‘ലേഡി സൂപ്പർസ്റ്റാർ’ എന്ന് ഇനി മുതൽ തന്നെ വിശേഷിപ്പിക്കരുതെന്ന് ആരാധകരോടും മാധ്യമങ്ങളോടും അഭ്യർഥിച്ച് നടി നയൻതാര. ആരാധകരുടെ തീവ്രമായ സ്‌നേഹത്തിൽനിന്ന് പിറന്ന ഒരു പദവിയാണ് ലേഡി സൂപ്പർസ്റ്റാർ എന്നതെങ്കിലും നയൻതാര എന്ന് വിളിക്കണമെന്ന് താരം അഭ്യർഥിച്ചു. നയൻതാര എന്ന പേരാണ് ഹൃദയത്തോട് ചേർന്ന് നിൽക്കുന്നെന്നും എക്‌സിൽ പങ്കുവച്ച പ്രസ്താവനയിൽ താരം വ്യക്തമാക്കി.
‘നിങ്ങളിൽ പലരും എന്നെ ലേഡി സൂപ്പർസ്റ്റാർ എന്ന് സ്‌നേഹപൂർവം വിളിച്ചിട്ടുണ്ട്. നിങ്ങളുടെ തീവ്രമായ സ്‌നേഹത്തിൽനിന്ന് പിറന്ന ഒരു പദവിയാണത്. ഇത്രയും വിലപ്പെട്ട ഒരു പദവി നൽകി എന്നെ ആദരിച്ചതിന് ഞാൻ നിങ്ങളോട് എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. പക്ഷ, നിങ്ങളെല്ലാവരും എന്നെ നയൻതാര എന്ന് വിളിക്കണമെന്ന് ഞാൻ താഴ്മയോടെ അഭ്യർഥിക്കുന്നു. കാരണം, ആ പേര് എന്റെ ഹൃദയത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന ഒന്നാണെന്ന് എനിക്ക് തോന്നുന്നു.’- നയൻതാര പ്രസ്താവനയിൽ പറഞ്ഞു.
നടി എന്ന നിലയിൽ മാത്രമല്ല, ഒരു വ്യക്തി എന്ന നിലയിലും ഞാൻ ആരാണെന്ന് നയൻതാര എന്ന പേര് പ്രതിനിധീകരിക്കുന്നുവെന്ന് അവർ കുറിച്ചു. സ്ഥാനപ്പേരുകളും അംഗീകാരങ്ങളും വിലമതിക്കാനാവാത്തതാണ്. പക്ഷേ അവ ചിലപ്പോൾ നമ്മുടെ ജോലിയിൽ നിന്നും കലയിൽനിന്നും പ്രേക്ഷകരുമായി നമ്മൾ പങ്കിടുന്ന ബന്ധത്തിൽ നിന്നും നമ്മെ വേർതിരിക്കുന്ന ഒരു ഇമേജ് സൃഷ്ടിച്ചേക്കുമെന്നും അവർ കൂട്ടിച്ചേർത്തു.