എറണാകുളം: പെരുമ്പാവൂരിൽ ട്വന്‍റി 20 സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ടത് മുതൽ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളാണ് നടി ലക്ഷ്മിപ്രിയക്കെതിരെ ഉയരുന്നത്. വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാത്തതിനാൽ പിന്നീട് നടിക്ക് സ്ഥാനാർഥിത്വം പിൻവലിക്കേണ്ടിവന്നു. വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാനാകുമോയെന്ന് തിരക്കിട്ട പരിശോധന നടത്തിയെങ്കിലും അത് പ്രാവർത്തികമായില്ല.
പകരം സ്ഥാനാർഥിയായി മുൻ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റ് ജിബി പാത്തിക്കലിനെ മത്സരിപ്പിക്കാൻ എൻ.ഡി.എ തീരുമാനിച്ചു. ലക്ഷ്മിപ്രിയയെ വിമർശിച്ചും പരിഹസിച്ചും പ്രചരിക്കുന്ന വാർത്തകൾക്കെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി. അധിക്ഷേപം ചൊരിയുന്നവര്‍ക്കെതിരെ കൃത്യമായ നിയമനടപടി സ്വീകരിക്കുമെന്ന് ലക്ഷ്മിപ്രിയ താക്കീത് നൽകി.
‘ഞാൻ ജീവിച്ചിരിക്കുന്ന ചുറ്റുപാടിനോ എന്റെ ചുറ്റിലും ഉള്ള പലതരം മനുഷ്യർക്കോ നാളിതുവരെ യാതൊരു ഉപദ്രവവും എന്റെ ഓർമ്മയിൽ എന്നെക്കൊണ്ട് ഉണ്ടായിട്ടില്ല എന്നതാണ് എന്റെ വിശ്വാസം. പകരം എല്ലാവരെയും ഉള്ള് തുറന്നു സ്നേഹിക്കുകയും ചേർത്തു പിടിക്കുകയും ചെയ്തിട്ടുണ്ട്. എന്റെ വരുമാനത്തിൽ നിന്നും എന്നെക്കൊണ്ട് ആവും പോലെ സഹായം ആവശ്യമുള്ളവരെ സഹായിക്കുകയും ചെയ്യുന്നുണ്ടെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു. ചെറുപ്പം മുതൽ സ്വർണ്ണ സ്പൂണിൽ കോരി ആരും ഒന്നും തന്നിട്ടില്ല. അതൊട്ട് ആരിൽ നിന്നും ആഗ്രഹിയ്ക്കുകയും പ്രതീക്ഷിക്കുകയും ചെയ്തിട്ടുമില്ല.. ആഗ്രഹം തോന്നിയതൊക്കെ സ്വയം അധ്വാനിച്ചു നേടി. ഒന്നും ഏറെ വേണം എന്ന അത്യാഗ്രഹവും ഇല്ല. ലഭിച്ച എല്ലാത്തിലും നന്ദിയും കൃതാർത്ഥതയും ഉള്ളവളാണ്.
എന്റെ സൗഹൃദങ്ങളിൽ എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഉള്ളവരുണ്ട്. ജാതിയും മതവും നോക്കി മനുഷ്യരോട് നാളിതുവരെ ഇടപെട്ടിട്ടില്ല. സൗഹൃദത്തിൽ എല്ലാ മതസ്ഥരുമുണ്ട്. വിശ്വാസികളും അവിശ്വാസികളും ഉണ്ട്. ആണും പെണ്ണും ട്രാൻസ് മനുഷ്യരും ഉണ്ട്. ആരുടേയും ജാതിയും മതവും രാഷ്ട്രീയവും ജന്ററും വിശ്വാസ അവിശ്വാസപരമായതൊന്നും സൗഹൃദങ്ങളിൽ മാനദണ്ഡമായിട്ടില്ല. മേൽപ്പറഞ്ഞ കാര്യങ്ങൾ ഒക്കെയും ഒരു വ്യക്തിക്ക് ഭരണഘടന നൽകുന്ന സ്വാതന്ത്ര്യങ്ങൾ ആണ്. അത് ഈ എനിക്കും ബാധകമാണ്.
പിന്നെ മനുഷ്യന്റെ അടിസ്ഥാനപരമായ നിലപാടുകളെയും വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ചും ഘോര ഘോരം പ്രസംഗിക്കുന്ന നിങ്ങൾക്ക് എങ്ങനെയാണ് എന്റെ മേലെ ഇത്രയധികം സൈബർ ബുള്ളിയിങ് അഴിച്ച് വിടാൻ സാധിക്കുന്നത്? കേവലം രാഷ്ട്രീയ വ്യത്യാസത്തിന്റെ പേരിലും മതത്തിന്റെ അന്തരത്തിന്റെ പേരിലും ചില പ്രത്യേക മതസ്ഥരുടെ നിലവിളിയാണ് പേജുകളിൽ. അല്ലാതെ ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത നിങ്ങൾ — ഒരുപക്ഷേ ഇനി ഒരിക്കലും തമ്മിൽ കാണാൻ പോലും സാധ്യതയില്ലാത്ത നിങ്ങൾ ഇത്ര മാത്രം അധിക്ഷേപിക്കാൻ രാഷ്ട്രീയവും മതവും അല്ലാത്തതൊന്നും കാരണങ്ങൾ അല്ല. എന്നോട് മറ്റ് ശത്രുത ഉണ്ടാവാനുള്ള കാരണങ്ങളുമില്ല.
ഒരു കാര്യത്തിൽ വളരെ സന്തോഷമുണ്ട്. ഈ നാട്ടിലെ മതേതരരെക്കാണാൻ എന്റെ ഫേസ്ബുക് പേജിന്റെയോ ഞാനുമായി ബന്ധപ്പെട്ട വാർത്തകളുടെയോ ചുവടെ പോയാൽ മാത്രം മതി.
റിയാക്ഷൻ വീഡിയോസ് ചെയ്തു, ക്ലിക് ബൈറ്റ്ന് വേണ്ടി മോശം തമ്പ് ലൈൻ ഉണ്ടാക്കി കഞ്ഞി കണ്ടെത്തുന്ന യൂ ട്യൂബർമാർക്കും ലക്ഷ്മി പ്രിയ നല്ല ഒരു ഇരയാണ്.. ഈ പ്രസക്ത സുഹൃത്തുക്കളുടെ അറിവിലേക്ക് ഇനിയും ഇതൊരു തുടർക്കഥയാക്കുന്നു എങ്കിൽ തീർച്ചയായും അർഹമായ നിയമ നടപടി സ്വീകരിക്കുന്നതാണെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.













































