പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ അന്നദാനത്തിന്റെ മറവിൽ ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേട് നടത്തിയ കേസിൽ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുവകകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. നിലവിൽ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണറായ ജെ. ജയപ്രകാശിന്റെയും ഭാര്യ ശ്രീജയുടെയും പേരിലുള്ള 40.48 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് ഇ.ഡി താൽക്കാലികമായി കണ്ടുകെട്ടിയത്. കൊല്ലം ജില്ലയിലുള്ള വസ്തുവകകളാണ് നടപടിക്ക് വിധേയമായത്.
2018-2019 മണ്ഡല മകരവിളക്ക് കാലയളവിലാണ് കേസിനാസ്പദമായ തട്ടിപ്പുകൾ നടന്നത്. അന്ന് നിലയ്ക്കലിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു ജയപ്രകാശ്, ഭക്ഷണ വിതരണത്തിന്റെ മറവിൽ വ്യാജ ബില്ലുകളും ഇൻവോയ്‌സുകളും ചമച്ച് ദേവസ്വം ഫണ്ടിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് കേസ്. സംഭവത്തിൽ വിജിലൻസ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ അന്വേഷണത്തിന്റെ തുടർച്ചയായാണ് ഇ.ഡി ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്.
നിലയ്ക്കൽ അന്നദാന ക്രമക്കേടിലെ പ്രതികളിൽ ചിലർക്ക് ശബരിമല സ്വർണ്ണതട്ടിപ്പ് കേസിലും പങ്കുണ്ടെന്ന് ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. സുധീഷ് കുമാർ ഉൾപ്പെടെയുള്ളവർ ഇത്തരം തട്ടിപ്പുകളിൽ ഭാഗമാണെന്നാണ് വിവരം. ശബരിമലയുമായി ബന്ധപ്പെട്ട് മറ്റ് പല ക്രമക്കേടുകളും നടന്നിട്ടുണ്ടെന്നും ആ കാര്യങ്ങളിൽ വിപുലമായ അന്വേഷണം ഉണ്ടാകുമെന്നും ഇ.ഡി വ്യക്തമാക്കിയിട്ടുണ്ട്. ദേവസ്വം ബോർഡിലെ ക്രമക്കേടുകൾ ഓരോന്നായി പരിശോധിച്ച് ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.















































