ലാഹോർ: ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാന്റെ ആറ് വിമാനങ്ങൾ തകർത്തെന്ന ഇന്ത്യൻ വ്യോമസേനാ മേധാവിയുടെ വെളിപ്പെടുത്തൽ നിഷേധിച്ചുകൊണ്ട് പാക് പ്രതിരോധ മന്ത്രി ഖ്വാജാ ആസിഫ് രംഗത്ത്. ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാന്റെ ഒരൊറ്റ വിമാനംപോലും ഇന്ത്യൻസേനകൾ തകർത്തിട്ടില്ല. കഴിഞ്ഞ മൂന്നുമാസമായി ഇത്തരം അവകാശവാദങ്ങളൊന്നും ആരും ഉന്നയിച്ചിട്ടില്ല. മാത്രമല്ല ഇതുസംബന്ധിച്ച വിവരങ്ങളെല്ലാം അന്താരാഷ്ട്രമാധ്യമങ്ങളോട് നേരത്തേ പങ്കുവെച്ചതാണെന്നും പാക് മന്ത്രി പറഞ്ഞു.
ഇന്ത്യൻ വ്യോമസേന മേധാവി ഇപ്പോൾ നടത്തിയ പരാമർശം അവിശ്വസനീയവും വ്യോമസേന മേധാവി അനവസരത്തിലുള്ളതുമാണ്. നിയന്ത്രണരേഖയിൽ ഇന്ത്യയ്ക്കുണ്ടായ നഷ്ടങ്ങൾ ഏറെ വലുതാണ്. ഇരുരാജ്യങ്ങളും അവരുടെ വിമാനങ്ങളുടെ പട്ടികയും എണ്ണവും സ്വതന്ത്ര പരിശോധനയ്ക്കായി തുറന്നുകൊടുക്കണമെന്നും ഇത് ഇന്ത്യ മറയ്ക്കാൻ ശ്രമിക്കുന്ന യാഥാർഥ്യം തുറന്നുകാട്ടുമെന്നും പാക് മന്ത്രി പറഞ്ഞു.
അതേസമയം ഓപ്പറേഷൻ സിന്ദൂറിനിടെ അഞ്ച് യുദ്ധവിമാനങ്ങളടക്കം പാക്കിസ്ഥാന്റെ ആറ് വിമാനങ്ങൾ ഇന്ത്യ തകർത്തെന്നാണ് വ്യോമസേന മേധാവി എയർമാർഷൽ എ.പി. സിങ് ശനിയാഴ്ച വ്യക്തമാക്കിയത്. ബെംഗളൂരുവിൽ നടന്ന ഒരു ചടങ്ങിനിടെയായിരുന്നു വ്യോമസേന മേധാവിയുടെ വെളിപ്പെടുത്തൽ. ഇതോടെയാണ് ഇതിനെ നിഷേധിച്ച് പാക് മന്ത്രി രംഗത്തെത്തിയത്.