വാഷിങ്ടൺ: തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബേൽ സമ്മാനം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നൽകി വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊരിന മച്ചാഡോ. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് മച്ചാഡോ ട്രംപിന് മരിയ നൊബേൽ സമ്മാനം നൽകിയതെന്ന് അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം വെനസ്വേലയെ സംബന്ധിച്ച് ചരിത്രപരമായ ദിവസമാണ് ഇന്ന് എന്നായിരുന്നു ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയുള്ള മച്ചാഡോയുടെ പ്രതികരണം. പ്രസിഡന്റ് ട്രംപിനെ ആശ്രയിക്കാമെന്ന് വൈറ്റ് ഹൗസിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം തന്റെ പിന്തുണക്കാരോട് മച്ചാഡോ പറഞ്ഞു. ഇരുവരും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ചയാണ് ഇന്നലെ നടന്നത്.
അതുപോലെ ട്രൂത്ത് പോസ്റ്റിലൂടെ നൊബേൽ സമ്മാനത്തിന്റെ വിവരം ട്രംപും പങ്കുവെച്ചു. ‘മരിയ കൊരിന മച്ചാഡോയെ കാണാൻ സാധിച്ചത് എനിക്ക് ലഭിച്ച വലിയ ബഹുമതിയാണ്. അവർ ഒരു അസാധ്യ സ്ത്രീയാണ്. ഞാൻ ചെയ്ത പ്രവർത്തികൾ മുൻനിർത്തി മരിയ എനിക്ക് അവരുടെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം കൈമാറി. പരസ്പര ബഹുമാനത്തിന്റെ അത്ഭുതകരമായ പ്രവർത്തിയാണിത്. നന്ദി മരിയ- ട്രംപ് കുറിച്ചു.
അതേസമയം വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക അധിനിവേശത്തിലൂടെ പിടികൂടിയതിന് പിന്നാലെയാണ് ട്രംപും മച്ചാഡോയും തമ്മിലുള്ള കൂടിക്കാഴ്ച. താൻ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാണെന്ന് ട്രംപ് പലപ്പോഴും പ്രതികരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷം പുരസ്‌കാരം മച്ചാഡോയ്ക്ക് ലഭിച്ചപ്പോൾ ട്രംപ് അതൃപ്തി പ്രകടമാക്കുകയും ചെയ്തിരുന്നു.
ട്രംപിന് സമാധാന പുരസ്‌കാരം കൈമാറാൻ താൽപര്യമുണ്ടെന്ന് മച്ചാഡോ കഴിഞ്ഞ ആഴ്ച താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനെതിരെ നൊബേൽ കമ്മിറ്റി രംഗത്തെത്തിയിരുന്നു. ഒരിക്കൽ നൊബേൽ സമ്മാനം പ്രഖ്യാപിച്ച് കഴിഞ്ഞാൽ അത് പിൻവലിക്കാനോ പങ്കുവെക്കാനോ കൈമാറാനോ സാധിക്കില്ലെന്ന് നൊബേൽ കമ്മിറ്റി വ്യക്തമാക്കിയിരുന്നു. നൊബേലിന്റെ തീരുമാനം അന്തിമമായിരിക്കുമെന്നും കമ്മിറ്റി വ്യക്തമാക്കിയിരുന്നു.

















































