കോഴിക്കോട്: കൊയിലാണ്ടിയിൽ ക്ഷേത്രഉത്സവത്തിനിടെ ആനയിടഞ്ഞ് മരിച്ച ലീലയുടെ സ്വർണാഭരണങ്ങൾ കാണാനില്ലെന്ന് ആരോപിച്ച് കുടുംബം. മൃതദേഹത്തിൽനിന്ന് ലീല ധരിച്ചിരുന്ന സ്വർണമാലയും കമ്മലുകളും കാണാനില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം. നാല് പവനോളം വരുന്ന സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. പോലീസിൽ പരാതി നൽകുമെന്ന് ലീലയുടെ സഹോദരൻ ശിവദാസൻ വ‍്യക്തമാക്കി.
കഴിഞ്ഞ വ‍്യാഴാഴ്ചയായിരുന്നു കൊയിലാണ്ടി മനക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ട് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്നുപേര്‍ മരിച്ചത്. കുറുവങ്ങാടി സ്വദേശികളായ ലീല, അമ്മുക്കുട്ടി, രാജൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ 30 പേർക്ക് പരുക്കേറ്റിരുന്നു. ഇതിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളെജിൽ കഴിയുന്ന 12 പേരിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്.
















































