ടെഹ്‌റാൻ: ഹോർമൂസിന്റെ പേരിൽ അമേരിക്കയും സഖ്യകക്ഷികളും സൈനിക സമ്മർദ്ദം കൂടുതൽ ശക്തിപ്പെടുത്തിയാൽ തന്ത്രപ്രധാനമായ ബാബ് അൽ മാൻഡേബ് (Bab al-Mandab) കടലിടുക്ക് ഉപരോധിക്കുമെന്നും അപ്രതീക്ഷിത യുദ്ധമുന്നണികൾ തുറക്കുമെന്നും ഇറാന്റെ മുന്നറിയിപ്പ്. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള അമേരിക്കയുടെ നീക്കങ്ങളെ മുന്നിൽ കണ്ടാണ് ഇറാൻ മുന്നറിയിപ്പുമായെത്തിയത്.
ഇറാൻ സൈനിക വൃത്തങ്ങൾ തസ്‌നിം വാർത്താ ഏജൻസിയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്ക ഹോർമുസ് കടലിടുക്കിൽ അനാവശ്യ ഇടപെടൽ നടത്തിയാൽ അത് അവർക്ക് പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നും ഇറാൻ വക്താവ് പറഞ്ഞു. പേർഷ്യൻ ഗൾഫിലോ ഒമാൻ കടലിലോ ഇറാന്റെ ദ്വീപുകളിലോ സൈനിക വിന്യാസം നടത്തിയാൽ അത് ശത്രുക്കൾക്ക് ഇരട്ടി നഷ്ടമുണ്ടാക്കുന്ന രീതിയിലുള്ള തിരിച്ചടികൾക്ക് കാരണമാകുമെന്നും മുന്നറിയിപ്പ് നൽകി.
അതേസമയം ഇന്ത്യൻ മഹാസമുദ്രത്തെ ചെങ്കടലുമായും സൂയസ് കനാലുമായും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് ബാബ് അൽ മാൻഡേബ് അഥവാ മാൻഡേബ് കടലിടുക്ക്. അറബിക് ഭാഷയിൽ ഇതിന്റെ അർത്ഥം “കണ്ണുനീരിന്റെ കവാടം” (Gate of Tears) എന്നാണ്. അപകടം പിടിച്ച നാവിക പാതയായതിനാലാണ് ഈ പേര് വന്നത്. ആഗോള സമുദ്രപാതയിലെ സുപ്രധാന മേഖലയാണ് ഈ കടലിടുക്ക്. ഇത് തടസ്സപ്പെട്ടാൽ സൂയസ് കനാൽ കടന്നുവരുന്ന കപ്പലുകൾ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് പ്രവേശിക്കാനാകാതെ വരും.
മാത്രമല്ല ആഗോളതലത്തിൽ സമുദ്രമാർഗമുള്ള ചരക്ക് കയറ്റുമതി, പ്രത്യേകിച്ച് അസംസ്‌കൃത എണ്ണ, ഇന്ധനം എന്നിവയ്ക്കുള്ള ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട റൂട്ടുകളിൽ ഒന്നാണിത്. മൊത്തം കടൽമാർഗം വ്യാപാരം ചെയ്യുന്ന എണ്ണയുടെ 12 ശതമാനവും എൽഎൻജി വ്യാപാരത്തിന്റെ 8 ശതമാനവും ബാബ് അൽ-മന്ദേബ് വഴിയാണ് കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ഇവിടെയുണ്ടാകുന്ന ഏതൊരു തടസവും നിരവധി രാജ്യങ്ങളെ നേരിട്ട് ബാധിക്കും. മെഡിറ്ററേനിയൻ കടലിൽ നിന്ന് സൂയസ് കനാൽ വഴി ചെങ്കടലിൽ പ്രവേശിക്കുന്ന കപ്പലുകൾ ഈ കടലിടുക്ക് കടന്നുവേണം ഇന്ത്യൻ മഹാസമുദ്രത്തിൽ പ്രവേശിക്കാൻ. യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്കും ചൈനയിലേക്കും വരുന്ന കപ്പലുകൾക്ക് സൂയസ് കനാൽ കടക്കണമെങ്കിൽ ബാബ് അൽ-മന്ദാബ് വഴി കടന്നുപോയേ തീരൂ. അതുപോലെ ലോക വ്യാപാരത്തിന്റെ ഏകദേശം 10% മുതൽ 12% വരെ ഈ ചെറിയ കടലിടുക്കിലൂടെയാണ് നടക്കുന്നത്.
ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണയും പ്രകൃതിവാതകവും (LNG) യൂറോപ്പിലേക്കും അമേരിക്കയിലേക്കും എത്തിക്കുന്ന പ്രധാന പാതയാണിത്. പ്രതിദിനം ദശലക്ഷക്കണക്കിന് ബാരൽ ക്രൂഡ് ഓയിൽ ഇതിലൂടെ കടന്നുപോകുന്നു. ഈ പാത തടസപ്പെട്ടാൽ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ സാധ്യതയുണ്ട്.
ഈ മേഖലയിൽ ശക്തമായ ഭീഷണി ഉയർത്താൻ തങ്ങൾക്ക് കഴിവുണ്ടെന്നാണ് ഇറാൻ അവകാശപ്പെടുന്നത്. യെമനിലെ ഹൂതി വിമതരെ ഉപയോഗിച്ച് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടത്താനും ഇറാൻ മടിച്ചേക്കില്ല. മുമ്പും ഇസ്രയേലും ഹമാസും തമ്മിലുള്ള ഗാസാ യുദ്ധ സമയത്ത് ഹൂതികൾ ചെങ്കടൽ വഴിയുള്ള കപ്പൽ ഗതാഗതം തടസപ്പെടുത്താൻ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഹോർമുസിന് പുറമെ ഈ കടലിടുക്കിലും തടസങ്ങളുണ്ടാകുന്നത് ലോകത്തെ ആകെ ബാധിക്കും.



















































