. ‘‘വളരെ നല്ല നയതന്ത്ര നീക്കങ്ങൾ നടന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിനും മേഖലയിൽ സമാധാനവും സുരക്ഷയും കൊണ്ടുവരാൻ ശ്രമിക്കുന്നതിനും ചൈനീസ് നേതാക്കൾ പങ്കുവഹിച്ചു എന്ന് ഞാൻ കരുതുന്നു. മധ്യസ്ഥ ശ്രമത്തിൽ ചൈനീസ് വിശദീകരണം ശരിയാണെന്ന് എനിക്ക് ഉറപ്പുണ്ട്’’ – താഹിർ പറഞ്ഞു.
2025 മേയ് മാസത്തിൽ പാക്കിസ്ഥാനിലെയും പാക്ക് അധീന കശ്മീരിലെയും ഭീകര പരിശീലന ക്യാംപുകൾ ലക്ഷ്യമിട്ടാണ് ഇന്ത്യൻ സൈന്യം തിരിച്ചടിച്ചത്. ഓപ്പറേഷൻ സിന്ദൂറിനിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇരുരാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിച്ചെന്നായിരുന്നു ഇത്രയും കാലം പാക്കിസ്ഥാൻ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇതിനെ തള്ളിയാണ് ചൈനയാണ് മധ്യസ്ഥത വഹിച്ചുവെന്ന ഇപ്പോഴത്തെ നിലപാട്. പാക്കിസ്ഥാൻ ഡിജി ഓഫ് മിലിട്ടറി, ഇന്ത്യൻ വിദേശകാര്യ മന്ത്രിയോട് അഭ്യർഥിച്ചതിനെ തുടർന്നാണ് സൈനിക നടപടി നിർത്തിവച്ചതെന്നും വിഷയത്തിൽ ഒരു മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നുമാണ് ഇന്ത്യയുടെ വാദം. ചൈന മധ്യസ്ഥത വഹിച്ചുവെന്ന ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ അവകാശവാദവും ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു.

















































