കോട്ടയം: സ്കൂൾ ഹോസ്റ്റലിൽ ജൂനിയർ വിദ്യാർഥികളുടെ ആക്രമണത്തിൽ ചെവി മുറിഞ്ഞു പോയ വിദ്യാർഥിക്ക് അധ്യാപകരും ഹോസ്റ്റൽ വാർഡനും ചേർന്ന് ചികിത്സ വൈകിച്ചെന്ന് പരാതി. കുന്നംകുളം മോഡൽ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ ഹോസ്റ്റലിലെ താമസക്കാരനായ പ്ലസ് ടു വിദ്യാർഥിയുടെ കുടുംബമാണ് പരാതിയുമായി ചൈൽഡ് ലൈനെ സമീപിച്ചത്. ചെവിയുടെ ഒരു ഭാഗം അടർന്നു പോയ 17 കാരൻ പ്ലാസ്റ്റിക് സർജറിക്ക് ശേഷം വീട്ടിൽ വിശ്രമത്തിലാണ്.
മദ്യ ലഹരിയിൽ പിതാവ് 13 കാരനെ ക്രൂരമായി മർദ്ദിച്ചു, മർമ്മ ഭാഗത്തും തുടയിലും വയറിലും ബെൽറ്റ് കൊണ്ട് അടിച്ചു, പ്രതി അറസ്റ്റിൽ
ഈ മാസം പതിനെട്ടിന് രാത്രിയാണ് സംഭവം. കുന്നംകുളം മോഡൽ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ ഹോസ്റ്റലിൽ ജൂനിയർ വിദ്യാർഥികൾ പ്ലസ് ടു വിദ്യാർഥിയായ പതിനേഴുകാരനെ മർദിക്കുകയായിരുന്നു. പത്താം ക്ലാസുകാരായ ജൂനിയർ വിദ്യാർഥികളുടെ ആക്രമണത്തിൽ പതിനേഴുകാരൻറെ ഇടതു ചെവിയുടെ ഒരു ഭാഗം മുറിഞ്ഞു പോയി. എന്നാൽ ഗുരുതരമായി പരുക്കേറ്റിട്ടും ഇക്കാര്യം സ്കൂൾ ഹോസ്റ്റലിൻറെ ചുമതലയുണ്ടായിരുന്ന വാർഡൻ ഉൾപ്പെടെയുളളവർ മറച്ചു വച്ചെന്നാണ് കുടുംബത്തിൻറെ പരാതി. ഹോസ്റ്റലിൽ ഉണ്ടായ ആക്രമണത്തിൻറെ വിവരം പുറത്തറിയാതിരിക്കാൻ സ്കൂൾ അധികൃതർ നുണ പറഞ്ഞെന്നും ആരോപണമുണ്ട്. സ്കൂൾ അധികൃതരുടെ വീഴ്ച കാരണം കുട്ടിക്ക് പ്ലാസ്റ്റിക് സർജറി ചെയ്യാൻ മൂന്നു ദിവസം വൈകിയെന്നും കുടുംബം ആരോപിക്കുന്നു.
അതേസമയം ഹോസ്റ്റലിലുണ്ടായ ആക്രമണത്തിൽ സന്തോഷം രേഖപ്പെടുത്തിയ ജൂനിയർ വിദ്യാർഥികളിൽ ഒരാൾ പങ്കുവച്ച ശബ്ദ സന്ദേശവും പ്രചരിക്കുന്നുണ്ട്. ആക്രമണത്തിൻറെ ദൃശ്യങ്ങളുണ്ടെങ്കിൽ അത് റീലായി പ്രചരിപ്പിക്കാമെന്നായിരുന്നു ശബ്ദ സന്ദേശത്തിൻറെ ഉളളടക്കം. കുടുംബത്തിൻറെ പരാതിയുടെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ അധികൃതർ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. എന്നാൽ കുട്ടികൾ തമ്മിലുണ്ടായ സംഘർഷത്തെ പറ്റി യഥാസമയം അറിഞ്ഞിരുന്നില്ലെന്നും പരുക്കേറ്റ നിലയിൽ ഹോസ്റ്റലിൽ കണ്ട വിദ്യാർഥിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് ചികിൽസ നൽകിയിരുന്നെന്നുമാണ് ചുമതലയിലുണ്ടായിരുന്ന ഹോസ്റ്റൽ വാർഡൻ പ്രതികരിച്ചത്.