കൊച്ചി: ഇൻഡോ-ജപ്പാൻ ചേംബർ ഓഫ് കൊമേഴ്‌സ് കേരളാ ചാപ്റ്റർ (INJACK) വഴി കേരളവും ജപ്പാനും തമ്മിലുള്ള സഹകരണം വിപുലീകരിച്ചു. വ്യവസായം, കൃഷി, ഫിഷറീസ് ഉൾപ്പെടെ 10 പുതിയ മേഖലകളിൽ സഹകരിക്കുന്നതിനുള്ള സുപ്രധാന ധാരണാപത്രം (MoU) കൊച്ചിയിൽ ഒപ്പുവെച്ചു. വ്യവസായ മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിലാണ് ധാരണാപത്രം കൈമാറിയത്. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ് കേരള സർക്കാരിന് വേണ്ടി ഒപ്പുവെച്ചു.
ജപ്പാനിലെ ലേക് നകൗമി, ലേക് ഷിൻജി, മൗണ്ട് ഡൈസൻ മേഖലകളിലെ മേയർമാരും ചടങ്ങിൽ പങ്കെടുത്തത് സഹകരണത്തിന്റെ പ്രാദേശിക പ്രാധാന്യം വർദ്ധിപ്പിച്ചു. വ്യവസായ തലത്തിൽ, ഇൻജാക്ക് പ്രസിഡന്റും സിന്തൈറ്റ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയർമാനുമായ ഡോ. വിജു ജേക്കബ് ജാപ്പനീസ് പ്രതിനിധികളുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
ആയുർവേദം, കപ്പൽ നിർമ്മാണം; യുവജനങ്ങൾക്ക് തൊഴിൽ
പുതുക്കിയ ഈ ധാരണാപത്രം അനുസരിച്ച്, കൃഷി, ഫിഷറീസ്, വ്യാപാരം, കപ്പൽ നിർമ്മാണം, ടൂറിസം, ഐ.ടി., ഊർജ്ജം, പരിസ്ഥിതി, ആയുർവേദം, വെൽഫെയർ & ഹെൽത്ത് കെയർ എന്നീ പ്രധാന മേഖലകളിൽ ഇരുഭാഗവും കൈമാറ്റങ്ങളും സഹകരണങ്ങളും ശക്തമാക്കും. സഹകരണ ശ്രമങ്ങൾ ഇതിനോടകം ഫലം കണ്ടുതുടങ്ങിയതായി ജാപ്പനീസ് ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിൽ കേരളത്തിൽ നിന്നുള്ള 17 യുവാക്കൾക്ക് ജപ്പാനിൽ തൊഴിൽ ലഭിച്ചുകഴിഞ്ഞു.
വിദ്യാഭ്യാസം, സംസ്കാരം, ഭരണനിർവ്വഹണം, അന്താരാഷ്ട്ര സഹകരണം എന്നീ മേഖലകളിലും സഹകരണം വിപുലീകരിക്കാൻ പദ്ധതിയുണ്ട്. ജപ്പാൻ-കേരള സഹകരണത്തിനായുള്ള വിശദമായ പ്രവർത്തനരേഖ (Action Plan) അടുത്ത മൂന്ന് മാസത്തിനകം ഇൻജാക്ക് അന്തിമമാക്കും. കെ-ഡിസ്‌കിന്റെ നേതൃത്വത്തിൽ നടന്ന പാനൽ ചർച്ചയിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക എഐ, റോബോട്ടിക്സ്, ഐടി സ്റ്റാർട്ടപ്പ് സംരംഭങ്ങളിലെ അവസരങ്ങളെക്കുറിച്ച് വിശദീകരിച്ചു.