ഡമാസ്കസ്: ദക്ഷിണ സിറിയയിലെ സുവൈദ പ്രവിശ്യയിൽ സർക്കാർ സേനയ്ക്കെതിരെ പോരാടുന്ന ഡ്രൂസ് ഗോത്രവിഭാഗത്തെ പിന്തുണയ്‌ക്കാൻ സിറിയയിൽ ഇസ്രയേൽ ആക്രമണം. സിറിയൻ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനത്തിനു നേരെയാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ അഞ്ച് സുരക്ഷാസൈനികർ മരിച്ചു. 18 പേർക്കെങ്കിലും പരുക്കേൽക്കുകയും ചെയ്‌തതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം സുവൈദയിലെ വിഭാഗീയ അക്രമത്തിന്റെ പ്രത്യാഘാതങ്ങൾ ഡമാസ്കസിലേക്ക് എത്തുന്നതിനിടെയായിരുന്നു ഇസ്രയേൽ സേന സിറിയൻ സൈനിക ആസ്ഥാനം ആക്രമിച്ചത്. അതുപോലെ സിറിയൻ പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിനു സമീപം ഇസ്രയേൽ ബോംബാക്രമണം നടത്തിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. സിറിയൻ പ്രതിരോധ മന്ത്രാലയത്തിലേക്കുള്ള പ്രവേശന കവാടത്തിനു സമീപമാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യവും അറിയിച്ചിട്ടുണ്ട്.
കൂടാതെ സംഘർഷം തുടങ്ങിയതിനുശേഷം തെക്കൻ സിറിയയിൽ സർക്കാരിന്റെ സേനയുടെ വാഹനവ്യൂഹങ്ങൾക്ക് നേരെ ഇസ്രയേൽ തുടർച്ചയായി വ്യോമാക്രമണം നടത്തുകയും അതിർത്തിയിൽ സൈന്യത്തെ ശക്തിപ്പെടുത്തുകയും ചെയ്തതായും റിപ്പോർട്ട്.
“സിറിയയിലെ ഡമാസ്കസ് പ്രദേശത്തുള്ള സിറിയൻ ഭരണകൂടത്തിന്‍റെ സൈനിക ആസ്ഥാനത്തിന്‍റെ കവാടത്തിൽ ഐഡിഎഫ് ആക്രമണം നടത്തി” എന്നാണ് ഇസ്രയേൽ പ്രതിരോധ സേന എക്സിൽ കുറിച്ചത്. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും സൈന്യം അറിയിച്ചു. സിറിയൻ സേനയുടെ ടാങ്കുകളെ ഉന്നമിട്ട് ഇസ്രയേലും വ്യോമാക്രമണം നടത്തി.
അതേസമയം, ഡമാസ്കസിനു നേരെയുള്ള ഇസ്രയേൽ ആക്രമണങ്ങൾ സമാധാനം ഉറപ്പാക്കാനുള്ള സിറിയയുടെ ശ്രമങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് തുർക്കി വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ഇതിനിടെ ബുധനാഴ്ച വൈകീട്ട് സിറിയൻ ആഭ്യന്തര മന്ത്രാലയം സുവൈദയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു. വെടിനിർത്തൽ ഉടനടി പ്രാബല്യത്തിൽ വരുമെന്ന് ഡ്രൂസ് ആത്മീയനേതാവ് ഷെയ്ഖ് യൂസുഫ് ജർബുയും സ്ഥിരീകരിച്ചു.
സംഘർഷത്തിൽ സുവൈദയിലെ ഗോത്രസംഘർഷത്തിൽ 250 പേർ കൊല്ലപ്പെട്ടെന്നാണു യുദ്ധനിരീക്ഷകരായ സിറിയൻ ഒബ്സർവേറ്ററിയുടെ കണക്ക്. ഇതിൽ 135 സൈനികരുമുൾപ്പെടുന്നു. സുന്നികളായ ബിദൂൻ ഗോത്രവും ഇസ്മായിലി ഷിയാ ഗോത്രമായ ഡ്രൂസുകളും തമ്മിലുള്ള സംഘർഷത്തിൽ ബിദൂൻ പക്ഷത്ത് സിറിയൻ സർക്കാർ ചേർന്നതോടെയാണ് ഡ്രൂസുകൾക്കുവേണ്ടി ഇസ്രയേൽ ഇടപെടൽ നടത്തുന്നത്.
ഒരു എൻജിൻ തകരാറിലായി.., ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി… സാങ്കേതിക തകരാർ മാത്രമെന്ന് കമ്പനി