കായംകുളം: വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. കായംകുളം സ്വദേശിയും വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരെയാണ് പരാതി. കൊല്ലം സ്വദേശിയായ 25കാരിയാണ് പരാതി നൽകിയത്.
ഏപ്രിൽ നാലിനാണ് യുവതി അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് പരിക്കേറ്റവരെ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വാഹനത്തിൽ കയറ്റുന്നതിനിടെ മാറിടത്തിൽ കടന്നുപിടിച്ചുവെന്നാണ് പരാതി.
യുവതി ആശുപത്രിയിൽ എത്തിയ സമയത്ത് തന്നെ അവിടെ വിവരം പറയുകയും തുടർന്ന് പോലീസിനെ അറിയിക്കുകയും ചെയ്തു. തുടർന്ന് മൊഴിയെടുത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തെങ്കിലും തുടർനടപടികളുണ്ടായില്ല. ആരോപണവിധേയനായ സിനിൽ സബാദിനെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷം വിട്ടയച്ചു. ഇത്തരമൊരു കേസായതിനാൽ കോടതി ഇടപെട്ട് നേരിട്ട് മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നാണ് പോലീസ് പറയുന്നത്.
’’ അയാളുടെ ചെയ്തതിന്റെ വേദനയിൽ ഞാൻ നിലവിളിക്കുകയായിരുന്നു. മറ്റുള്ളവർ കരുതിയത് വാഹനാപകടത്തിലേറ്റ പരിക്കിന്റെ വേദനമൂലം നിലവിളിക്കുന്നുവെന്നാണ്. സംഭവത്തിനുശേഷം എനിക്ക് ഉറങ്ങാനാകുന്നില്ല. വല്ലാത്തൊരു അവസ്ഥയിലാണ് ഞാൻ. അതിക്രമം നടത്തിയയാളെ പിടികൂടാനോ എന്നെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാനോ പോലീസ് തയ്യാറായിട്ടുമില്ല’’; യുവതി പറഞ്ഞു.
‘പെട്ടി ഓട്ടോയിൽ ആശുപത്രിയിലെത്തിക്കാനേ വഴിയുണ്ടായിരുന്നുള്ളൂ. അത് അല്പം ദൂരെയായിരുന്നു നിർത്തിയിരുന്നത്. പെട്ടിഓട്ടോയിലെത്തിയയാൾ എന്റെ കാൽഭാഗത്തും പ്രതിയായ ആൾ എന്റെ തോളിന്റെ ഭാഗത്തും പിടിച്ച് എടുത്താണ് വാഹനത്തിലേക്ക് കൊണ്ടുപോയത്. ഈ സമയത്ത് അയാൾ എന്നെ ലൈംഗികമായി അക്രമിക്കുകയായിരുന്നു. വേദനയെടുത്ത് ഞാൻ വിളിക്കുന്നുണ്ടായിരുന്നു. എന്നാൽ, കാൽഭാഗത്ത് തൂക്കിയ ആൾ കരുതിയത് ഞാൻ അപകടത്തിൽ പറ്റിയ പരിക്കുമൂലം നിലവിളിക്കുന്നുവെന്നാണ്.
തുടർന്ന് ആശുപത്രിയിലെത്തിയപ്പോൾ അവിടെ കൂടിയവരോട് ഇയാൾ ആരാണെന്ന് ഞാൻ ചോദിച്ചു. അവരാണ് പറഞ്ഞത് കായംകുളത്തെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദാണെന്ന്. ഇതിനുപിന്നാലെ സിനിൽ എത്തി എത്രയും പെട്ടന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറണമെന്നും നടന്നത് പുറത്തുപറയരുതെന്നും ഭീഷണിപ്പെടുത്തി. പിന്നീട് എക്സ്‌റേയെടുക്കാൻ എത്തിയപ്പോൾ ടെക്‌നീഷ്യനാണ് എന്റെ ശരീരത്തിലെ പാടുകൾ കണ്ടത്. അവരോട് ഞാൻ കാര്യങ്ങൾ വിശദീകരിച്ചു. അവർ ഡോക്ടറോട് കാര്യങ്ങൾ പറയുകയും തുടർന്ന് പോലീസിനെ അറിയിക്കുകയുമായിരുന്നു.
എന്നാൽ, വനിതാഡോക്ടർ ഇല്ലാതിരുന്നതിനാൽ മറ്റു പരിശോധനകൾ നടത്തിയില്ല. ഇതിനിടെ പോലീസെത്തി കാര്യങ്ങൾ ആരാഞ്ഞു. അടുത്ത ദിവസം രാവിലെ പോലീസ് സ്റ്റേഷനിലെത്താനും പറഞ്ഞു. ആ സമയത്തും സിനിൽ സബാദിനുവേണ്ടി സുഹൃത്തുക്കൾ എന്റെ സുഹൃത്തിനോട് സാമ്പത്തികവാഗ്ദാനം നടത്തിയിരുന്നു. 25 ലക്ഷം രൂപവരെ അവർ നൽകുമെന്ന് പറഞ്ഞതായും കൂട്ടുകാരി പറഞ്ഞു.
അടുത്ത ദിവസം രാവിലെ കായംകുളം പോലീസ് സ്റ്റേഷനിലെത്തിയിട്ടും വൈദ്യപരിശോധന നടത്താനോ തന്റെ മൊഴി രേഖപ്പെടുത്താനോ പോലീസ് തയ്യാറായില്ല. ഉച്ചയോടെയാണ് എഫ്.ഐ.ആർ. രജിസ്റ്റർചെയ്തത്. ഇതിനിടെ കായംകുളത്തെ ഒരു സ്വർണവ്യാപാരി സിനിൽ സബാദിനുവേണ്ടി പണം വാഗ്ദാനംചെയ്തു’’ -യുവതി പറഞ്ഞു.
എന്നാൽ, സംഭവംകഴിഞ്ഞ് മുങ്ങിയ സിനിൽ തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് സമയത്ത് സജീവമായി രംഗത്തുണ്ടായെന്ന് മനസ്സിലാക്കാനായി. എന്നിട്ടും പോലീസ് അയാളെ കസ്റ്റഡിയിലെടുത്തില്ല. തുടർന്ന് ശനിയാഴ്ചവരെ ഞാൻ കായംകുളം പോലീസിൽ അന്വേഷിച്ചിട്ടും തുടർനടപടികളുണ്ടായില്ല. പരാതി പരിശോധിച്ചുവരുകയാണെന്നാണ് അവർ പറയുന്നത്. സിനിൽ സബാദിന്റെ സുഹൃത്ത് എന്റെ കൂട്ടുകാരിയോട് പണം വാഗ്ദാനംചെയ്ത ശബ്ദസന്ദേശം ഞാൻ സൂക്ഷിച്ചിട്ടുണ്ട്” -യുവതി പറഞ്ഞു.

















































