കൊല്ലം: ഇതാണു പണ്ടുള്ളവർ പറയുന്നത് തല നരച്ചവർ പറയുന്നത് അൽപമെങ്കിലും കേൾക്കണമെന്ന്… ദേശീയപാതയുടെ നിർമാണം ആരംഭിച്ചതെ മണ്ണിന്റെ ഘടന അറിയാവുന്ന നാട്ടുകാർ പറഞ്ഞിരുന്നു, ആ പരിപാടിയൊന്നും പോരാ, ഇതു ശാശ്വതമല്ല, തകരും… ദേശീയപാതയുടെ ഇരുവശത്തും പോളയിൽ ഏലാ (വയൽ) ആണ്. ദുർബലമായ മണ്ണുള്ള ചാത്തന്നൂർ പോളച്ചിറ ഏലായുടെ മണ്ണിന്റെ ഘടനയാണ് ഈ പ്രദേശത്തും. മൈലക്കാട് ഇറക്കത്തിൽ അപകടം പതിവായതിനെത്തുടർന്നു 3 പതിറ്റാണ്ടു മുൻപ് റോഡ് ഉയർത്തി നിർമിക്കാൻ ശ്രമിച്ചിരുന്നു. ഇതിനുവേണ്ടിയിട്ട മണ്ണ് സ്ഥലം അനുയോജ്യമല്ലെന്നു കണ്ടു പിന്നീടു നീക്കം ചെയ്തിരുന്നു. ആ ചരിത്രമള്ള സ്ഥലത്ത് കാര്യമായ മണ്ണു പരിശോധന നടത്താതെയാണ് ആറുവരിപ്പാതയും റോഡിനു കുറുകെയുള്ള കൈത്തോടിന്റെ കലുങ്കും നിർമിച്ചത്.
കൂടാതെ പഴയ ദേശീയപാതയുടെ ഭാഗമായി വർഷങ്ങൾക്കു മുൻപു കലുങ്കു നിർമിച്ചതു തേക്കിൻകട്ട താഴ്ത്തി നിർമിച്ച കാര്യവും അവർ ഉദ്യോഗസ്ഥരുമായി പങ്കുവച്ചിരുന്നു. അടിയിൽ ചേറുണ്ട്. അതിനാൽ ചെറിയ പരിപാടിയിൽ കാര്യങ്ങൾ നടത്താൻ നോക്കിയാൽ പാത ഇടിയും. എന്നാൽ ഇതൊന്നും പരിഗണിക്കാതെയാണ് ആറുവരിപ്പാതയുടെ നിർമാണം. മണ്ണിന്റെ ഘടനയെക്കുറിച്ചു കരാറുകാരോടു പറഞ്ഞപ്പോൾ ആവശ്യമായ പരിശോധന നടത്തിയാണു നിർമാണമെന്നായിരുന്നു അവരുടെ മറുപടി.
ഇതോടെ പാത 10 മാസം തികയ്ക്കില്ലെന്നും ചില നാട്ടുകാർ അന്നു മുന്നറിയിപ്പു നൽകി. ചെലവു ചുരുക്കലിന്റെ ഭാഗമായുള്ള നടപടികളാണു ദേശീയപാത 66ലെ ദുരന്തങ്ങൾക്കു കാരണമെന്നാണു മറ്റൊരു വിലയിരുത്തൽ. മേൽപാലത്തിനു പകരം മണ്ണിട്ടു റോഡ് ഉയർത്തുമ്പോൾ കോടികളാണു ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ)ക്കു ലാഭം. ജംക്‌ഷനുകളിലും മറ്റും മേൽപാലം വേണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും എൻഎച്ച്എഐ അലൈൻമെന്റ് മാറ്റാൻ തയാറായില്ല. കരാറെടുത്ത കമ്പനികൾ മണ്ണുറപ്പിക്കൽ പോലുള്ള പണികൾക്ക് ഉപകരാർ കമ്പനികളെ വച്ചു.
അതുപോലെ ചതുപ്പായിരുന്ന സ്ഥലത്താണു ദേശീയപാത നിർമിച്ചിരിക്കുന്നത്. ഓരോ അടരുകളായി മണ്ണ് ഉറപ്പിച്ച്, പരിശോധിച്ച ശേഷമേ അടുത്ത ഘട്ടം മണ്ണിടാൻ പാടുള്ളൂ. എന്നാൽ, ഇവിടെ അതു പാലിച്ചിട്ടില്ലെന്നാണു വിലയിരുത്തൽ. മണ്ണിന്റെ ലഭ്യതക്കുറവ് നിർമാണത്തെ ബാധിച്ച ഘട്ടത്തിലാണ് അഷ്ടമുടിക്കായലിൽ ആഴം കൂട്ടുന്നതിന്റെ ഭാഗമായി എടുത്ത ചെളി പാതയ്ക്കായി ഉപയോഗിച്ചത്. തീർത്തും ദുർബലമായ ചെളിമണ്ണാണ് അപകട കാരണമെന്നും നാട്ടുകാർ പറയുന്നു.
അതോടൊപ്പം ദേശീയപാതയുടെ തകർന്ന ഭാഗം പൊളിച്ചു നീക്കി തൂണുകൾ നിർമിച്ചു ഫ്ലൈ ഓവർ നിർമിക്കണം എന്ന ആവശ്യം ശക്തമാണ്. ജി.എസ്. ജയലാൽ എംഎൽഎ ഇക്കാര്യം കലക്ടറുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.

















































