ടെഹ്റാൻ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇറാനിൽ വ്യാപാരികൾ തുടങ്ങിവെച്ച സമരം ഖമനേയി ഭരണകൂടത്തിനെതിരായ പ്രക്ഷോഭമായി മാറുന്നു. രാജ്യവ്യാപകമായി ആളിപ്പടരുന്ന പ്രക്ഷോഭത്തിൽ ഇതുവരെ എഴുപേരാണ് കൊല്ലപ്പെട്ടത്. പുരോഹിത ഭരണം അവസാനിപ്പിക്കാനും പഴയ രാജഭരണം മതിയെന്നും പറയുന്ന മുദ്രാവാക്യങ്ങൾ യുവജനങ്ങൾ ഏറ്റെടുത്ത പ്രക്ഷോഭത്തിൽ മുഴങ്ങികേൾക്കുകയാണിപ്പോൾയ
പതിറ്റാണ്ടുകളായി ഇറാനിൽ വിലക്കപ്പെട്ട ഒന്നായിരുന്നു പഴയ പഹ്ലവി രാജവംശത്തെ അനുകൂലിക്കുന്ന മുദ്രാവാക്യങ്ങൾ. ഇപ്പോൾ ആയത്തൊള്ള ഖമനേയിയുടെ നേതൃത്വത്തിലുള്ള ഇറാനിലെ ഭരണ സംവിധാനത്തിനെതിരായ പ്രക്ഷോഭത്തിന്റെ പ്രധാന മുദ്രാവാക്യമായി മാറിയിരിക്കുകയാണ് ആ പഴയ മുദ്രാവാക്യം. ‘ജാവീദ് ഷാ’ (ഷാ നീണാൾ വാഴട്ടെ) എന്ന വിളി ഖമനേയി വിരുദ്ധ പ്രക്ഷോഭത്തിന്റെ ആവേശമായി മാറിയിരിക്കുകയാണ്. 1979-ൽ പുറത്താക്കപ്പെട്ട പഹ്ലവി രാജവംശത്തെയാണ് പ്രതിഷേധക്കാർ ഇപ്പോൾ പിന്തുണയ്ക്കുന്നത്.
അതേസമയം ഇറാനിയൻ കറൻസിയായ റിയാലിന്റെ മൂല്യം ക്രമാതീതമായി ഇടിയുകയും (ഒരു യുഎസ് ഡോളറിന് ഏകദേശം 42,000 റിയാൽ) പണപ്പെരുപ്പം 42 ശതമാനത്തിന് മുകളിലെത്തുകയും ചെയ്തതാണ് ജനങ്ങളെ തെരുവിലിറക്കാൻ പ്രേരിപ്പിച്ചത്. ടെഹ്റാനിലെ വ്യാപാരികൾക്കിടയിൽ തുടങ്ങിയ പ്രതിഷേധം രാജ്യത്തെ 30-ലധികം നഗരങ്ങളിലേക്ക് പടർന്നിരിക്കുകയാണ്. ‘മുല്ലമാർ ഇറാൻ വിടുക’, ഏകാധിപത്യം തുലയട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങുന്നത്.
മിഡിൽ ഈസ്റ്റിലെ തീവ്രവാദ, വിഘടനവാദി ഗ്രൂപ്പുകളെ ഭരണകൂടം പിന്തുണയ്ക്കുന്നു എന്ന കാരണം പറഞ്ഞാണ് അമേരിക്കയും സഖ്യകക്ഷികളും ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ ആണവ സമ്പുഷ്ടീകരണത്തിന്റെ പേരിലും വലിയ ഉപരോധങ്ങൾ ഇറാൻ നേരിടുന്നുണ്ട്. ഇറാന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായ ക്രൂഡോയിൽ വിൽപ്പനയെയും ഉപരോധം സാരമായി ബാധിച്ചു. ഉപരോധങ്ങൾ കടുപ്പിച്ചതോടെ ഇറാൻ ആഗോള സമ്പദ്വ്യവസ്ഥയിൽ നിന്ന് ഒറ്റപ്പെടുകയും അത് സാമ്പത്തിക മേഖലയുടെ തകർച്ചയ്ക്ക് കാരണമാവുകയും ചെയ്തു.
കൂടാതെ ഇസ്രയേലുമായുണ്ടായ സംഘർഷവും കാര്യങ്ങൾ വഷളാക്കി. രാജ്യത്തെ പണപ്പെരുപ്പം പരിധിവിട്ട് ഉയർന്നതോടെ ജനജീവിതം ദുസ്സഹമായി. സാമ്പത്തികമായ ഈ കടുത്ത ബുദ്ധിമുട്ടുകൾ കാരണമാണ് ടെഹ്റാനിലെ വ്യാപാരികൾക്കിടയിൽ ആദ്യം പ്രതിഷേധം ആരംഭിച്ചതും പിന്നീട് യുവജനങ്ങൾ അത് ഏറ്റെടുത്ത് മറ്റ് നഗരങ്ങളിലേക്ക് പടർത്തിയതും. കഴിഞ്ഞ 47 വർഷത്തിനിടെ ഇറാൻ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെട്ടതും സാമ്പത്തിക നില തകർന്നതും ജനങ്ങളിൽ വലിയ അമർഷമുണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
നിലവിൽ അമേരിക്കയിൽ കഴിയുന്ന പഹ്ലവി രാജവംശത്തിലെ കിരീടാവകാശി റെസ പഹ്ലവി പ്രക്ഷോഭകാരികൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഇറാനിലെ ഭാവി ഭരണക്രമം തീരുമാനിക്കാൻ സ്വതന്ത്ര ഹിതപരിശോധന വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ ഭരണകൂടത്തെ നീക്കം ചെയ്യണമെന്നും അതിനായി രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇറാൻ സ്വതന്ത്രമാകുന്നതുവരെ ഈ മുന്നേറ്റം വിപുലീകരിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. നിലവിലെ ഇസ്ലാമിക് റിപ്പബ്ലിക്കിന് പകരം ലിബറൽ ജനാധിപത്യ ഭരണക്രമം കൊണ്ടുവരുമെന്നാണ് റെസ പഹ്‌ലവി അമേരിക്കയിലിരുന്നു വാദിക്കുന്നത്.
1979-ൽ പഹ്ലവി രാജവംശത്തിന്റെ അടിച്ചമർത്തലുകൾക്കെതിരെ ആയത്തുള്ള റൂഹുള്ള ഖൊമേനിയുടെ നേതൃത്വത്തിൽ രൂപം കൊണ്ട ഇസ്ലാമിക വിപ്ലവത്തിലൂടെയാണ് പഹ്ലവി രാജവംശത്തിന്റെ ഭരണം ഇറാനിൽ അവസാനിച്ചത്. എന്നാൽ, പുതിയ ഭരണസംവിധാനത്തിന് ആദ്യഘട്ടങ്ങളിൽ ജനകീയ പിന്തുണയുണ്ടായിരുന്നുവെങ്കിലും കാലക്രമേണ പഴയ രാജവംശകാലത്തെ ഭരണത്തേക്കാൾ വലിയ അടിച്ചമർത്തലുകളാണ് രാജ്യത്തുണ്ടായത്. ഇതിന് പുറമെ ഷിയാ- സുന്നി സംഘർഷങ്ങൾക്ക് മേഖലയിൽ തീ കൊളുത്തുന്നതിലും ഇറാനിലെ ഭരണകൂടത്തിന് പങ്കുണ്ട്.


















































