ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി വർദ്ധിപ്പിച്ചുകൊണ്ട് ഇറാനിൽ അമേരിക്ക കരയുദ്ധത്തിനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ അമേരിക്കയെ വീഴ്ത്താൻ വാരിക്കുഴിയൊരുക്കി ഇറാൻ. അമേരിക്കയ്ക്കെതിരെ പത്തുലക്ഷത്തിലധികം കരസേനാംഗങ്ങളെ ഇറാൻ അണിനിരത്തുന്നതായാണ് റിപ്പോർട്ടുകൾ. ഇറാന്റെ പ്രാദേശിക വാർത്താ ഏജൻസിയായ തസ്നിം ന്യൂസ് ആണ് സൈനിക സ്രോതസ്സുകളെ ഉദ്ധരിച്ച് ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്.
ഇറാന്റെ തെക്കൻ അതിർത്തിയിലൂടെ അമേരിക്ക കരയാക്രമണം നടത്തിയേക്കുമെന്ന സാധ്യത മുന്നിൽക്കണ്ടാണ് ഇറാന്റെ പുതിയ നീക്കം.
ഇങ്ങോട്ട് ആക്രമണമുണ്ടായാൽ അമേരിക്കൻ സൈന്യത്തിന് ഇറാന്റെ മണ്ണിൽ നരകം സമ്മാനിക്കുമെന്ന ആവേശത്തിലാണ് രാജ്യത്തെ പോരാളികളെന്ന് സൈനിക വൃത്തങ്ങൾ പറയുന്നു.
യുദ്ധം തുടങ്ങിയതോടെ രാജ്യത്തെ യുവജനങ്ങൾക്കിടയിൽ സൈന്യത്തിൽ ചേരാനുള്ള താല്പര്യം വലിയ തോതിൽ വർദ്ധിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ, ബസിജ്, കരസേന എന്നിവയിലേക്ക് യുദ്ധമുന്നണിയിൽ സേവനമനുഷ്ഠിക്കാൻ താല്പര്യം പ്രകടിപ്പിച്ചു കൊണ്ട് യുവ സന്നദ്ധപ്രവർത്തകരുടെ അപേക്ഷാ പ്രവാഹമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായതെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇതോടെ ജനകീയ പിന്തുണയോടെ അമേരിക്കയെ നേരിടാനാണ് ഇറാന്റെ തീരുമാനം.
അതേസമയം തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലിയുള്ള തർക്കവും രൂക്ഷമായി തുടരുകയാണ്. അമേരിക്ക കടലിടുക്ക് തുറക്കാൻ ശ്രമിച്ചേക്കാം. എന്നാൽ അമേരിക്കയുടെ ഇത്തരം ആത്മഹത്യാപരമായ നീക്കങ്ങളെ പ്രതിരോധിക്കാനും കടലിടുക്ക് അടച്ചുതന്നെ വെക്കാനും തങ്ങൾ പൂർണ്ണ സജ്ജമാണെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.
ഇതിനിടെ ഇറാൻ നടത്തുന്ന ഈ സൈനിക നീക്കങ്ങൾക്കിടയിൽ രൂക്ഷമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. അമേരിക്ക മുന്നോട്ടുവെച്ച 15 ഇന സമാധാന നിർദ്ദേശങ്ങളിൽ ഇറാൻ ഉടൻ തീരുമാനമെടുക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഇറാൻ ഉടൻ ഗൗരവകരമായ നിലപാട് സ്വീകരിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്നും പിന്നീട് പിന്മാറാൻ കഴിയില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാൻ ചർച്ചകൾക്കായി കെഞ്ചുകയാണെന്നും സൈനികമായി തകർന്നടിഞ്ഞ അവർക്ക് ഇനി ഒരു തിരിച്ചുവരവിന് സാധ്യതയില്ലെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെ പരിഹസിച്ചു.
















































