ജറുസലേം: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം തുടരുന്ന പശ്ചാത്തലത്തിൽ, ഇന്ത്യൻ പൗരന്മാർ നിതാന്ത ജാഗ്രത പുലർത്തണമെന്ന് ഇസ്രയേലിലെ ഇന്ത്യൻ എംബസി മുഖാന്തിരം കേന്ദ്ര സർക്കാർ അറിയിച്ചു. ഇസ്രായേൽ അധികൃതരും ഹോം ഫ്രണ്ട് കമാൻഡും പുറപ്പെടുവിച്ച സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും പ്രോട്ടോക്കോളുകളും കർശനമായി പാലിക്കണമെന്ന് എംബസി ഇന്ത്യൻ പൗരന്മാരോട് ആവശ്യപ്പെട്ടു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇസ്രായേലിലേക്കുള്ള എല്ലാ അത്യാവശ്യമല്ലാത്ത യാത്രകളും ഒഴിവാക്കാനും ഇന്ത്യൻ പൗരന്മാരോട് നിർദ്ദേശിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ ഇന്ത്യൻ എംബസിയുടെ മുഴുവൻ സമയ സേവന നമ്പറുകളിലേയ്ക്ക് (+972-54-7520711 , +972-54-3278392) വിളിക്കുകയോ അല്ലെങ്കിൽ [email protected] എന്നതിലേയ്ക്ക് ഇ-മെയിൽ മുഖാന്തിരം ബന്ധപ്പെടുകയോ ചെയ്യാം.
ഇറാനിലെ ഇന്ത്യൻ എംബസിയും സമാനമായ നിർദ്ദേശം നല്കിയിട്ടുണ്ട്.ഇറാനിലെത്തിയിട്ടുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ, തീർത്ഥാടകർ, ബിസിനസുകാർ, വിനോദസഞ്ചാരികൾ എന്നിവർ വാണിജ്യ വിമാനങ്ങളോ ലഭ്യമായ മറ്റ് ഗതാഗത മാർഗങ്ങളോ ഉപയോഗിച്ച് ഇറാനിൽ നിന്ന് പുറത്തുപോകണമെന്നാണ് ആവശ്യപ്പെട്ടത്. വിദ്യാർഥികൾ ഉൾപ്പെടെ 20,000 ഇന്ത്യക്കാർ ഇറാനിലുണ്ടെന്നാണു കണക്കാക്കുന്നത്.
നിലവിൽ, ഇറാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്. ആദ്യവിമാനം ഇന്നു പുറപ്പെടുമെന്നാണ് വിവരം. ആദ്യഘട്ടത്തിൽ വിദ്യാർഥികളെ നാട്ടിലെത്തിക്കാനാണു ശ്രമം. മടങ്ങാൻ താൽപര്യമുള്ളവരെ കണ്ടെത്താൻ ഇന്ത്യൻ എംബസി ശ്രമം തുടങ്ങി. എന്നാൽ, ഇന്റർനെറ്റ് നിയന്ത്രണമുള്ളതിനാൽ പലരെയും ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കഴിഞ്ഞദിവസം ഫോണിൽ സംസാരിച്ചിരുന്നു.
ഇറാൻ ഭരണകൂടത്തിനെതിരെയുള്ള ആഭ്യന്തര പ്രക്ഷോഭത്തെ കൂടാതെ യുഎസ് ഇറാനെ ആക്രമിക്കാൻ തയാറെടുക്കുകയാണെന്ന തരത്തിലുള്ള വിവിധ റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ആക്രമണമുണ്ടായാൽ, യുഎസ് സൈനിക താവളങ്ങളുള്ള അയൽരാജ്യങ്ങളെ തങ്ങൾ ആക്രമിക്കുമെന്ന മുന്നറിയിപ്പ് ഇറാനും നൽകി. ഇറാന്റെ ആക്രമണം ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് ഇസ്രയേൽ സുരക്ഷ ശക്തമാക്കി.
അതേസമയം, തങ്ങൾ ഇറാനെ ഉടൻ ആക്രമിക്കില്ലെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. സ്ഥിതി ഗതികൾ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇറാനിലെ പ്രക്ഷോഭത്തിന്റെ ശക്തി കുറഞ്ഞുവെന്നും തിങ്കളാഴ്ചയ്ക്കുശേഷം നഗരങ്ങളിൽ പ്രതിഷേധ റാലികൾ നടന്നിട്ടില്ലെന്നുമാണു വിവരം. എന്നാൽ, ഭീകരബന്ധമാരോപിച്ചുള്ള അറസ്റ്റുകൾ രാജ്യമെങ്ങും ഇന്നലെയും തുടർന്നു. ഇന്റർനെറ്റ് നിരോധനം പിൻവലിച്ചിട്ടില്ല. രാവിലെ 4 മണിക്കൂറുകളോളം വ്യോമപാത അടച്ചിടുകയുമുണ്ടായി. ഒട്ടേറെ രാജ്യാന്തര വിമാനസർവീസുകളാണ് വഴിതിരിച്ചുവിട്ടത്. അതോടെ, ഇന്ത്യയിൽനിന്നുള്ള രാജ്യാന്തര വിമാന സർവീസുകളും മുടങ്ങി. എയർ ഇന്ത്യയുടെ ഡൽഹി– ന്യൂയോർക്ക് സർവീസിനു പുറമേ, ഡൽഹി- ന്യുവാർക്ക്, മുംബൈ-ന്യൂയോർക്ക് സർവീസും യൂറോപ്പ്, തുർക്കി എന്നിവിടങ്ങളിലേക്കുള്ള ഇൻഡിഗോ വിമാനങ്ങളും റദ്ദാക്കി. യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾക്കുള്ള പ്രധാന യാത്രാ ഇടനാഴിയാണ് ഇറാന്റെ വ്യോമപാത. .
















































