തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞുകൊന്ന കേസിൽ അമ്മാവനു പിന്നാലെ അമ്മയും അറസ്റ്റിൽ. ഇന്നലെ രാത്രി തമിഴ്നാട് പൊള്ളാച്ചിക്കടുത്ത് നിന്നാണ് ബാലരാമപുരം പോലീസ് ശ്രീതുവിനെ അറസ്റ്റ് ചെയ്തത്. കേസിൽ ഇവരെ രണ്ടാം പ്രതിയായി ചേർത്തു. കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന നിഗമനത്തിലാണ് അറസ്റ്റ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യും.
കഴിഞ്ഞ ജനുവരി 27-നായിരുന്നു ബാലരാമപുരത്ത് അമ്മയും അമ്മാവനും ചേർന്നു രണ്ടുവയസുകാരിയെ അരുംകൊല ചെയ്തത്. ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകൾ ദേവേന്ദുവിനേയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ ശ്രീതുവിന്റെ സഹോദരൻ ഹരികുമാറിനെ മാത്രമായിരുന്നു അന്നു പ്രതിചേർത്ത് അറസ്റ്റ് ചെയ്തിരുന്നത്. ശ്രീതുവിനും സംഭവത്തിൽ പങ്കുണ്ടെന്ന് ഹരികുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വാട്സാപ്പ് ചാറ്റ് ഉൾപ്പെടെ പരിശോധിച്ചിരുന്നു. ഇരുവരും തമ്മിൽ മറ്റൊരു തരത്തിൽ ബന്ധമുണ്ടായിരുന്നുവെന്നും ഇതിന് കുട്ടി തടസമായേക്കാമെന്ന കാരണത്താലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നുമായിരുന്നു പോലീസിന്റെ നിഗമനം.
സംഭവ ദിവസം അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം മുറിയിൽ കിടന്നുറങ്ങുകയായിരുന്ന ദേവേന്ദുവിനെ പുലർച്ചെ കാണാതായെന്നാണ് ആദ്യം പരാതി ലഭിച്ചത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. അമ്മാവൻ ഹരികുമാർ കുട്ടിയെ മുറിയിൽ നിന്ന് എടുത്തുകൊണ്ടുപോയി കിണറ്റിൽ എറിയുകയായിരുന്നു എന്നായിരുന്നു പോലീസിൻ്റെ ആദ്യത്തെ കണ്ടെത്തൽ. പിന്നീട് സാമ്പത്തിക തട്ടിപ്പ് കേസിൽ ശ്രീതു അറസ്റ്റിലായിരുന്നു. പത്ത് പരാതികളാണ് ശ്രീതുവിനെതിരെ പരാതി ലഭിച്ചത്.