ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിലെ സുപ്രധാനമായ സൈനിക താവളമായ ഡീഗോ ഗാർസിയയെ ലക്ഷ്യമാക്കി ഇറാൻ രണ്ട് മധ്യദൂര ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതായി റിപ്പോർട്ട്. വാൾസ്ട്രീറ്റ് ജേണലാണ് ഈ വിവരം പുറത്തുവിട്ടത്. മിഡിൽ ഈസ്റ്റ് മേഖലയ്ക്ക് പുറത്തേക്കുള്ള ഇറാൻ്റെ ആദ്യത്തെ ആക്രമണ ശ്രമമായതിനാൽ ഇത് വലിയ സംഘർഷ സാധ്യതയാണ് ചൂണ്ടിക്കാണിക്കുന്നത്.
അമേരിക്കൻ ഉദ്യോഗസ്ഥരുടെ വിവരമനുസരിച്ച്, രണ്ടു മിസൈലുകളും ലക്ഷ്യത്തിലെത്തിയില്ല. ഒന്നാമത്തെ മിസൈൽ വഴിമധ്യേ തകരാറിലായപ്പോൾ, രണ്ടാമത്തേത് അമേരിക്കൻ യുദ്ധക്കപ്പൽ പ്രയോഗിച്ച SM-3 ഇൻ്റർസെപ്റ്റർ ഉപയോഗിച്ച് തകർത്തുവെന്നാണ് സൂചന. എന്നാൽ അതിനെ പൂർണമായി നശിപ്പിച്ചോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
അതേസമയം ഈ ആക്രമണശ്രമം ഇറാൻ്റെ സൈനിക ശേഷിയെക്കുറിച്ച് പുതിയ ആശങ്കകൾ ഉയർത്തുന്നു. ഇസ്രയേലും യുഎസും ഇറാന്റെ ആയുധശേഖരം തകർത്തുവെന്ന് പലപ്പോഴും മാധ്യമങ്ങൾക്കുമുന്നിൽ വെളിപ്പെടുത്തുമ്പോഴും ഇറാനിൽ നിന്ന് ഏകദേശം 3,795 കിലോമീറ്റർ അകലെയുള്ള ഡിയേഗോ ഗാർസിയയെ ലക്ഷ്യമിട്ടത്, അവരുടെ മിസൈൽ ശേഷി പറഞ്ഞതിലധികമാകാമെന്ന സൂചനയാണ് നൽകുന്നത്. മുൻപ് വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി ഇറാൻ തൻ്റെ മിസൈൽ പരിധി 2,000 കിലോമീറ്ററിൽ ഒതുക്കിയിട്ടുണ്ടെന്ന് പറഞ്ഞിരുന്നു.
എന്നാൽ സ്വതന്ത്ര പഠനങ്ങൾ വ്യത്യസ്തമായ ചിത്രം കാണിക്കുന്നു. വിസ്കോൺസിൻ പ്രൊജക്റ്റ് ഓൺ ന്യൂക്ലിയർ ആംസ് കൺട്രോൾ-ൻ്റെ ഭാഗമായ ഇറാൻ വാച്ച് പ്രകാരം ഇറാൻ 4,000 കിലോമീറ്റർ വരെ പ്രാപ്യമായ മിസൈലുകൾ ഉണ്ടാകാം. അതേസമയം, ഇസ്രായേലിലെ അൽമ റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ സെൻ്റർ ഏകദേശം 3,000 കിലോമീറ്റർ പരിധി കണക്കാക്കുന്നു.ഡിയേഗോ ഗാർസിയ സൈനിക താവളവും അമേരിക്കയും ബ്രിട്ടനും ചേർന്ന് ഉപയോഗിക്കുന്ന പ്രധാന കേന്ദ്രമാണ്. ബോംബറുകൾ, ആണവ സബ്‌മറീനുകൾ, ഗൈഡഡ് മിസൈൽ നാശക കപ്പലുകൾ എന്നിവ ഇവിടെ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.
അതേസപോലെ മിസൈലുകൾ ലക്ഷ്യംകണ്ടില്ലെങ്കിലും, ഇറാന്റെ ഈ നീക്കം സംഘർഷം ഈസ്റ്റിനു പുറത്തേക്കും വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്ന സൂചനയാണ് നൽകുന്നത്. ഇറാൻ്റെ വർധിച്ചു വരുന്ന സൈനിക വ്യാപ്തിയും ആഗോള സുരക്ഷയ്ക്കുള്ള വെല്ലുവിളിയും ഇതോടെ വീണ്ടും അന്താരാഷ്ട്ര ശ്രദ്ധയാകർഷിക്കുകയാണ്.













































