ചെന്നൈ: ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ഡിഎംകെ ഒറ്റയ്ക്ക് സർക്കാർ രൂപവത്കരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സഖ്യകക്ഷികൾക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടയിലും 2026ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിൽ മത്സരിക്കുമെന്നും രാഹുൽ ഗാന്ധിയുമായി സഹോദരതുല്യമായ അടുപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കോൺഗ്രസുമായി അധികാരം പങ്കുവെക്കുമോ എന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല. ഡിഎംകെ സ്വന്തമായി സർക്കാർ രൂപവത്കരിക്കുമെന്നും 2021നെ അപേക്ഷിച്ച് കൂടുതൽ മുന്നേറ്റം നടത്തുമെന്നും പാർട്ടിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “തമിഴ്നാട്ടിൽ ഡിഎംകെ.-കോൺഗ്രസ് സഖ്യം ശക്തമാണ്. തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കും. നിലവിൽ അധികാരം പങ്കുവെക്കുന്നതിനെക്കുറിച്ച് തർക്കമില്ല,” സ്റ്റാലിൻ പറഞ്ഞു.
ബിജെപിക്കെതിരെ ശക്തമായ ആക്രമണം അഴിച്ചുവിട്ട സ്റ്റാലിൻ, ഡബിൾ എൻജിൻ അല്ല മറിച്ച് ഡബ്ബ എൻജിനാണെന്ന് പരിഹസിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎ നുണകളും വെറുപ്പും വർഗീയ സംഘർഷവും പ്രചരിപ്പിക്കണമെന്ന് സ്റ്റാലിൻ ആരോപിച്ചു. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുമായി അകൽച്ച വർധിപ്പിക്കാൻ എൻഡിഎ ബോധപൂർവം ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഇത്തരം ഭിന്നിപ്പ് രാഷ്ട്രീയത്തിന് സംസ്ഥാനത്ത് സ്ഥാനമില്ലെന്നും സ്റ്റാലിൻ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 234 സീറ്റുകളിൽ 133 എണ്ണം ഡിഎംകെ നേടിയിരുന്നു. സഖ്യകക്ഷിയായി മത്സരിച്ചത് 25 ൽ 18 സീറ്റുകൾ നേടി, പക്ഷേ മന്ത്രിസഭയിൽ സ്ഥാനം ലഭിച്ചില്ല. എന്നാൽ, ഇത്തവണ ശക്തമായ വിലപേശൽ നടത്തുന്നതിനാൽ സഖ്യകക്ഷികൾക്കിടയിൽ ഭിന്നത ഉടലെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് ഡിഎംകെ അടിച്ചമർത്തുന്നതായി ആരോപിച്ച് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുകയും സഖ്യം അധികാരത്തിലെത്തിയാൽ അധികാരം പങ്കുവെക്കുന്നതിനെക്കുറിച്ച് ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.
സഖ്യത്തിലെ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടെ രാഹുൽ ഗാന്ധി കഴിഞ്ഞ മാസം ഡിഎംകെ എം.പി. കനിമൊഴിയെ കണ്ടിരുന്നു. കാബിനറ്റ് സ്ഥാനങ്ങൾ, കൂടുതൽ സീറ്റുകൾ, രാജ്യസഭാ സീറ്റ് എന്നിവ ചർച്ചാ വിഷയമായി. ഫെബ്രുവരി 22 മുതൽ സീറ്റ് വിഹിത ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നാണ് ഡിഎംകെ. നേതൃത്വം അറിയിക്കുന്നത്.
















































