നടൻ രവി മോഹന്റേയും (ജയം രവി) ആരതി രവിയുടേയും വിവാഹമോചനവുമായി ബന്ധപ്പെട്ട വാർത്തകൾ ഇപ്പോൾ തമഴകത്ത് ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. സോഷ്യൽ മീഡിയകൾ ആഘോഷിക്കുകയാണ് ഇരുവരുടേയും വാർത്തകൾ. പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുവരും നേരത്തേ രംഗത്തെത്തിയിരുന്നു. രവി മോഹൻ വീട്ടിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചുവെന്നുമാണ് ആരതിയുടെ ആരോപണം. തന്നെ ആരതി ശാരീരികമായും മാനസികമായും ദ്രോഹിച്ചുവെന്നും മക്കളെ കാണാൻ അനുവദിച്ചില്ലെന്നും പിന്നാലെ രവി മോഹനും ആരോപിച്ചിരുന്നു. ഇതിനെല്ലാം പുറമേ, തങ്ങളുടെ ബന്ധം തകരാൻ കാരണം മൂന്നാമതൊരാളാണെന്ന് ഗായിക കെനിഷ ഫ്രാൻസിസിനെ ഉദ്ദേശിച്ച് ആരതി തുറന്നടിച്ചു. അങ്ങനെ പരസ്പരം കൊണ്ടും കൊടുത്തും ഇരുവരും മുന്നോട്ടുപോകവെ, ഇപ്പോഴിതാ ഇരുവരുടേയും വാക്‌പോരിന് അറുതിവരുത്തിയിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി.
ഇനി വിവാഹ മോചനക്കേസ് തീരുന്നതുവരെ രവി മോഹനും ആരതി രവിയും ഇനി പരസ്പരം അപകീർത്തികരമായ പരസ്യ പ്രസ്താവനകൾ നടത്തരുതെന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. തനിക്കെതിരെയുള്ള അപകീർത്തികരമായ പ്രസ്താവനകളിൽ നിന്ന് സംരക്ഷണം തേടി രവി മോഹൻ സമർപ്പിച്ച ഹർജിയിലാണ് കോടതി റൂളിങ് നടത്തിയത്. ഇരുവരുടേയും വിവാഹമോചന നടപടികൾ തുടരുന്നതിനിടെയാണ് കോടതി പരസ്യ പ്രസ്താവനകൾ വിലക്കുന്നത്. രണ്ട് കക്ഷികളും മാന്യത പാലിക്കണമെന്നും കോടതി വ്യക്തമാക്കി.
അതേസമയം ആരതി രവിയും അമ്മ സുജാത വിജയകുമാറും തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതിനെതിരെ ഇൻജക്ഷൻ ആവശ്യപ്പെട്ടുകൊണ്ടാണ് രവി മോഹൻ ഹൈക്കോടതിയെ സമീപിച്ചത്. ഗായിക കെനിഷ ഫ്രാൻസിസിനൊപ്പം രവി മോഹൻ ഒരു വിവാഹത്തിൽ പങ്കെടുത്തതിന് പിന്നാലെയാണ് രവി-ആരതി ശീതയുദ്ധം തുടങ്ങിയത്. ഇരുവരും ഒന്നിച്ച് വിവാഹത്തിനെത്തിയതിന് പിന്നാലെയാണ് ഇവർ പ്രണയത്തിലാണെന്ന അഭ്യൂഹം പ്രചരിച്ചതും വിവാഹമോചനവാർത്തകൾ വെള്ളിവെളിച്ചത്തിൽ നിറഞ്ഞുനിൽക്കാൻ തുടങ്ങിയതും.
വിവാഹമോചനവുമായി ബന്ധപ്പെട്ട് രവി മോഹനും ആരതി രവിയും കഴിഞ്ഞയാഴ്ച ചെന്നൈയിലെ കുടുംബകോടതിയിൽ ഹാജരായിരുന്നു. വിവാഹബന്ധം തുടരാൻ തനിക്ക് താത്പര്യമില്ലെന്ന് രവി അന്ന് വ്യക്തമാക്കി. കൂടാതെ ആരതി ജീവനാംശമായി പ്രതിമാസം 40 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും വിവിധ തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആരതിയുടെ ആവശ്യം നിരസിക്കണമെന്ന് രവി മോഹൻ കോടതിയോട് അഭ്യർഥിച്ചു. കേസ് ജൂൺ 12-ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.
അതേസമയം രവിയോടും ആരതിയോടും പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കാനായി മധ്യസ്ഥ ചർച്ചയിൽ പങ്കെടുക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ, ഇരുവരും ഇതിന് താത്പര്യം കാണിക്കുകയോ സിറ്റിങ്ങിൽ പങ്കെടുക്കുകയോ ചെയ്തില്ല. ഇതോടെയാണ് മധ്യസ്ഥശ്രമങ്ങൾ പരാജയപ്പെട്ടതായി അധികൃതർ കോടതിയെ അറിയിച്ചത്. തുടർന്ന് വിവാഹമോചന വാദം പുനരാരംഭിച്ചു. വീഡിയോ കോൺഫറൻസിങ് വഴിയാണ് രവിയും ആരതിയും ഹാജരായത്. ഫെബ്രുവരി 15-നായിരുന്നു ഇതിനു മുമ്പ് കോടതി ഈ കേസിൽ വാദം നടന്നത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് താനും ആരതിയും തമ്മിലുള്ള വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്ന് രവി മോഹൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. എന്നാൽ തന്റെ അറിവോ സമ്മതമോ കൂടാതെയാണ് വിവാഹമോചനത്തെ കുറിച്ച് രവി പ്രഖ്യാപനം നടത്തിയതെന്നും ഈ തീരുമാനം തീർത്തും ഏകപക്ഷീയമാണെന്നും ആരതി പിന്നീടു വ്യക്തമാക്കിയിരുന്നു.