മടിക്കേരി: കുടക് ജില്ലയില്‍ ട്രെക്കിങ്ങിനിടെ കണ്ണൂര്‍ സ്വദേശിനിയായ ഐടി പ്രൊഫഷണലിനെ കാണാതായി. കൊച്ചിയില്‍ ജോലി ചെയ്യുന്ന ശരണ്യയെ (36) ആണ് കഴിഞ്ഞ രണ്ട് ദിവസമായി വനമേഖലയില്‍ കാണാതായത്. വനംവകുപ്പും പോലീസും നാട്ടുകാരും സംയുക്തമായി വ്യാപകമായ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഏപ്രില്‍ രണ്ടിനാണ് ശരണ്യ കുടകിലെ യാവകപടി എന്ന ഗ്രാമത്തില്‍ എത്തിയത്.
അവിടെയുള്ള ഒരു ഹോംസ്റ്റേയില്‍ താമസിച്ച ശേഷം ഒറ്റയ്ക്കാണ് ഇവര്‍ ട്രെക്കിങ്ങിന് ഇറങ്ങിയത്. വനംവകുപ്പിന്റെ ചെക്ക് പോസ്റ്റില്‍ തിരിച്ചറിയല്‍ രേഖകളും ഫോണ്‍ നമ്പറും നല്‍കിയാണ് ശരണ്യ കാട്ടിലേക്ക് പ്രവേശിച്ചത്. ഇവര്‍ ട്രെക്കിങ് റൂട്ടിലേക്ക് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍, തിരികെ ഇറങ്ങിയതായി യാതൊരു രേഖകളുമില്ല. കാണാതാകുന്നതിന് തൊട്ടുമുമ്പ് ശരണ്യ ഫോണില്‍ സംസാരിച്ചിരുന്നതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും വനത്തിനുള്ളിലെ കുത്തനെയുള്ള പാതകള്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. പ്രദേശത്തെ പ്രതികൂല കാലാവസ്ഥയും നിബിഡ വനവും തിരച്ചിലിന് വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. ശരണ്യയെ കണ്ടെത്താന്‍ ഡ്രോണുകളുടെ സഹായവും പോലീസ് തേടിയിട്ടുണ്ട്.














































