കാസർഗോഡ്: മോഷണ ആരോപണം ഉയർന്നതിന് പിന്നാലെ യുവതി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസിന്റെ വാദം തള്ളി കുടുംബം. പൊലീസിന്റെ ഭാഗത്ത് നിന്ന് മകൾക്ക് കടുത്ത മാനസിക സമ്മർദം നേരിടേണ്ടിവന്നുവെന്ന് ജസീലയുടെ മാതാവ് പറഞ്ഞു. ചോദ്യം ചെയ്യൽ കഴിഞ്ഞ് കരഞ്ഞുകൊണ്ടാണ് ജസീല ഇറങ്ങിവന്നതെന്നും മാതാവ് പറഞ്ഞു. സംഭവത്തിൽ നിയമ പോരാട്ടം തുടരുമെന്നും മാതാവ് പറഞ്ഞു. ജസീല നേരിട്ടത് കടുത്ത അപമാനമാണെന്നും മാതാവ് ആരോപിച്ചു.
ഒരു പരാതി എഴുതി വാങ്ങാൻ പോലും ആദൂർ പൊലീസ് തയ്യാറായില്ല. മാല നഷ്ടപ്പെട്ടവർക്കൊപ്പാണ് പൊലീസും ഭർതൃവീട്ടുകാരും നിന്നത്. മാല മോഷ്ടിച്ചുവെന്ന് പറഞ്ഞ് അവർ ഇവിടെ വന്ന് പ്രശ്നമുണ്ടാക്കി. മാല മോഷ്ടിച്ചുവെന്ന് നാട്ടിലാകെ പറഞ്ഞുനടന്നുവെന്നും ജസീലയുടെ മാതാവ് പറഞ്ഞു.
വ്യാജ മോഷണക്കുറ്റം ആരോപിച്ചതിൽ മനംനൊന്താണ് ജസീല ആത്മഹത്യ ചെയ്തതെന്നും വനിതാ പൊലീസ് ഇല്ലാതെയാണ് ചോദ്യം ചെയ്യൽ നടന്നതെന്നും കുടുംബം നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു നാലത്തടുക്ക സ്വദേശിനി ജസീലയാണ് (24 ) ജീവനൊടുക്കിയത്. മോഷണക്കുറ്റം ആരോപിച്ചതിൽ മനംനൊന്തായിരുന്നു ജസീല ആത്മഹത്യ ചെയ്തത്. ആത്മഹത്യക്ക് മുൻപായി തന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് ഒരു വീഡിയോ ജസീല പകർത്തിയിരുന്നു.














































