കൊച്ചി: ബർഗറിൽ ചിക്കന്റെ അളവ് കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ കുട്ടികൾക്കു നേരെ കത്തി വീശിയ മാനേജർ സൗദി മുണ്ടംവേലി രാമേശ്വരം സ്വദേശി ജോഷ്വായ്ക്കെതിരെ നടപടിയെടുത്ത് ഫാസ്റ്റ് ഫുഡ് ശൃംഖല. എറണാകുളത്തെ ഔട്‌ലെറ്റിൽ മാനേജരായിരുന്ന ജോഷ്വായെ ജോലിയിൽനിന്നും പിരിച്ചുവിട്ടു.
തങ്ങൾക്കു ലഭിച്ച ബർഗറിലൊന്നിൽ ചിക്കൻ കുറവാണെന്ന് കുട്ടികൾ പരാതിപ്പെട്ടപ്പോൾ മാനേജരായ ജോഷ്വാ കത്തികാട്ടി ഭീഷണിപ്പെടുത്തുന്ന വിഡിയോ കഴിഞ്ഞദിവസങ്ങളിൽ വൈറലായിരുന്നു. പിന്നാലെ ഫാസ്റ്റ് ഫുഡ് ശൃംഖലയുടെ മാനേജർക്കെതിരെയും ഇയാളെ മർദിച്ചതിന് നാലു പേർക്കെതിരെയും എറണാകുളം സെൻട്രൽ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
എറണാകുളം എംജി റോഡിൽ കെപിസിസി കവലയിലെ ചിക്കിങ് ഔട്ലെറ്റിൽ ഡിസംബർ 30നായിരുന്നു സംഭവം. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർത്ഥികളുടെ സഹോദരങ്ങളും ചിക്കിങ്ങ് മാനേജറും തമ്മിലാണ് പ്രശ്‌നങ്ങൾ ഉണ്ടായത്. ഭക്ഷണത്തെ കുറിച്ച് പരാതി പറഞ്ഞതിനെ തുടർന്നാണ് ജോഷ്വായുമായി തർക്കമുണ്ടായത്. ഇതിനിടെ, കുട്ടികൾ രംഗങ്ങൾ മൊബൈലിൽ പകർത്തുന്നതിനെ ജോഷ്വാ എതിർത്തു. തുടർന്ന് കുട്ടികൾ തങ്ങൾക്കൊപ്പമുള്ള മുതിർന്നവരെ വിളിച്ചു വരുത്തുകയായിരുന്നു. ഇവർ എത്തിയതോടെയാണു സംഘർഷം രൂക്ഷമായത്. അതേസമയം, കേസുമായി ബന്ധപ്പെട്ട് ഇരു കൂട്ടർക്കുമെതിരെ പരാതി എടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് പോലീസ് കടന്നിട്ടില്ല. ജോഷ്വ ആശുപത്രി മോചിതനായ ശേഷമായിരിക്കും ഇക്കാര്യത്തിലുള്ള നടപടികളെന്നുമാണ് അറിയുന്നത്.



















































