ന്യൂഡൽഹി: തദ്ദേശ തെരഞ്ഞെടുപ്പിൽ കുത്തകയായിരുന്ന ചെങ്കോട്ട തകർത്ത് തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി പിടിച്ചെടുത്തതിൽ നന്ദിയറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘നന്ദി തിരുവനന്തപുരം’ എന്നാണ് പ്രധാനമന്ത്രി എക്സിൽ കുറിച്ചത്. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-എൻഡിഎ സഖ്യത്തിന് ലഭിച്ച ഭൂരിപക്ഷം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമാണ്. സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങൾ നിറവേറ്റാൻ ബിജെപിക്ക് മാത്രമേ കഴിയൂ എന്ന് ജനങ്ങൾക്ക് ഉറപ്പുണ്ട്. കേരളം എൻഡിഎഫിനെയും യുഡിഎഫിനെയും മടുത്തു. എൻഡിഎയിൽ നിന്നാണ് ജനം സദ്ഭരണം പ്രതീക്ഷിക്കുന്നത്. ഊർജ്ജസ്വലമായ നഗരത്തിന്റെ വളർച്ചയ്ക്കായി ബിജെപി പ്രവർത്തിക്കും. വികസിത കേരളം എന്ന ഹാഷ്ടാഗ് സഹിതമാണ് മോദി ട്വീറ്റ് ചെയ്തത്.
അതേസമയം ചരിത്രം കുറിച്ചുകൊണ്ടാണ് തിരുവനന്തപുരത്ത് ബിജെപിയുടെ മുന്നേറ്റമുണ്ടായത്. 100 ൽ 50 സീറ്റിലാണ് ബിജെപി ജയിച്ചത്. എന്നാൽ വിഴിഞ്ഞം ഡിവിഷനിൽ തെരഞ്ഞെടുപ്പ് നടന്നില്ല. സ്ഥാനാർഥി മരിച്ചതിനാലാണ് ഇവിടെ വോട്ടെടുപ്പ് നടക്കാതിരുന്നത്. നിലവിൽ കേവലഭൂരിപക്ഷത്തിനു ഒരു സീറ്റ് അകലെയാണ് ഇവിടെ ബിജെപി നിൽകുന്നത്. അതിനാൽ കോർപറേഷനിൽ കേവല ഭൂരിപക്ഷം തൊടാൻ ഇവിടെ ബിജെപിക്ക് ജയിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ ജയിച്ച രണ്ട് സ്വതന്ത്രരെ ഒപ്പം കൂട്ടണം. മറുവശത്ത് ഭരണം നഷ്ടമായ ഇടതുപക്ഷം 29 സീറ്റുകളിലാണ് ജയിച്ചത്. യുഡിഎഫ് 19 സീറ്റിലും നേടി.
My gratitude to the people across Kerala who voted for BJP and NDA candidates in the local body polls in the state. Kerala is fed up of UDF and LDF. They see NDA as the only option that can deliver on good governance and build a #VikasitaKeralam with opportunities for all.
— Narendra Modi (@narendramodi) December 13, 2025


















































