മുംബൈ: ഭീകരാക്രമണത്തിനിടെ നടന്ന സംഭവങ്ങൾ ഒരിക്കൽകൂടി ഓർത്തെടുത്ത് മുംബൈയിലെ കാമ ആശുപത്രിയിലെ നഴ്‌സായ അഞ്ജലി കുൽത്തെ. തന്റെ ജീവിതത്തിൽ ഒരിക്കൽ പോലും ആ ദിവസം മറക്കാനാവില്ലെന്ന് ആക്രമണത്തിനിടെ 20 ഗർഭിണികളെ രക്ഷിച്ച നഴ്സ് വിവരിക്കുന്നു.
മുംബൈയിലെ കാമ ആശുപത്രിയിലെ നഴ്‌സായ അഞ്ജലി കുൽത്തെയാണ് കഴിഞ്ഞ ദിവസം ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ 26/11 ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓർമകൾ പങ്കുവച്ചത്. കാമ ആശുപത്രിയിൽ പ്രവേശിപ്പിച്ച 20 ഗർഭിണികളെ രക്ഷിക്കാനും ഉയർന്ന രക്തസമ്മർദമുള്ള ഒരു ഗർഭിണിക്ക് സുരക്ഷിതമായ പ്രസവം ഉറപ്പാക്കാനും ഭീകരാക്രമണത്തിനിടെ അഞ്ജലി കുൽത്തെയ്ക്ക് കഴിഞ്ഞിരുന്നു.
സംഭവം നഴ്സ് വിവരിച്ചതിങ്ങനെ-
‘‘നവംബർ 26ന് രാത്രി 9.30 ഓടെയാണ് സിഎസ്ടി റെയിൽവേ സ്റ്റേഷൻ ആക്രമിച്ച ഭീകരർ കാമ ആശുപത്രിയിലേക്കു നീങ്ങുന്നുണ്ടെന്ന വിവരം ലഭിച്ചത്. മിനിറ്റുകൾക്കുള്ളിൽ ആശുപത്രിയുടെ പിൻഭാഗത്തുള്ള ഒരു ലെയിനിൽനിന്നു വെടിയൊച്ചകൾ കേട്ടു. ജനാലയിലൂടെ നോക്കിയപ്പോൾ രണ്ടു ഭീകരർ ഓടുന്നതും പോലീസ് അവർക്കു നേരെ വെടിയുതിർക്കുന്നതും കണ്ടു. തുടർന്നു ഭീകരർ ഗേറ്റ് കടന്ന് ആശുപത്രി വളപ്പിലേക്കു കയറി. രണ്ടു സുരക്ഷാ ജീവനക്കാർക്കു നേരെ വെടിയുതിർത്തു.
ജനാലയ്ക്കരികിൽ ഞങ്ങളെ കണ്ടതോടെ അവർ ഞങ്ങൾക്കു നേരെയും വെടിയുതിർത്തു. ഒപ്പമുണ്ടായിരുന്ന ഒരു നഴ്സിനു പരുക്കേറ്റു. ഉടൻ തന്നെ ഞാൻ അവളെ കാഷ്വാലിറ്റിയിലേക്ക് കൊണ്ടുപോയി. തീവ്രവാദികൾ ആശുപത്രിയിൽ പ്രവേശിച്ചുവെന്ന് ഞാൻ എല്ലാവരോടും വിളിച്ചു പറഞ്ഞു’’ – അഞ്ജലി കുൽത്തെ പറഞ്ഞു.
ഫോണിലൂടെ മുത്തലാഖ്: 30 പവൻ സ്വർണാഭരണങ്ങൾ ഭർത്താവും ബന്ധുക്കളും ഊരിയെടുത്തു,പരാതിയുമായി യുവതി