ടെഹ്റാൻ: ഇസ്രയേലിനായി ചാരപ്പണി നടത്തിയതിന് ഒരാളെ വധശിക്ഷയ്ക്ക് വിധേയനാക്കി ഇറാൻ. ഇസ്രയേലും അമേരിക്കയുമായുള്ള യുദ്ധം ആരംഭിച്ചതിനു ശേഷം ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ വധശിക്ഷയാണിത്. രാജ്യത്തെ അതീവ സുരക്ഷാ പ്രാധാന്യമുള്ള ഇടങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും ഇസ്രയേൽ ചാരസംഘടനയായ മൊസാദിനു കൈമാറി എന്ന കുറ്റത്തിനാണ് ഇയാളെ വധിച്ചത്. കൗറൂഷ് കീവാനി എന്നയാളാണ് വധശിക്ഷയ്ക്ക് വിധേയനായത്. കഴിഞ്ഞ ജൂണിൽ ഇസ്രയേലുമായുണ്ടായ 12 ദിവസത്തെ യുദ്ധത്തിനിടെയാണ് കൗറൂഷ് കീവാനി പിടിയിലായത്.
ആറ് യൂറോപ്യൻ രാജ്യങ്ങളിലും ടെൽ അവീവിലുമായി ഇയാൾ മൊസാദ് ഏജന്റുമാരിൽ നിന്ന് പരിശീലനം നേടിയതായാണ് റിപ്പോർട്ട്. ബുധനാഴ്ച രാവിലെയാണ് വധശിക്ഷ നടപ്പിലാക്കിയത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി തങ്ങളുടെ ആണവ-സൈനിക രഹസ്യങ്ങൾ ചോർത്താൻ ശ്രമിക്കുന്ന ഇസ്രയേൽ ചാരന്മാരെ ഇറാൻ കർശനമായി നിരീക്ഷിച്ചു വരികയാണ്. 2024 ജനുവരിയിലും സമാനമായ രീതിയിൽ മൊസാദുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് നാലു പേരെ ഇറാൻ തൂക്കിലേറ്റിയിരുന്നു.
അതിനിടെ, യുഎഇക്ക് നേരെ ഇന്നും ഇറാന്റെ ഭാഗത്തുനിന്ന് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലക്ഷ്യമിട്ടെത്തിയ ഭീഷണികളെ പ്രതിരോധ സേന വിജയകരമായി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.


















































