അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പിലെ മിന്നും പ്രകടനത്തോടെ പ്ലെയർ ഓഫ് ദ് ടൂർണമെന്റായ മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച് ഇന്ത്യൻ ബാറ്റിങ് ഇതിഹാസം വിരാട് കോലി. ‘‘അസാമാന്യ പ്രകടനം, മാൻ ഓഫ് ദ് ടൂർണമെന്റാകാൻ ഏറ്റവും അർഹനാനായ ആളാണ് സഞ്ജു സാംസൺ. ടീമിന് ആവശ്യമുള്ള ഘട്ടത്തിൽ നീ മികച്ച പ്രകടനം പുറത്തെടുത്തു. നിന്നെക്കുറിച്ച് ഓർത്ത് വലിയ സന്തോഷം ചേട്ടാ.’’ എന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കിങ് കോലി കുറിച്ചു.
അതേസമയം ലോകകപ്പിനു മുന്നോടിയായി ന്യൂസീലൻഡിനെതിരായ അഞ്ച് മത്സരങ്ങളിൽനിന്നു വെറും 46 റൺസ് മാത്രമായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. ഇതോടെ പ്ലേയിങ് ഇലവനിൽനിന്ന് ഒഴിവാക്കപ്പെട്ട് ഇഷാൻ കിഷനു വിക്കറ്റ് കീപ്പർ സ്ഥാനവും നൽകി ഡഗൗട്ടിൽ ഇരിപ്പുറപ്പിച്ച സഞ്ജു, അവിസ്മരണീയമായ തിരിച്ചുവരവാണ് നടത്തിയത്. നമീബിയയ്ക്കും സിംബാബ്‌വെയ്ക്കുമെതിരെ മികച്ച തുടക്കം ലഭിച്ചെങ്കിലും ദക്ഷിണാഫ്രിക്കയോടുള്ള ഇന്ത്യയുടെ തോൽവി സഞ്ജുവിന്റെ തലവര മാറ്റി.
സെമിഫൈനൽ സ്ഥാനം ഉറപ്പിക്കാനുള്ള നിർണായക സൂപ്പർ 8 മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ നേടിയ 97*, സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നേടിയ 89, ഫൈനലിൽ ന്യൂസീലൻഡിനെതിരെ നേടിയ മറ്റൊരു 89 റൺസ് എന്നിവയിലൂടെ സഞ്ജു വിമർശകരുടെ വായടപ്പിച്ചു.
ഈ ലോകകപ്പിലെ അഞ്ച് ഇന്നിങ്സുകളിൽ നിന്ന് 80.25 ശരാശരിയിലും 199.37 സ്ട്രൈക്ക് റേറ്റിലും 27 ഫോറുകളും 24 സിക്‌സറുകളും സഹിതം 321 റൺസ് അടിച്ചുകൂട്ടി മാൻ ഓഫ് ദ് ടൂർണമെന്റായി. ടൂർണമെന്റിലെ റൺ വേട്ടക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് സഞ്ജു. ഒരു ട്വന്റി20 ലോകകപ്പ് പതിപ്പിൽ ഇന്ത്യക്കാരൻ നേടുന്ന ഏറ്റവും കൂടുതൽ റൺസ് എന്ന 2014ലെ വിരാട് കോലിയുടെ (319) റെക്കോർഡും സഞ്ജു മറികടന്നു. കൂടാതെ ടി20 ലോകകപ്പ് സെമി ഫൈനലിലും ഫൈനലിലും അർധസെഞ്ചുറി നേടുന്ന ബാറ്റർമാരുടെ പട്ടികയിൽ വിരാടിനും പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദിക്കുമൊപ്പം സഞ്ജുവിന്റെ പേരും ചേർക്കപ്പെട്ടു.
ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് ഇന്നലെ സഞ്ജു സാംസൺ നേടിയ 89 റൺസ്. ന്യൂസീലൻഡ് താരം കെയ്ൻ വില്യംസൻ (2021ൽ 85 റൺസ്), വെസ്റ്റിൻഡീസിന്റെ മർലോൻ സാമുവൽസ് (2016ൽ 85 റൺസ്) എന്നിവരെയാണ് ഫെെനലിൽ മറികടന്നത്. ശ്രീലങ്കൻ ഇതിഹാസം മഹേല ജയവർധനെ, ബാബർ അസം, വിരാട് കോലി, കെ.എൽ. രാഹുൽ, കുശാൽ മെൻഡിസ്, സാഹിബ്സാദ ഫർഫാൻ എന്നിവർക്കു ശേഷം ലോകകപ്പിൽ മൂന്ന് അർധസെഞ്ചുറികൾ നേടുന്ന താരവുമായി സഞ്ജു സാംസൺ.















































