അതിരപ്പിള്ളി: മയക്കുവെടി വച്ച് അതിരപ്പിള്ളിയിൽനിന്ന് കോടനാട് അഭയാരണ്യത്തിലെത്തിച്ച കാട്ടുകൊമ്പന് ചികിത്സ ആരംഭിച്ചു. മസ്തകത്തിൽ ആഴത്തിൽ മുറിവേറ്റ ആനയെ രാവിലെ 10.45 ഓടെയാണ് കോടനാട്ടെ ആനക്കൂട്ടിലാക്കിയത്. ഒന്നര മാസത്തെ ചികിത്സ വേണ്ടിവരുമെന്ന് ചീഫ് വെറ്റിനറി ഓഫീസർ ഡോ.അരുൺ സഖറിയയും ആനയെ പൂർണ ആരോഗ്യസ്ഥിതിയിലേക്ക് കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഡി എഫ് ഒ ആർ ലക്ഷ്മിയും പറഞ്ഞു.
മസ്തിഷ്കത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ അതിരപ്പള്ളി മേഖലയിലെത്തിയ ആനയെ രാവിലെ 7.15 ഓടെയായിരുന്നു മയക്കുവെടി വച്ചത്. പുലർച്ചെ തന്നെ ദൗത്യം ആരംഭിച്ചു. മയക്കത്തിലായ ആനയെ അനിമൽ ആംബുലൻസിൽ രാവിലെ 10.45 ഓടെ പെരുമ്പാവൂർ കോടനാടുള്ള അഭയാരണ്യത്തിലെത്തിച്ചു. പ്രത്യേകം തയ്യാറാക്കിയ ആനക്കൂട്ടിലടച്ച ശേഷമാണ് ചികിത്സ ആരംഭിച്ചത്. ഒന്നര മാസത്തെ ചികിത്സ വേണ്ടി വരുമെന്നും മുറിവിലെ പഴുപ്പ് നീക്കം ചെയ്തിട്ടുണ്ടെന്നും പഴുപ്പിൽ പുഴുക്കളുണ്ടായിരുന്നതായും ഡോ. അരുണ്‍ സഖറിയ വ്യക്തമാക്കി.
ആനയെ പൂർണ ആരോഗ്യസ്ഥിതിയിലേക്ക് കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഡിഎഫ് ഒ ആർ ലക്ഷ്മി പറഞ്ഞു. പരിക്കിന് ആഴമുണ്ടെങ്കിലും ചികിത്സിച്ച് ഭേദമാക്കാനാകുമെന്നും ഡി എഫ് ഒ കൂട്ടിച്ചേർത്തു. ജനുവരി 15 മുതൽ മസ്തിഷ്കത്തിൻ പരിക്കേറ്റ നിലയിൽ കൊമ്പനെ പ്ലാൻ്റേഷൻ തോട്ടത്തിൽ കണ്ടെത്തിയിരുന്നു. ഇടയ്ക്ക് ചികിത്സ നൽകി വിട്ടിരുന്നെങ്കിലും മുറിവിൻ്റെ ആഴം കൂടുകയും ഗുരുതരാവസ്ഥ ബോധ്യപ്പെടുകയും ചെയ്തതോടെയാണ് ചികിത്സാ ദൗത്യം ആരംഭിച്ചത്.