തിരുവനന്തപുരം: ഒന്നടങ്ങി, വീണ്ടും സജീവമായ കോണ്‍ഗ്രസ് പുനഃസംഘടന സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നേതൃയോഗം ഇടപെട്ടതോടെ ദ്രുതഗതിയിലായി. കെപിസിസിയില്‍ പുനഃസംഘടന ഉടന്‍ വേണമെന്ന് ദീപ ദാസ് മുന്‍ഷി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചതായാണ് വിവരം. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി ഹൈക്കമാന്‍ഡിന് കൈമാറി. കേരളത്തിലെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് റിപ്പോര്‍ട്ട് കൈമാറിയത്.
അതേസമയം കേരളത്തില്‍ പുതിയ കെപിസിസി അധ്യക്ഷനെ മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിക്കുമെന്നാണ് വിവരം. പുനഃസംഘടനയില്‍ ഉയര്‍ന്നുവന്നിട്ടുളള എതിര്‍പ്പുകള്‍ ഹൈക്കമാന്‍ഡ് പരിഗണിച്ചേക്കില്ല. എറണാകുളം, തൃശൂര്‍, കണ്ണൂര്‍, മലപ്പുറം ഒഴികെയുളള ജില്ലകളിലെ ഡിസിസി അധ്യക്ഷന്മാര്‍ മാറും.
നാളെ ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ നേതാക്കളെ കാര്യങ്ങള്‍ ബോധിപ്പിക്കുമെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍?ഗെയും കേരളത്തില്‍ നിന്നുളള പ്രധാന നേതാക്കളെ നാളെ പ്രത്യേകം കാണുമെന്നും റിപ്പോര്‍ട്ടുണ്ട്. ഐക്യത്തോടെ മുന്നോട്ട് പോകണം എന്ന് നേതാക്കളോട് ആവശ്യപ്പെട്ടേക്കും. പിന്നാലെ പുനഃസംഘടന പട്ടിക പുറത്ത് വിടുമെന്നാണ് വിവരം.
എന്നാല്‍ നാളെ നടക്കുന്ന യോഗത്തില്‍ കെ സി വേണുഗോപാല്‍ പങ്കെടുത്തേക്കില്ല. സംസ്ഥാനത്തെ സംഘടനാ കാര്യങ്ങളില്‍ സംഘടനാ ജനറല്‍ സെക്രട്ടറിയായ കെ സി വേണുഗോപാല്‍ അമിതമായി ഇടപെടുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കെ സി വേണുഗോപാല്‍ പങ്കെടുക്കാത്തതെന്നാണ് വിവരം.
യോഗത്തിന് ശേഷം കേരളത്തില്‍ നിന്നുള്ള കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തുമെന്ന സൂചനയുമുണ്ട്. കേരളത്തില്‍ സംഘടനയില്‍ സമൂല മാറ്റം വേണമെന്ന കനഗോലു റിപ്പോര്‍ട്ടും ഹൈക്കമാന്‍ഡിന് മുന്നിലുണ്ട്. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റി പകരം അടൂര്‍ പ്രകാശ്, ബെന്നി ബെഹനാന്‍ എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ടെന്നാണ് വിവരം.
അതേസമയം കെ.പി.സി.സി അധ്യക്ഷനെ മാറ്റുന്നതു സംബന്ധിച്ച ഒരു ചര്‍ച്ചയും ഇവിടെയോ ഡല്‍ഹിയിലോ നടക്കുന്നില്ല. മിനിയാന്ന് കെ.പി.സി.സി യോഗം കഴിഞ്ഞതേയുള്ളൂ. ഇന്നലെ രാവിലെ മുതലാണ് വാര്‍ത്തകള്‍ വന്നത്. വാര്‍ത്ത എവിടെ നിന്നാണ് കിട്ടിയതെന്ന് മാധ്യമങ്ങളാണ് പറയേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. കേരളത്തിന്റെ മാത്രം യോഗമല്ല ഡല്‍ഹിയില്‍ നടക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ബീഹാര്‍, ബംഗാള്‍, അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ യോഗങ്ങള്‍ ഡല്‍ഹിയില്‍ വിവിധ ദിവസങ്ങളിലായി നടക്കും. ഇതൊക്കെ അറിയാമായിരുന്നിട്ടും കേരളത്തില്‍ എന്തോ പ്രശ്നമുള്ളതുകൊണ്ട് നേതാക്കളെ വിളിപ്പിച്ചെന്ന തരത്തിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന എല്ലാ സംസ്ഥാനങ്ങളിലെ നേതാക്കളെയും എ.ഐ.സി.സി ഡല്‍ഹിക്ക് വിളിപ്പിക്കാറുണ്ട്. എന്നിട്ടും കോണ്‍ഗ്രസില്‍ എന്തോ പ്രശ്നമാണെന്ന തരത്തില്‍ ഓരോ മാധ്യമങ്ങളും ഓരോ ദിവസങ്ങളിലും വാര്‍ത്തകള്‍ നല്‍കുകയാണ്. ഞങ്ങളുടെ കൂട്ടത്തില്‍ ഒരു തര്‍ക്കവുമില്ല. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകള്‍ യു.ഡി.എഫും കോണ്‍ഗ്രസും നടത്തിക്കൊണ്ടിരിക്കുകായാണ്. തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേട്ടമുണ്ടായി. തിരിച്ചടിയുണ്ടായിരുന്നത് എല്‍.ഡി.എഫിനാണെന്നും സതീശന്‍ പ്രതികരിച്ചു.