ബെംഗളൂരു∙ കർണാടക പോലീസിന് നാണക്കേട് വരുത്തി ഓഫിസിനുള്ളിലെ ഡിജിപിയുടെ ലീലാവിലാസങ്ങൾ പുറത്ത്. സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെന്റിൻറെ ചുമതല വഹിക്കുന്ന ഡിജിപി ആർ. രാമചന്ദ്ര റാവു ഓഫിസിലെത്തിയ യുവതികളെ ചുംബിക്കുന്നതിന്റെയും കെട്ടിപ്പിടിക്കുന്നതിന്റെയും ഒളിക്യാമറ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കപ്പെടുകയാണ്.
ഓഫിസ് സമയത്ത് ക്യാബിനിലെത്തിയ യുവതികളെയാണ് ഡിജിപി ചുംബിക്കുന്നതായാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഓഫിസിനുള്ളിൽ നിന്നുതന്നെ ചിത്രീകരിച്ച ദൃശ്യമാണിതെന്ന് വീഡിയോ നോക്കിയാൽ മനസിലാകും. ഒന്നിലധികം സ്ത്രീകളുമായുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വീഡിയോ പുറത്തുവന്നതിനു പിന്നാലെ ഡിജിപി രാമചന്ദ്ര റാവു ആഭ്യന്തര മന്ത്രി ജി. പരമേശ്വരയുടെ വീട്ടിലെത്തിയെങ്കിലും ഡിജിപിയെ കാണാൻ മന്ത്രി തയാറായില്ല.
തനിക്കെതിരെയുള്ള വീഡിയോ കെട്ടിച്ചമച്ചതാണെന്നാണ് റാവുവിന്റെ വാദം. അതേസമയം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ പരാതി നൽകുമെന്ന് രാമചന്ദ്ര റാവു അറിയിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടു. ഒരു വർഷം മുൻപ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നതെന്നാണ് വിവരം.
അതേസമയം 1993 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥാനായ രാമചന്ദ്ര റാവുവിൻറെ വളർത്തു മകൾ രന്യ റാവുവിനെ 2025 ൽ സ്വർണ കടത്തുകേസിൽ റവന്യു ഇൻറലിജൻസ് അറസ്റ്റ് ചെയ്തിരുന്നു. വിമാനത്താവളത്തിലെ പരിശോധന മറികടക്കാൻ സഹായിച്ചെന്നു കണ്ടെത്തിയതിനെ തുടർന്നു കഴിഞ്ഞ വർഷം സർക്കാർ രാമചന്ദ്രറാവുവിനോട് നിർബന്ധിത അവധിയെടുക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. അവധി പൂർത്തിയാക്കി അടുത്തിടെയാണ് രാമചന്ദ്ര റാവു സർവീസിൽ തിരിച്ചെത്തിയത്. ഈ വർഷം മേയിൽ സർവീസിൽനിന്നു വിരമിക്കാനിരിക്കെയാണു ഒളിക്യാമറ ദൃശ്യങ്ങളും പുറത്തുവന്നിരിക്കുന്നത്.













































