അഹമ്മദാബാദ്: ബലാത്സംഗം ചെയ്യപ്പെടാതിരിക്കാൻ സ്ത്രീകൾ വീട്ടിലിരിക്കണമെന്ന് ആഹ്വാനവുമായി അഹമ്മദാബാദ് ട്രാഫിക് പോലീസിന്റെ പോസ്റ്ററുകൾ. സംഭവം വൻവിവാദമായതോടെ തങ്ങളല്ല ഇതിനു പിന്നിലെന്ന് പോലീസ്. അഹമ്മദാബാദ് ട്രാഫിക് പോലീസ് സുരക്ഷാ പ്രചാരണ പദ്ധതിയുടെ ഭാഗമായി ഇറക്കിയ പോസ്റ്ററുകളാണ് വിവാദമായത്.
‘രാത്രി വൈകിയുള്ള പാർട്ടികളിൽ പങ്കെടുക്കരുത്, നിങ്ങൾ ബലാത്സംഗം ചെയ്യപ്പെടുകയോ കൂട്ടബലാത്സംഗത്തിന് ഇരയാകുകയോ ചെയ്യാം. നിങ്ങളുടെ സുഹൃത്തിനൊപ്പം ഇരുണ്ടതും ഒറ്റപ്പെട്ടതുമായ സ്ഥലങ്ങളിലേക്ക് പോകരുത്, അവൾ ബലാത്സംഗം ചെയ്യപ്പെടുകയോ കൂട്ടബലാത്സംഗത്തിന് ഇരയാകുകയോ ചെയ്താൽ എന്തുചെയ്യും?’ തുടങ്ങിയ വാചകങ്ങളുള്ള പോസ്റ്ററുകളാണ് റോഡിന്റെ ഡിവൈഡറുകളിൽ പതിച്ചിരുന്നത്.
എന്നാൽ വിവാദമായതോടെ പിന്നീട് ഇവ നീക്കം ചെയ്തു. ഇതിനിടെ അഹമ്മദാബാദ് പോലീസ് പോസ്റ്ററുകൾ തങ്ങളുടേതല്ലെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞത് മറ്റൊരു വിവാദം കൂടി സൃഷ്ടിച്ചു. നഗരത്തിലെ ട്രാഫിക് പോലീസ് റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പോസ്റ്ററുകളാണ് സ്‌പോൺസർ ചെയ്തതെന്നും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടവയല്ലെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ നീത ദേശായി വ്യക്തമാക്കി. സതർക്കത ഗ്രൂപ്പ് എന്ന എൻജിഒ ആണ് ട്രാഫിക് പോലീസിന്റെ അനുമതിയില്ലാതെ വിവാദ പോസ്റ്ററുകൾ നിർമ്മിച്ചതെന്നും അവർ അവകാശപ്പെട്ടു.
‘തങ്ങൾ സ്‌കൂളുകളിലും കോളേജുകളിലും ട്രാഫിക് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും തങ്ങളുടെ സ്റ്റാഫ് അവരെ അനുഗമിക്കണമെന്നും ആവശ്യപ്പെട്ട് എൻജിഒ ഞങ്ങളെ സമീപിച്ചിരുന്നു. തുടർന്നു ട്രാഫിക് ബോധവൽക്കരണവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ ഞങ്ങളെ കാണിച്ചു. എന്നാൽ ഇത്തരത്തിലുള്ള വിവാദ പോസ്റ്ററുകൾ അതിൽ ഞങ്ങൾ കണ്ടില്ല, ഞങ്ങളുടെ സമ്മതമില്ലാതെയാണ് അവ പതിച്ചത്.’ നിത ദേശായി പറഞ്ഞു. പിന്നീടു വിഷയം ശ്രദ്ധയിൽപ്പെട്ടയുടൻ പോസ്റ്ററുകൾ നീക്കം ചെയ്തതായും അവർ കൂട്ടിച്ചേർത്തു.
അതേസമയം ഗുജറാത്തിലെ ബിജെപി സർക്കാർ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുണ്ടെങ്കിലും യാഥാർത്ഥ്യം തികച്ചും വ്യത്യസ്തമാണെന്നു ആംആദ്മി പ്രതികരിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ, ഗുജറാത്തിൽ 6,500-ലധികം ബലാത്സംഗങ്ങളും 36-ലധികം കൂട്ടബലാത്സംഗങ്ങളും നടന്നിട്ടുണ്ട്, ദിവസേന അഞ്ചിലധികം ബലാത്സംഗങ്ങൾ നടക്കുന്നുവെന്നും ആം ആദ്മി പാർട്ടി പറഞ്ഞു.