പാലക്കോട്: വാളയാർ ആൾക്കൂട്ട മർദനത്തിന്റെ ഇര രാം നാരായണൻ നേരിടേണ്ടി വന്നത് അതി ക്രൂര മർദനമെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ ഫോറൻസിക് സർജൻ ഡോ. ഹിതേഷ് ശങ്കർ. യുവാവ് ക്രൂര മർദനത്തിന് ഇരയായിട്ടുണ്ടെന്നും അടി കിട്ടാത്ത ഒരു ഭാഗം പോലും ശരീരത്തിൽ ഉണ്ടായിരുന്നില്ലെന്നും ഡോ. ഹിതേഷ് ശങ്കർ പറഞ്ഞു.
‘ദേഹം മുഴുവൻ മൃഗീയമായ മർദനത്തിന്റെ അടയാളങ്ങൾ. ശരീരത്തിൻറെ പലയിടങ്ങളിൽ ഉണ്ടായ മുറിവിൽ നിന്ന് രക്തം വാർന്നാണ് ആ യുവാവ് മരിച്ചത്. അതിഥി തൊഴിലാളികൾ എന്ന് നമ്മൾ വിളിക്കുന്നവരുടെ കൂട്ടത്തിലുള്ള ഒരാളെയാണ് മൃഗത്തെ പോലെ തല്ലിക്കൊന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘മൃതദേഹത്തിലുണ്ടായ പാടുകളെക്കുറിച്ചും മറ്റും വളരെ വിശദമായി പോലീസിനോട് പറഞ്ഞിട്ടുണ്ട്. മർദനമേറ്റിട്ടും കുറച്ച് സമയം അയാൾ ജീവനോടെ ഉണ്ടായിരുന്നു. പക്ഷെ ആ മരണം അതിദാരുണമായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം പോലീസിന് കൈമാറിയിട്ടുണ്ട്. ബാക്കി നടപടിക്രമങ്ങൾ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകും.’ ഡോ. ഹിതേഷ് പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസമായിരുന്നു വാളയാറിൽ രാം നാരായണൻ എന്ന അതിഥി തൊഴിലാളി അതിക്രൂരമായ ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ടത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നാലെ സംഘം രാം നാരായണിനെ പരിശോധിച്ചെങ്കിലും മോഷണ വസ്തുക്കളൊന്നും കണ്ടെത്തിയിരുന്നില്ല. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ രാം നാരായണനെ മാലുമണിക്കൂറിനു ശേഷം പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം രാം നാരായണൻ ജോലിക്കായി കഞ്ചിക്കോട്ടേക്ക് വന്നതായിരുന്നു. ഇതിനിടെ വഴിതെറ്റി വാളയാറിൽ എത്തപ്പെടുകയായിരുന്നു.

















































