ടെഹ്‌റാൻ: യുഎസും ഇസ്രായേലുമായുമുള്ള ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാൻ. പ്രസിഡന്റ് മസൂദ് പെസഷ്‌കിയനാണ് തങ്ങൾ മുന്നോട്ടുവയ്ക്കുന്ന നിബന്ധനകൾ പാലിച്ചാൽ അവസാനിപ്പിക്കാൻ ഇറാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇറാന്റെ നിയമപരമായ അവകാശങ്ങൾ അംഗീകരിക്കുക, യുദ്ധക്കെടുതികൾക്ക് നഷ്ടപരിഹാരം നൽകുക, ഭാവിയിൽ ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് അന്താരാഷ്ട്രതലത്തിൽ ഉറപ്പുനൽകുക എന്നിവയാണ് യുദ്ധം അവസാനിപ്പിക്കാൻ മസൂദ് പെസഷ്‌കിയന്റെ പോസ്റ്റിലൂടെ മുന്നോട്ടുവയ്ക്കപ്പെട്ട മൂന്ന് നിബന്ധനകൾ.
സമാധാന ചർച്ചകൾക്കിടയിലും, തങ്ങളുടെ തുറമുഖങ്ങൾ ആക്രമിക്കപ്പെട്ടാൽ കടുത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകുന്നുണ്ട്. മേഖലയിലെ അമേരിക്കൻ സാന്നിധ്യം ഒഴിവാക്കാൻ അയൽരാജ്യങ്ങളോട് ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യൻ, പാകിസ്താൻ നേതാക്കളുമായി നടത്തിയ ചർച്ചകളിലും സമാധാനത്തിനുള്ള ഈ നിർദേശങ്ങൾ ഇറാൻ ആവർത്തിച്ചിട്ടുണ്ട്. നിലവിലെ സംഘർഷം അവസാനിപ്പിക്കാൻ ഈ ഉപാധികൾ പാലിക്കപ്പെടണമെന്നാണ് ഇറാന്റെ നിലപാട്.
റഷ്യൻ, പാകിസ്താൻ നേതാക്കളുമായി സംസാരിച്ചതിന് ശേഷമാണ് പെസഷ്‌കിയാൻ ഈ പ്രസ്താവന നടത്തിയത്. സയണിസ്റ്റ് ഭരണകൂടവും അമേരിക്കയും ചേർന്നാണ് ഈ യുദ്ധത്തിന് തിരികൊളുത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, ഇറാന്റെ സായുധസേനാ വക്താവ് അബുൽഫസൽ ഷെക്കർച്ചി കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ഇറാനിയന്‍റെ തുറമുഖങ്ങൾ യുഎസ് ആക്രമിച്ചാൽ പേർഷ്യൻ ഗൾഫിലെ ഒരു തുറമുഖവും സാമ്പത്തിക കേന്ദ്രവും ഇറാന്റെ പരിധിക്കപ്പുറമാകില്ലെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഇറാന്റെ തുറമുഖങ്ങൾ ഭീഷണിയിലായാൽ മേഖലയിലെ എല്ലാ തുറമുഖങ്ങളും തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, മേഖലയിലെ രാജ്യങ്ങൾ തങ്ങളുടെ മണ്ണിൽനിന്ന് അമേരിക്കക്കാരെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഷെക്കർച്ചിയുടെ ഈ മുന്നറിയിപ്പിനു ശേഷമാണ് പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ സംഘർഷം അവസാനിപ്പിക്കാനുള്ള നിബന്ധനകൾ മുന്നോട്ടുവെച്ചത്.














































