കൊച്ചി: സുസ്ഥിര മാലിന്യ സംസ്‌കരണം സാധ്യമാക്കുന്നതിനായി സിഐഐ ഫൗണ്ടേഷനും ചെല്ലാനം ഗ്രാമപഞ്ചായത്തും ജിഐസി യുമായി സഹകരിച്ചു നടത്തുന്ന ‘ചേലോടെ ചെല്ലാനം’ പദ്ധതിയുടെ ഭാഗമായുള്ള പുതിയ എംആർഎഫ് ഫെസിലിറ്റി (Material Recovery Facility) എറണാകുളം ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ് ഐഎഎസ് ഉദ്ഘാടനം ചെയ്തു. കൊച്ചി എംഎൽഎ കെജെ മാക്‌സി, ചെല്ലാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെഎൽ ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മികച്ച പ്രതികരണമാണ് ‘ചേലോടെ ചെല്ലാനം’ പദ്ധതിക്ക് ജനങ്ങൾ നൽകുന്നത്. സിഐഐ ഫൗണ്ടേഷന്റെ സഹായത്തോടെ നടപ്പിലാക്കിയ പദ്ധതി ചെല്ലാനം നേരിട്ടുകൊണ്ടിരുന്ന മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് സഹായിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് പറഞ്ഞു. പുതിയ എംആർഎഫ് വരുന്നതോടു കൂടി മാലിന്യ വേർതിരിക്കലിനും സംസ്‌കരണത്തിനും വേഗത കൈവരിക്കാൻ കഴിയുമെന്ന് സി ഐ ഐ കേരള ചെയർമാൻ വിനോദ് മഞ്ഞില പറഞ്ഞു. പദ്ധതിയുടെ ഭാഗമായി മാലിന്യ ശേഖരണത്തിനായി നൽകിയ ഇ-കാർട്ട് സേവനം വളരെ സഹായകരമായിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാലിന്യങ്ങൾ അനിയന്ത്രിതമായി പുറം തള്ളുകയും തുറസ്സായ ഇടങ്ങളിൽ കത്തിക്കുകയും ചെയ്യുന്ന പ്രവണത കുറക്കാൻ പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്. ദീർഘകാല മാലിന്യ നിയന്ത്രണ ശീലങ്ങൾ രൂപപ്പെടുത്തുന്നതിനും .മാലിന്യ നിയന്ത്രണ സേവനങ്ങൾ 5,747 വീടുകളിൽ നിന്ന് 7,800 വീടുകളിലേക്ക് വ്യാപിപ്പിക്കുന്നതിനും പദ്ധതിക്ക് കഴിഞ്ഞു. ഈ പ്രവർത്തങ്ങൾ പദ്ധതിക്ക് പൊതുസമൂഹത്തിന്റെ ഇടയിൽ സ്വീകാര്യത്തെ നേടാൻ സഹായിച്ചു.
ആദ്യഘട്ടത്തിൽ ബയോ ബിൻ ഉപയോഗിച്ചിരുന്നത് 50 കുടുംബങ്ങൾ മാത്രമായിരുന്നുവെങ്കിൽ, പദ്ധതിയിലുടനീളം ഈ എണ്ണം 450 ആയി ഉയർത്തുവാൻ കഴിഞ്ഞു. പദ്ധതിയിലൂടെ ഹരിത കർമ്മ സേനാംഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെക്ക് കൊണ്ടുവരുന്നതിനും അവരെ സാമ്പത്തിക ശാക്തീകരണത്തിലേക്ക് കൈപിടിച്ചുയർത്തുന്നതിനും കഴിഞ്ഞു. ഹരിത കർമ്മ സേനാംഗങ്ങളുടെ വാർഷിക വരുമാനം ?4,06,300 വരെ ഉയർത്താൻ കഴിഞ്ഞിട്ടുണ്ട്. സേനാംഗങ്ങളുടെ പ്രവർത്തനക്ഷമത കൂട്ടുന്നതിനും തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് മെഡിക്കൽ പിന്തുണ നൽകാനും പദ്ധതിക്ക് കഴിഞ്ഞു.
മുൻ സിഐഐ ചെയർമാനും സിന്തൈറ്റ് ഇൻഡസ്ട്രീസ് എംഡിയുമായ അജു ജേക്കബ്, സിഐഐ പ്രിൻസിപ്പൽ അഡൈ്വസറും സോഷ്യൽ ഇനിഷിയേറ്റീവ് തലവനുമായ സുനിൽ കുമാർ മിശ്ര, മേരി സിംല ചെല്ലനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, ബേബി തമ്പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് , രഞ്ജിനി.എസ്, ഹരിത കേരളം ജില്ലാ കോർഡിനേറ്റർ, സിമൽ ആന്റണി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ , ശ്രീലത.ജി, സെക്രട്ടറി ചെല്ലാനം ഗ്രാമപഞ്ചായത്ത്, സക്കറിയ ജോയ് കോ-കൺവീനർ സിഐഐ ക്ലീൻ കേരള ആൻഡ് വേസ്റ്റ് മാനേജ്‌മെന്റ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.