മൈസൂരു: പാലക്കാട്ടുനിന്ന് കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിനെത്തിയ പത്താം ക്ലാസ് വിദ്യാർഥിനിയെ ചിക്കമഗളൂരുവിൽ കാണാതായി. പാലക്കാട് കടമ്പഴിപുറത്തെ രമേശിന്റെ മകൾ ശ്രീനന്ദ(15)യെയാണ് ചൊവ്വാഴ്ച വൈകീട്ടോടെ കാണാതായത്. 40-ഓളം കുടുംബാംഗങ്ങളുടെ സംഘത്തിലെ അംഗമായിരുന്നു ശ്രീനന്ദ.
ബാബാബുഡാൻ ഗിരികുന്നിലെ മാണിക്കധാര വെള്ളച്ചാട്ടം കാണാനെത്തിയപ്പോൾ വൈകീട്ട് 5.30-ഓടെയാണ് കുട്ടിയെ കാണാതായത്. തുടർന്ന് കുടുംബാംഗങ്ങളും വനം ജീവനക്കാരും പോലീസും ബുധനാഴ്ച പുലർച്ചെവരെ തിരച്ചിൽനടത്തി. പുലർച്ചെ 4.30-വരെ തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നും രാവിലെ ദുരന്തനിവാരണ സംഘങ്ങളും ചേർന്ന് വ്യാപക തിരച്ചിൽ ആരംഭിച്ചതായി ചിക്കമഗളൂരു പോലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാർ ദയാമ അറിയിച്ചു.


















































