ടെഹ്റാൻ: യുഎസ്- ഇസ്രയേൽ സഖ്യവും ഇറാനും തമ്മിൽ പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷം അവസാനിപ്പിക്കുന്നതിനായി മധ്യസ്ഥർ മുഖേന അമേരിക്ക കൈമാറിയ നിർദ്ദേശങ്ങൾക്ക് നയതന്ത്രപരമായ മറുപടി തയ്യാറാക്കിയിട്ടുണ്ടെന്നറിയിച്ച് ഇറാൻ. യുഎസ് മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങളോട് പ്രതികരിക്കാൻ ഇറാൻ തയ്യാറെടുക്കുന്നതായും, നിലവിലെ പല നിബന്ധനകളും അവർ തള്ളിക്കളഞ്ഞതായും ഇന്നലെ പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്നു.
അതോടൊപ്പം അമേരിക്ക തങ്ങളുടെ ആണവ ആസ്തികളെ ലക്ഷ്യം വെക്കുന്നതായും ഇറാൻ ആരോപിച്ചു. ഇതേ ആരോപണം സമൂഹമാധ്യമങ്ങളിലും അമേരിക്കയ്ക്കെതിരെ ഉയർന്നിട്ടുണ്ട്. ഇസ്ഫഹാനിൽ കഴിഞ്ഞ ദിവസം നടന്ന സൈനിക നീക്കം ഇറാന്റെ യുറേനിയം മോഷ്ടിക്കാനുള്ള യുഎസ് പദ്ധതിയുടെ ഭാഗമാണ് എന്നാണ് ഇറാൻ ഉയർത്തുന്ന ആരോപണം. ഈ സാഹചര്യത്തിൽ തങ്ങളുടെ സുരക്ഷയും താത്പര്യങ്ങളും മുൻനിർത്തി മാത്രമേ നയതന്ത്രപരമായ തീരുമാനങ്ങൾ എടുക്കൂ എന്നാണ് ഇറാന്റെ നിലപാട്.
അതുപോലെ അമേരിക്കയുടെ പതിനഞ്ചിന പദ്ധതി അപ്രായോഗികമാണെന്നും താത്കാലിക വെടിനിർത്തൽ അംഗീകരിക്കാനാവില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കുന്നു. തങ്ങളുടെ താത്പര്യങ്ങളെ മുൻനിർത്തിയുള്ള മറുപടിക്ക് ഇറാൻ അന്തിമരൂപം നൽകിയിട്ടുണ്ടെന്നും ഉചിതമായ സമയത്ത് അവ പ്രഖ്യാപിക്കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് തിങ്കളാഴ്ച അറിയിച്ചു.
‘ഞങ്ങളുടെ സ്വന്തം താത്പര്യങ്ങളും പരിഗണനകളും അടിസ്ഥാനമാക്കി ഞങ്ങൾ ഞങ്ങളുടെ ആവശ്യങ്ങൾ ക്രോഡീകരിച്ചിട്ടുണ്ട്. ആവശ്യം എന്ന് തോന്നുന്ന ഘട്ടത്തിൽ ഇറാൻ അവരുടെ നിലപാട് അറിയിക്കും.’ ബഗായ് പറഞ്ഞു. നിലവിലുള്ള സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള, അമേരിക്കയുടെ പിന്തുണയോടെയുള്ള ’15-ഇന പദ്ധതി’ എന്നറിയപ്പെടുന്ന നിർദ്ദേശങ്ങൾ സംബന്ധിച്ച് ചർച്ചകൾ നടക്കുന്നു എന്ന വാർത്തകൾ വരുന്നതിനിടെയാണ് ഇറാൻ തങ്ങളിടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
അതേസമയം യുഎസ് മുന്നോട്ടുവെച്ചിട്ടുള്ള നിർദ്ദേശങ്ങൾ ‘അങ്ങേയറ്റം അതിമോഹപരവും അസാധാരണവും യുക്തിരഹിതവുമാണ്’ എന്നാണ് ബഗായ് വിശേഷിപ്പിച്ചത്. നിലവിലെ രൂപത്തിൽ ഈ ചട്ടക്കൂട് ഇറാൻ സ്വീകരിക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം സൂചന നൽകി. മധ്യസ്ഥരുമായുള്ള ഇറാന്റെ ഇടപെടൽ ദുർബലമാണെന്ന വാദങ്ങളും അദ്ദേഹം തള്ളി. ‘ഞങ്ങളുടെ കാഴ്ചപ്പാടുകൾ വേഗത്തിലും വ്യക്തമായും അവതരിപ്പിക്കുന്നത് കീഴടങ്ങലിന്റെ അടയാളമായി കണക്കാക്കരുത്.’ അദ്ദേഹം പറഞ്ഞു.
മാത്രമല്ല സൈനിക നടപടിയുടെ മറവിൽ യുഎസ് തങ്ങളുടെ ആണവ പദ്ധതിയെ ലക്ഷ്യം വെക്കാൻ ശ്രമിക്കുന്നതായും ഇറാൻ ആരോപിച്ചു. ഇസ്ഫഹാനിൽ അടുത്തിടെ നടന്ന ഓപ്പറേഷൻ യുറേനിയം മോഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള പരിപാടി ആയിരിക്കാം, അത്തരമൊരു സാധ്യത തള്ളിക്കളയാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ ആ ശ്രമം പരാജയപ്പെട്ടുവെന്നും അവർ അവകാശപ്പെട്ടു. ഈ ഓപ്പറേഷനെക്കുറിച്ച് ‘പല ചോദ്യങ്ങളും അനിശ്ചിതത്വങ്ങളും’ ബാക്കി നിൽക്കുകയാണെന്ന് ബഗായ് അഭിപ്രായപ്പെട്ടു. ‘അമേരിക്കൻ പൈലറ്റ് ഉണ്ടെന്ന് അവകാശപ്പെട്ട കോഗിലുയേ ബൊയേറാമദ് പ്രവിശ്യയിലെ പ്രദേശം, അവർ മധ്യ ഇറാനിൽ തങ്ങളുടെ സേനയെ ഇറക്കാൻ ശ്രമിച്ച അല്ലെങ്കിൽ ഇറക്കാൻ ആഗ്രഹിച്ച സ്ഥലത്ത് നിന്ന് വളരെ അകലെയാണ്.’- ബഗായ് വ്യക്തമാക്കി.
‘ഈ ഓപ്പറേഷൻ യുഎസിനെ സംബന്ധിച്ചിടത്തോളം ഒരു ദുരന്തവും നാണക്കേടും ആണ്’ എന്നാണ് ഇറാനിയൻ ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചത്. ഈ സംഭവത്തിൽ നിന്ന് അമേരിക്ക പാഠം പഠിക്കണം. ഈ രക്ഷാ ദൗത്യം ഒരു വഞ്ചനയായിരുന്നു എന്ന് ആരോപിച്ച ഇറാന്റെ സൈന്യം, ദൗത്യം പൂർണമായും പരാജയപ്പെടുത്തി’എന്നും അവകാശപ്പെട്ടു.
















































