കൊച്ചി: പാതിവില തട്ടിപ്പുകേസിലെ പ്രതി അനന്തു കൃഷ്ണൻ കൊടിയുടെ നിറം നോക്കാതെ നേതാക്കൾക്കൾക്കു നൽകിയ തിരഞ്ഞെടുപ്പ് ഫണ്ട് വിവരങ്ങൾ പോലീസിനു ലഭിച്ചു. എറണാകുളം, ഇടുക്കി ജില്ലകളിലെ ചെറുതും വലുതുമായ അൻപതോളം രാഷ്ട്രീയക്കാരുടെ ‘പൊളിറ്റിക്കൽ ഫണ്ടർ’ അനന്തുവാണെന്നു പൊലീസ് കണ്ടെത്തി. പല പരിപാടികളും സ്പോൺസർ ചെയ്തതിനു പുറമേ, തിരഞ്ഞെടുപ്പു ഫണ്ടായും പണം നൽകി. മുൻനിര പാർട്ടികളെയെല്ലാം ബാധിക്കുന്ന കേസായതിനാൽ പണം വാങ്ങിയവരുടെ പട്ടിക പോലീസ് പുറത്തുവിട്ടിട്ടില്ല.
ചോദ്യം ചെയ്യാനായി അനന്തുവിനെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം നടത്തിയ തെളിവെടുപ്പിലാണ് പണമിടപാടു രേഖകൾ ലഭിച്ചത്. ആർക്കെല്ലാം എപ്പോഴെല്ലാം എത്ര വീതം പണം കൊടുത്തുവെന്നതിന്റെ കൃത്യമായ രേഖകൾ സൂക്ഷിച്ചിരുന്നു. എൻജിഒ കോൺഫെഡറേഷൻ ചെയർമാൻ കെഎൻ ആനന്ദകുമാറിന് മാസം 10 ലക്ഷം രൂപ വീതം നൽകിയതായും അനന്തു പോലീസിനു മൊഴി നൽകി.
കൂടാതെ ഉദ്യോഗസ്ഥർക്കു പണം നൽകിയതിന്റെ രേഖകളും അനന്തു പേലീസിനു കൈമാറി. വെള്ളിയാഴ്ച രാവിലെ തുടങ്ങിയ പരിശോധന തുടരുകയാണ്. കൃത്യമായ തെളിവുകൾ ലഭിച്ചതിനാൽ പണം വാങ്ങിയവരെ ചോദ്യം ചെയ്യാതെ അന്വേഷണം പൂർത്തിയാക്കാൻ കഴിയില്ല. ആർക്കെല്ലാമാണു തട്ടിപ്പിൽ നേരിട്ടു പങ്കാളിത്തമുള്ളതെന്നും പരിശോധിക്കണം. തട്ടിപ്പാണെന്നു മനസ്സിലാക്കിത്തന്നെ അനന്തുവിനെ സഹായിച്ച നേതാക്കളെയും തിരിച്ചറിയേണ്ടതുണ്ട്. സാമ്പത്തിക വഞ്ചനാക്കുറ്റങ്ങളിൽ പ്രതിചേർക്കാൻ തട്ടിപ്പിലെ കൂട്ടുത്തരവാദിത്തം പ്രധാനമാണ്. തട്ടിപ്പിന്റെ വിശദാംശങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി), സെൻട്രൽ ഇക്കണോമിക് ഇന്റജിലൻസ് ബ്യൂറോയും ആദായനികുതി വിഭാഗവും പരിശോധിക്കുന്നുണ്ട്.
മലയാളിയായ ജീവകാരുണ്യ പ്രവര്‍ത്തകന്‍ യുഎഇയില്‍ മരിച്ചു
അതുവരെയായിട്ട് കുറഞ്ഞത് അനന്തു കൃഷ്ണൻ 800 കോടി രൂപയെങ്കിലും തട്ടിച്ചതായാണു പോലീസിന്റെ പ്രാഥമിക അനുമാനം. പൊലീസ് ഈരാറ്റുപേട്ടയിലും തൊടുപുഴയിലും തെളിവെടുപ്പു നടത്തി. ചോദ്യം ചെയ്യലും തെളിവെടുപ്പും ഏറക്കുറെ പൂർത്തിയാക്കിയതിനാൽ കേസ് ക്രൈംബ്രാഞ്ചിനു കൈമാറുന്ന ഉത്തരവ് ഉടൻ ഇറങ്ങും. അനന്തു അടക്കമുള്ളവർക്കെതിരെ 153 കേസുകൾ റജിസ്റ്റർ ചെയ്തു. 600 പരാതികൾ ലഭിച്ചു. കൂടുതൽ കേസുകൾ ഇടുക്കിയിലാണ് – 34, പരാതികൾ തൊടുപുഴയിൽ – 585.