ഇറാന്റെ സമീപത്ത് സൈനിക വിന്യാസം ശക്തമാക്കി യുഎസ്!! 24 മണിക്കൂറിനുള്ളിൽ വിന്യസിപ്പിച്ചത് F-22, F35, F16 ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ 50-ൽ അധികം യുദ്ധവിമാനങ്ങൾ, ചർച്ചയിൽ പുരോഗതി- യുഎസ്
വാഷിങ്ടൺ: ഇറാനുമായി ആണവ കരാർ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടെ മിഡിൽ ഈസ്റ്റിൽ യുഎസ് വ്യോമ-നാവിക സാന്നിധ്യം വർധിപ്പിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50-ലധികം യുഎസ് യുദ്ധവിമാനങ്ങൾ പശ്ചിമേഷ്യൻ മേഖലയിൽ വിന്യസിച്ചതായി അമേരിക്കൻ മാധ്യമമായ Axios റിപ്പോർട്ട് ചെയ്തു. F-35, F-22, F-16 തുടങ്ങിയ ഫൈറ്റർ ജെറ്റുകൾ ഇതിനകം തന്നെ മേഖലയിൽ എത്തിച്ചേർന്നിട്ടുണ്ട്. അതേസമയം, ചൊവ്വാഴ്ച ജനീവയിൽ നടന്ന യുഎസ്–ഇറാൻ ആണവ ചർച്ചകളിൽ പുരോഗതി ഉണ്ടായതായി യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ ഇനിയും നിരവധി കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാകാനുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
അണവക്കരാർ ചർച്ചകൾ ഈ മാസം ആദ്യം മസ്കറ്റിൽ നടന്ന ആദ്യ റൗണ്ടിനെക്കാൾ കൂടുതൽ ക്രിയാത്മകമായിരുന്നുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗ്ചി അറിയിച്ചു. പുതിയ ആണവ കരാറിനായുള്ള മാർഗ്ഗനിർദ്ദേശ തത്വങ്ങളിൽ ഇരുപക്ഷവും ധാരണയിലെത്തിയതായും അദ്ദേഹം പറഞ്ഞു. ഇതേസമയം, ജനുവരി അവസാനം യുഎസ് തന്റെ വിമാനവാഹിനിയായ യുഎ്എസ് എബ്രഹാം ലിങ്കണിനെ അറേബ്യൻ കടലിലേക്ക് അയച്ചിരുന്നു. ഫെബ്രുവരി ആദ്യവാരം ജോർദാനിലെ Muwaffaq Salti Air Base ലേക്ക് F-15 യുദ്ധവിമാനങ്ങൾ, MQ-9 റീപ്പർ ഡ്രോണുകൾ, A-10C തണ്ടർബോൾട്ട് II ഗ്രൗണ്ട് അറ്റാക്ക് വിമാനങ്ങൾ എന്നിവയും എത്തിച്ചതായി BBC റിപ്പോർട്ട് ചെയ്തു.
അതുപോലെ സാറ്റലൈറ്റ് ചിത്രങ്ങൾ പ്രകാരം ഗൈഡഡ് മിസൈൽ ഡെസ്ട്രോയർ യുഎസ്എസ് ഡെൽബർട്ട് ഡി. ബ്ലാക്ക് മെഡിറ്ററേനിയൻ കടലിൽ നിന്ന് ഈജിപ്തിലെ സ്യൂയസ് കനാൽ വഴി ചെങ്കടലിലേക്ക് പ്രവേശിച്ചതും കണ്ടെത്തിയിട്ടുണ്ട്. ലോകത്തിലെ പ്രധാന എണ്ണ കയറ്റുമതി മാർഗ്ഗങ്ങളിലൊന്നായ ഹോർമുസ് കടലിടുക്കിന്റെ ചില ഭാഗങ്ങൾ സൈനിക അഭ്യാസങ്ങളുടെ ഭാഗമായി മണിക്കൂറുകൾക്കായി അടയ്ക്കുമെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്. ചർച്ചകൾ വിജയകരമാകുന്നുവെങ്കിൽ ഇറാന്റെ എണ്ണ വ്യവസായത്തിനെതിരായ കർശന ഉപരോധങ്ങൾ നീക്കുന്നതിനും മറുപടി ആയി ആണവ പദ്ധതിയിൽ വൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും വഴിയൊരുങ്ങും.

















































