നെടുമങ്ങാട്: അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിതിൻ രാജ് ലോൺ ആപ്പിൽനിന്ന് പണം കടമെടുത്തത് തന്റെ അറിവോടെയാണെന്ന് പിതാവ് രാജൻ. അമ്മയുടെ ചികിത്സവശ്യാർഥമാണ് കടംവാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ലോൺ സംബന്ധിച്ച പൊലീസ് പരാമർശങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘അവന്റെ അമ്മ സുഖമില്ലാതെ ഒന്നൊന്നര മാസം മെഡിക്കൽ കോളജിൽ കിടന്നപ്പോൾ ഒരുപാട് പൈസ ചെലവായി. അതിന്റെ ആവശ്യത്തിനാണ് അവൻ ലോൺആപ്പിൽനിന്ന് പണം എടുത്തത്. എന്നോട് പറഞ്ഞിട്ടാണ് അവൻ എടുത്തത്. ചികിത്സ കഴിഞ്ഞ് ഒന്നര മാസം കഴിഞ്ഞാണ് ഞാൻ ജോലിക്ക് ഇറങ്ങിയത്. കോളജ് അധികൃതർക്ക് അതിന്റെ പേരിൽ എന്തെങ്കിലും ഒരു പ്രഷർ ഉണ്ടെങ്കിൽ ഞങ്ങളോട് പറയാമായിരുന്നു. ഞങ്ങൾ എന്ത് വില കൊടുത്തും അത് അടക്കുമായിരുന്നു. 14,000 രൂപയോ മറ്റോ ആണ്. അത് ഞങ്ങൾ അടക്കുമായിരുന്നല്ലോ. ഒരു ജീവൻ കൊണ്ടല്ലേ ഇവര് കളിച്ചത്.
ഇതൊരു കൊലപാതകം തന്നെയാണ്. കാരണം കോളജിലെ ഒരു സ്റ്റാഫിനെയോ അധ്യാപകനെയോ കുട്ടിയേയോ പോലും ഈ ബോഡിയുടെ കൂടെ അയച്ചിട്ടില്ല. ഞങ്ങൾ അവനെ എല്ലാ പ്രാവശ്യവും കൂടെപോയാണ് ഇവിടുന്ന് അയക്കുന്നത്. ഇപ്പോൾ അവനെ ഒറ്റക്ക് അവർ തിരിച്ചയച്ചു കളഞ്ഞു. ഒരു ലോൺ ആപ്പുമായി ബന്ധപ്പെട്ടെന്നാണ് ഇപ്പോൾ എല്ലാ ചാനലിലും അവർ അറിയിച്ചിരിക്കുന്നത്. പക്ഷെ, ആ കാര്യം ഞങ്ങളെ അവർ അറിയിച്ചിട്ടില്ല. അവന്റെ അമ്മ സുഖമില്ലാതെ ഒന്നൊന്നര മാസം മെഡിക്കൽ കോളജിൽ കിടന്നപ്പോൾ ഒരുപാട് പൈസ ചെലവായി. അതിന്റെ ആവശ്യത്തിനാണ് അവൻ ലോൺആപ്പിൽനിന്ന് എടുത്തത്. എന്നോട് പറഞ്ഞിട്ടാണ് അവൻ എടുത്തത്.
ആ മെഡിക്കൽ കോളജിൽ ആൻഡമാൻ ജയിൽ പോലെ എല്ലാവരെയും അടിമകളായി കാണുന്ന സ്ഥലമാണ്. മെഡിക്കൽ കോളജിൽ നല്ല അന്തരീക്ഷവും ചുറ്റുപാടുമാണ്. പുറമേ നോക്കുമ്പോഴും അങ്ങനെയാണ്. പക്ഷേ, ഹോസ്റ്റലിലും അങ്ങോട്ടുമെല്ലാം കൊള്ളക്കാരുടെയും കള്ളക്കടത്തുകാരുടെയും ഒരു സംഘം പോലെയാണ്. അവിടെ എന്ത് നടന്നാലും വെളിയിൽ അറിയില്ല.അങ്ങനെയുള്ള ഒരു കെട്ടിടത്തിൽ നിന്നാണ് എന്റെ മോനെ കൊന്നത്. എന്റെ മോൻ മരിച്ചിട്ട് ഇവിടെ (നെറ്റിയിൽ) ഒരു മുറിവും ഇവിടെ (കഴുത്തിനടുത്ത്) രണ്ട് പോറലും മാത്രമേ ഉള്ളൂ. ഒരു പല്ല് പോലും പൊട്ടിയിട്ടില്ല. ചെവിയിൽ നിന്ന് ബ്ലഡ് ഒന്നും വന്നിട്ടില്ല. വേറൊരു മുറിവുമില്ല. അപ്പോൾ അവനെ മനപ്പൂർവ്വം കൊന്നു കൊണ്ടിട്ടതാണ്. സ്റ്റെയർകേസിലേക്ക് ഓടിച്ചു കേറ്റി എന്ന് സിസിടിവിയിൽ പറയുന്നുണ്ട്. അതൊക്കെ അവർ മനപ്പൂർവ്വം എല്ലാം ചെയ്യാൻ വേണ്ടി ചെയ്തതാണ്. അത് കഴിഞ്ഞിട്ട് അവര് എന്റെ മോനെ തട്ടിയതാണോ എന്നും അറിഞ്ഞുകൂടായെന്നും നിതിന്റെ അച്ഛന്‍ പറഞ്ഞു.


















































