ടെഹ്‌റാൻ: ആണവ പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള നീണ്ടുനിൽക്കുന്ന തർക്കങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി ഇറാൻ. അമേരിക്ക ഉപരോധങ്ങൾ നീക്കാൻ തയ്യാറാണെങ്കിൽ കരാറിലേക്ക് നീങ്ങാൻ ഇറാൻ സന്നദ്ധമാണെന്ന് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മജീദ് തക്ത് റവഞ്ചി വ്യക്തമാക്കി. BBCയ്ക്ക് നൽകിയ അഭിമുഖത്തിൽ, “കരാർ വേണമെന്നുണ്ടെങ്കിൽ അമേരിക്ക സത്യസന്ധത തെളിയിക്കണം. അവർ തയ്യാറാണെങ്കിൽ ധാരണയിലേക്കുള്ള വഴി തുറന്നിരിക്കുകയാണ്,” എന്ന് അദ്ദേഹം പറഞ്ഞു. മേഖലയിൽ സൈനിക സംഘർഷ സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ ഈ പുതിയ നീക്കം.
ഈ മാസം ആദ്യം ഒമാനിൽ അമേരിക്കയും ഇറാനും തമ്മിൽ പരോക്ഷ ചർച്ചകൾ നടന്നിരുന്നു. അടുത്തഘട്ട ചർച്ചകൾ ചൊവ്വാഴ്ച ജവീവയിൽ നടക്കുമെന്നാണ് വിവരം. ആദ്യഘട്ട ചർച്ചകൾ പോസിറ്റീവ് ആയിരുന്നുവെങ്കിലും അന്തിമ വിലയിരുത്തലിന് ഇപ്പോഴും സമയം വേണ്ടിവരുമെന്ന് തക്ത്- റവാഞ്ചി കൂട്ടിച്ചേർത്തു. 60 ശതമാനം വരെ സമ്പുഷ്ടമാക്കിയ യൂറേനിയത്തിന്റെ ശേഖരം കുറയ്ക്കാൻ ഇറാൻ തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആയുധ നിലവാരത്തിന് അടുത്ത ഈ സമ്പുഷ്ടത അന്താരാഷ്ട്ര തലത്തിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. ഉപരോധങ്ങൾ നീക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ അമേരിക്ക തയ്യാറാണെങ്കിൽ മാത്രമേ ഇത്തരത്തിലുള്ള നീക്കങ്ങൾ പരിഗണിക്കൂ എന്നതാണ് ഇറാന്റെ നിലപാട്.
2015ലെ കരാറിനിടെ കുറഞ്ഞ സമ്പുഷ്ടതയുള്ള യൂറേനിയം ഏറ്റുവാങ്ങിയ റഷ്യ ഇത്തവണയും അതിന് തയ്യാറാണെന്ന് സൂചനയുണ്ട്. യൂറേനിയം സമ്പുഷ്ടീകരണം പൂർണ്ണമായും നിർത്തണമെന്ന അമേരിക്കയുടെ ആവശ്യം ഇറാൻ തള്ളിക്കളഞ്ഞു. അമേരിക്കൻ പ്രസിഡന്റ് അടുത്തിടെ “ഇറാനിൽ യാതൊരു സമ്പുഷ്ടീകരണവും വേണ്ട” എന്ന് വ്യക്തമാക്കിയിരുന്നു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതി ചർച്ചകളുടെ ഭാഗമാകില്ലെന്നും അത് രാജ്യത്തിന്റെ പ്രതിരോധ ശേഷിയുടെ ഭാഗമാണെന്നും ഇറാൻ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ സമ്മർദ്ദം ചെലുത്തുന്നുണ്ട്.
കരാർ സാധ്യമാകാത്ത പക്ഷം സൈനിക നടപടി പരിഗണിക്കാമെന്ന മുന്നറിയിപ്പ് ട്രംപ് നൽകിയിട്ടുണ്ട്. മേഖലയിലെ അമേരിക്കൻ സൈനിക സാന്നിധ്യം വർധിച്ചതും സംഘർഷ സാധ്യത വർധിപ്പിച്ചിരിക്കുകയാണ്. മറ്റൊരു യുദ്ധം മേഖലയെ മുഴുവൻ അസ്ഥിരമാക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. സംശയങ്ങൾ തുടരുന്നുണ്ടെങ്കിലും ചർച്ചകളിൽ പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷയോടെയാണ് ഇറാൻ ജനീവയിലെ അടുത്തഘട്ട ചർച്ചകളിലേക്ക് നീങ്ങുന്നത്.

















































