കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകൾ എപ്പോഴും നിർണായകമാണ്. 1994-ലെ 73, 74 ഭരണഘടനാ ഭേദഗതികൾ പ്രകാരം പഞ്ചായത്ത് രാജ്, നഗരസഭാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയതിന്റെ ഭാഗമായി 1995-ൽ ആദ്യമായി നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വൻ വിജയം നേടിയിരുന്നു. അഞ്ച് വർഷങ്ങൾക്ക് ശേഷം, 2000 സെപ്തംബർ 23-നും 25-നും ഇരുഘട്ടങ്ങളായാണ് അടുത്ത തെരഞ്ഞെടുപ്പ് നടന്നത്.
വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ ഇടതും വലതും തമ്മിൽ ഏതാണ്ട് തുല്യമായിരുന്നു ഫലം. ഒരു മുന്നണിക്കും വ്യക്തമായ ആധിപത്യം ലഭിച്ചില്ല. കേരളത്തിന്റെ തദ്ദേശഭരണ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ മിക്കവാറും എല്ലാ തവണയും ഇടത് പക്ഷത്തിന് കൃത്യമായ മേൽക്കൈ ലഭിക്കാറാണ് പതിവ്. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ മാത്രമാണ് അതിനൊരപവാദമായി യുഡിഎഫ് ഒപ്പത്തിനൊപ്പം എത്തിയത്. ആ അർത്ഥത്തിൽ ഈ തെരഞ്ഞെടുപ്പ് കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ വലിയ അപൂർവതയുള്ള തെരഞ്ഞെടുപ്പായിരുന്നു എന്ന് തന്നെ പറയാം.
നമുക്ക് ആദ്യമായി തെരഞ്ഞെടുപ്പിന്റെ പാശ്ചാത്തലം പരിശോധിക്കാം.
1995-ലെ തെരഞ്ഞെടുപ്പിൽ LDF ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ഭൂരിപക്ഷം നേടി. അത് 1996-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ LDF-ന് വൻ ഭൂരിപക്ഷത്തിൽ അധികാരം നൽകുന്നതിലേക്ക് നയിച്ചിരുന്നു. എന്നാൽ, കേരളത്തിന്റെ പരമ്പരാഗത ‘ആന്റി ഇൻകംബൻസി’ പ്രവണത പ്രകാരം 2001-ൽ UDF അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. 2000-ലെ തദ്ദേശ തെരഞ്ഞെടുപ്പ് ഈ പ്രവണതയുടെ സൂചനയായിരുന്നു.
അന്ന് കേരളത്തിൽ ഏകദേശം 990 ഗ്രാമപഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ, 58 മുനിസിപ്പാലിറ്റികൾ, 5 കോർപ്പറേഷനുകൾ എന്നിവയായിരുന്നു ഉണ്ടായിരുന്നത്. മുൻ വർഷത്തിൽ 3 കോർപറേഷനുകൾ ആയിരുന്നെങ്കിൽ ഇത്തവണ തൃശ്ശൂർ, കൊല്ലം എന്നിവ കൂടി കോർപറേഷൻ പദവിയിലേക്ക് ഉയർത്തപ്പെട്ടു.
വോട്ടർമാരുടെ എണ്ണം ഏകദേശം 2 കോടിയോളം വന്നു. പ്രധാന മുന്നണികൾ CPI(M) നേതൃത്വത്തിലുള്ള LDF, കോൺഗ്രസ് നേതൃത്വത്തിലുള്ള UDF, BJP എന്നിവയായിരുന്നു. BJP-യ്ക്ക് അന്ന് തദ്ദേശഭരണത്തിൽ കാര്യമായ സ്വാധീനമുണ്ടായിരുന്നില്ല. ഇത്രയുമായിരുന്നു തെരഞ്ഞെടുപ്പ് പാശ്ചാത്തലം.
തെരഞ്ഞെടുപ്പ് പ്രക്രിയയും പ്രചാരണവും നോക്കാം.
തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടന്നു. ആദ്യ ഘട്ടം തെക്കൻ ജില്ലകളിലും രണ്ടാം ഘട്ടം വടക്കൻ ജില്ലകളിലും. വോട്ടെടുപ്പ് ശതമാനം ഉയർന്നതായിരുന്നു – ഏകദേശം 75-80% വരെ. പ്രചാരണത്തിൽ ദേശീയ- സംസ്ഥാന രാഷ്ട്രീയം അധികം കടന്നുവന്നില്ല. പ്രധാനമായും പ്രാദേശിക വിഷയങ്ങളായ കുടിവെള്ളം, റോഡ്, ആരോഗ്യം, വികസന ഫണ്ട് വിനിയോഗം എന്നിവ ആയിരുന്നു ചർച്ചാവിഷയം.
LDF അന്നത്തെ EK നായനാർ സർക്കാരിന്റെ നേട്ടങ്ങളായി ജനകീയ ആസൂത്രണം, ഭരണ വികേന്ദ്രീകരണം എന്നിവ ഉയർത്തിക്കാട്ടി. UDF മറുഭാഗത്ത് LDF സർക്കാരിനെതിരെ അഴിമതി ആരോപണങ്ങളും സാമ്പത്തിക പ്രതിസന്ധിയും ഉന്നയിച്ചു. ചാരായ നിരോധനത്തെത്തുടർന്ന് വ്യാപകമായ വ്യാജ മദ്യം അന്ന് കേരളത്തിലെ ഒരു പ്രധാന വിഷയമായിരുന്നു. കല്ലുവാതുക്കൽ മദ്യ ദുരന്തം പോലുള്ള സംഭവങ്ങൾ സർക്കാരിനെതിരായ ജന വികാരം ഉണരാൻ കാരണമായി. അതുപോലെ ചാരായം നിരോധിച്ചതോടെ ആ മേഖലയിൽ ജോലി ചെയ്തിരുന്നവരെ പുനരധിവസിപ്പിക്കുന്നതിൽ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടതും പൊതുവായ സർക്കാർ വിരുദ്ധ വികാരം ഉണ്ടാക്കി.
ഇതോടൊപ്പമോ, അതിനെക്കാളേറെയോ പ്രാധാന്യമുള്ളതായിരുന്നു സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി. പലപ്പോഴും ട്രഷറി അടച്ചിടേണ്ട സാഹചര്യം നിരന്തരം ഉണ്ടായത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇപ്പോഴത്തെ സർക്കാരും സമാന സാഹചര്യങ്ങളിലൂടെയാണ് പോകുന്നതെങ്കിലും കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി ഒരു പ്രതിരോധം ഉയർത്താൻ ആവുന്നുണ്ട്. എന്നാൽ അന്നത്തെ എൽഡിഎഫ് സർക്കാർ കാലത്ത് മൂന്നാം മുന്നണി സർക്കാർ ആയിരുന്നു 2 വർഷത്തോളം എന്നതിനാൽ അതും പറയാനാവുമായിരുന്നില്ല. ഇത്തരത്തിൽ വലിയൊരു ഭരണ വിരുദ്ധ വികാരത്തിനിടയിലാണ് 2000 ൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
അടുത്തതായി തെരഞ്ഞെടുപ്പ് ഫലം എന്തായിരുന്നു എന്ന് നോക്കാം.
2000-ലെ തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത ഏതാണ്ട് LDF-ഉം UDF-ഉം തദ്ദേശസ്ഥാപനങ്ങളുടെ എണ്ണത്തിൽ ഏതാണ്ട് തുല്യരായി എന്നതാണ്.
ആദ്യം ഗ്രാമപഞ്ചായത്തുകൾ നോക്കാം.
ഏകദേശം 990-ൽ പകുതിയോളം LDF-നും പകുതി UDF-നും. കൃത്യമായ കണക്കുകൾ പ്രകാരം LDF ചെറിയ ലീഡ് നേടിയെങ്കിലും വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നില്ല. മുൻ തെരഞ്ഞെടുപ്പിൽ 990 ൽ 700 ൽ അധികമാണ് LDF നേടിയിരുന്നത്. ബ്ലോക്ക് പഞ്ചായത്തുകളുടെ കാര്യമെടുത്താൽ ഇവിടെയും സമാനമായ അവസ്ഥയായിരുന്നു. ജില്ലാ പഞ്ചായത്തുകൾ 14-ൽ 7 എണ്ണം LDF-നും ബാക്കി 7 എണ്ണം UDF-നും. ഇതിൽ ചിലതിൽ സ്വതന്ത്രരുടെ പിന്തുണയോടെയാണ് ഭരണം രൂപീകരിച്ചത്.
മുനിസിപ്പാലിറ്റികളിൽ UDF ചെറിയ മുൻതൂക്കം കാട്ടി. എന്നാൽ കോർപ്പറേഷനുകളിൽ 5-ൽ LDF 3-ഉം UDF 2-ഉം ആണ് നേടിയത്.
മൊത്തത്തിൽ, തദ്ദേശസ്ഥാപനങ്ങളുടെ എണ്ണത്തിൽ LDF-ഉം UDF-ഉം ഏതാണ്ട് തുല്യരായിരുന്നു. BJP-യ്ക്ക് അപൂർവ്വം ചില വാർഡുകളിൽ മാത്രം വിജയം നേടാനായി. ഈ ഫലം തുടർന്ന് നടക്കാനുള്ള കേരള അസംബ്ലി തെരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ സാഹചര്യത്തെ പ്രതിഫലിപ്പിച്ചു. LDF സർക്കാരിനെതിരായ അതൃപ്തി ഈ തെരഞ്ഞെടുപ്പിൽ UDF-ന് പ്രയോജനപ്പെട്ടു, പക്ഷേ LDF-ന്റെ ഗ്രാമീണ അടിത്തറ പൂർണമായി ഇല്ലാതാക്കാൻ UDF-ന് കഴിഞ്ഞില്ല എന്നത് വാസ്തവം തന്നെയാണ്.
തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നിവടങ്ങളിൽ UDF മുൻതൂക്കം നേടി. മധ്യ കേരളത്തിലെ ജില്ലകളായ കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നിവിടങ്ങളിൽ ഏകദേശം തുല്യ നിലയിൽ ആയിരുന്നു ഇരു മുന്നണികളും. എന്നാൽ വടക്കൻ ജില്ലകളായ പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിടങ്ങളിൽ LDF ചെറിയ മുൻതൂക്കം നേടി. കണ്ണൂർ ജില്ലയിൽ LDF ആധിപത്യം പ്രകടവുമായിരുന്നു.
ഇനി ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യാഘാതങ്ങൾ കൂടി നോക്കാം.
2000-ലെ ഈ ഫലം 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് വഴിയൊരുക്കി. എകെ ആന്റണിയുടെ നേതൃത്വത്തിൽ UDF 99 സീറ്റുകൾ നേടിയാണ് അധികാരത്തിലെത്തിയത്. LDF 40 ലേക്ക് ഒതുങ്ങി. ഒരർത്ഥത്തിൽ തദ്ദേശ ഫലം ശരിക്കും ‘സെമി ഫൈനൽ’ ആയി മാറി.
2005 ലെ തെരഞ്ഞെടുപ്പിനെക്കുറിച്ച് നമുക്ക് അടുത്ത ഭാഗത്തിൽ സംസാരിക്കാം. 2000 ലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച നിങ്ങളുടെ ഓർമകൾ കമന്റിൽ പങ്കു വെക്കൂ. എല്ലാവർക്കും നന്ദി.


















































