തിരുവനന്തപുരം: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കെസിബിസി. സംഭവത്തിൽ സഭയ്ക്ക് വേദനയും പ്രതിഷേധവുമുണ്ടെന്ന് കെസിബിസി അധ്യക്ഷൻ കർദിനാൾ ക്ലിമിസ് പറഞ്ഞു. സ്വതന്ത്ര ജീവിതത്തിലുള്ള കടന്നുകയറ്റമാണ്. ചോദ്യം ചെയ്യപ്പെടുന്നത് മത സ്വാതന്ത്ര്യമാണെന്നും രാജ്യത്തിന്റെ ഭരണഘടനയെ വെല്ലുവിളിക്കുന്ന നടപടിയാണെന്നും ക്ലിമിസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നീതി നടപ്പാക്കണം. ന്യായം തിരികെ കൊണ്ടുവരണം. മതന്യൂനപക്ഷങ്ങൾക്ക് എല്ലാ സ്വാതന്ത്ര്യവും കിട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയാണ്. ഭരണാധികാരികൾ സംസാരിക്കണം. പറയുന്നതിൽ ഉറച്ചുനിൽക്കണം. മറ്റ് സംസ്ഥാനങ്ങളിലും സമാനമായ സ്ഥിതി കാണുന്നുണ്ട്. ഇത് ആവർത്തിക്കാതിരിക്കാൻ ഉള്ള നടപടി എടുക്കുന്നില്ല. ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ ഇല്ലാത്ത അനുഭവം ചില സംസ്ഥാനങ്ങളിൽ ഉണ്ടാകുകയാണ്. ബിജെപിക്ക് എത്ര നിലപാട് ഉണ്ടെന്നറിയില്ല. ഇപ്പോൾ ഉണ്ടായ നടപടി തെറ്റാണെന്നും കെസിബിസി അധ്യക്ഷൻ പറഞ്ഞു.