കൊച്ചി: ഓരോ രോഗിയുടെയും ക്യാൻസർ കോശങ്ങളുടെ ജൈവഘടന തിരിച്ചറിഞ്ഞുള്ള ‘ട്യൂമർ ബേസ്ഡ് ബയോളജി’ ചികിത്സാരീതിയിലൂടെ രോഗമുക്തി കൂടുതൽ സുഗമമാക്കാമെന്ന് പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. തോമസ് വർഗീസ്. ലോക ക്യാൻസർ ദിനത്തോടനുബന്ധിച്ച് മഞ്ഞുമേൽ സെന്റ് ജോസഫ്‌സ് ആശുപത്രിയിൽ അത്യാധുനിക മോഡുലാർ ഓപ്പറേഷൻ തിയേറ്റർ (OT) സമുച്ചയവും അഡ്വാൻസ്ഡ് കാർഡിയാക് കാത്ത് ലാബും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്രസ്റ്റ് ചെയർമാൻ റവ. ഡോ. അഗസ്റ്റിൻ മുല്ലൂർ ഒ.സി.ഡിയുടെ സാന്നിധ്യത്തിൽ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെട്രോപ്പൊളിറ്റൻ പുതിയ ചികിത്സാ വിഭാഗങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ‘ക്യാൻസറിനേക്കാൾ ശക്തർ’ (Stronger Than Cancer) എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ, രോഗികൾക്ക് വ്യക്തിഗത ചികിത്സാ രീതി (Personalized Medicine) ലഭ്യമാക്കുന്നതിൽ ആശുപത്രി മുൻഗണന നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.
സാക്ഷരതയിൽ മുന്നിലാണെങ്കിലും കേരളം ‘ക്യാൻസർ തലസ്ഥാനമായി’ മാറുന്നത് ഗൗരവകരമാണെന്ന് ഡോ. തോമസ് വർഗീസ് ചൂണ്ടിക്കാട്ടി. “പഴയകാലത്തെ പൊതുവായ ശസ്ത്രക്രിയാ രീതികളിൽ നിന്ന് മാറി ട്യൂമറുകളുടെ തന്മാത്രാ ഘടന വിശകലനം ചെയ്തുള്ള നൂതന ചികിത്സയിലേക്കാണ് വൈദ്യശാസ്ത്രം മാറുന്നത്. കൃത്യതയാർന്ന ഇമ്മ്യൂണോതെറാപ്പി വഴി പാർശ്വഫലങ്ങൾ കുറയ്ക്കാനും ചികിത്സ കൂടുതൽ ഫലപ്രദമാക്കാനും സാധിക്കും,” അദ്ദേഹം പറഞ്ഞു. ചടങ്ങിൽ വെച്ച് അമേരിക്കയിലെ തോമസ് ജെഫേഴ്‌സൺ സർവ്വകലാശാലയുടെ മോളിക്യുലാർ ഓങ്കോളജി സർട്ടിഫിക്കേഷൻ ഡോ. തോമസ് വർഗീസിന് കൈമാറി. അത്യാധുനിക ഇമ്മ്യൂണോതെറാപ്പി ചികിത്സകൾ നൽകാനുള്ള അന്താരാഷ്ട്ര അംഗീകാരമാണിത്.
സ്ത്രീകളിലെ ക്യാൻസർ പരിശോധനകളെക്കുറിച്ച് ഡോ. ഷിജിനി തോമസും, ഭക്ഷണത്തിലെ മായം വരുത്തുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ഡി.വൈ.എസ്.പി ഡോ. ആർ. ജോസും ക്ലാസുകളെടുത്തു. എറണാകുളം ജില്ലയിലെ സാധാരണക്കാർക്കും കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഐ.എം.എ എറണാകുളം പ്രസിഡന്റ് ഡോ. അതുൽ ജോസഫ്, മെഡിക്കൽ സൂപ്രണ്ട് ഡോ. എം.എൻ. വെങ്കിടേശ്വരൻ, ഫാ. ജിൻസൺ റോഡ്രിഗസ്, ഫാ. ലാൽജു പൊളപറമ്പിൽ, ഫാ. അനു പ്രതാപ് തുടങ്ങിയവർ സംബന്ധിച്ചു. ഉദ്ഘാടനത്തിന് ശേഷം സിനിമാ താരം നയന എൽസ, ഗായിക ഭദ്ര രജിൻ എന്നിവരുടെ നേതൃത്വത്തിൽ ശാരീരികക്ഷമത ഉറപ്പാക്കുന്നതിനുള്ള ‘സൂംബ’ സെഷനും നടന്നു.
















































