ഇന്ത്യ പാക്കിസ്ഥാനു നേരെ തൊടുത്തുവിട്ട ജലബോംബ് എത്രയും പെട്ടെന്ന് നിർവീര്യമാക്കണം, അല്ലെങ്കിൽ നമ്മൾ പട്ടിണി കിടന്നു മരിക്കും, സിന്ധു നദീജല കരാർ മരവിച്ചിച്ച ഇന്ത്യയുടെ നീക്കത്തിൽ എത്രയും വേഗം പരിഹാരമുണ്ടാക്കണമെന്ന് പാക് സെനറ്റർ. പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് പാർട്ടി അംഗം സയീദ് അലി സഫർ ആണ് വിഷയം പാക് പാർലമെന്റിൽ ഉന്നയിച്ചത്.
അതേസമയം സിന്ധു നദീജല കരാർ മരവിച്ചിച്ച സംഭവത്തെ ജലബോംബെന്നാണ് പാക് സെനറ്റർ വിശേഷിപ്പിച്ചത്. ഇന്ത്യ പാക്കിസ്ഥാനിലിട്ട ജലബോംബിനെ എത്രയും പെട്ടെന്ന് നിർവീര്യമാക്കണമെന്ന് സയീദ് അലി സഫർ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനോട് പറഞ്ഞു. പാക്കിസ്ഥാനിലെ ഭൂരിഭാഗം ജനങ്ങളും സിന്ധുനദിയെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും സയീദ് അലി സഫർ കൂട്ടിച്ചേർത്തു.
ഈ പ്രതിസന്ധി എത്രയും വേഗം പരിഹരിച്ചില്ലെങ്കിൽ നമ്മൾ പട്ടിണി കിടന്ന് മരിക്കും. സിന്ധു നദിയാണ് നമ്മുടെ ജീവനാഡി. പാക്കിസ്ഥാനിലുപയോഗിക്കുന്ന ജലത്തിന്റെ നാലിൽ മൂന്നുഭാഗവും രാജ്യത്തിന് പുറത്തുനിന്നാണ് വരുന്നത്. അതിൽ പത്തിൽ ഒമ്പതുപേരും സിന്ധുനദീതടത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. കൂടാതെ രാജ്യത്തെ 90 ശതമാനം കൃഷിയും ഈ നദിയെ ആശ്രയിച്ചാണുള്ളത്. രാജ്യത്തെ ഭൂരിഭാഗം ജലവൈദ്യുത പദ്ധതികളും ഈ നദിയിലാണ്. അതുകൊണ്ടാണ് ഈ പ്രതിസന്ധി ഒരു ജലബോംബാണെന്ന് പറയുന്നത്. അത് എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും സയീദ് അലി സഫർ പാക് പാർലമെന്റിൽ ആവശ്യപ്പെട്ടു.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിൽ പാക് സൈന്യത്തിന്റെ പങ്ക് കണ്ടെത്തിയതിന് പിന്നാലെ ആയിരുന്നു സിന്ധു നദീജല കരാർ മരവിച്ചിച്ച ഇന്ത്യയുടെ നീക്കം. അതിർത്തി കടന്നുള്ള പാക് ഭീകരപ്രവർത്തനങ്ങൾ അവസാനിക്കുന്നതുവരെ തീരുമാനത്തിൽ മാറ്റമില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഇതു പരിഹരിക്കാൻ നടപടിവേണമെന്ന ആവശ്യവുമായി പാക്കിസ്ഥാനെത്തിയപ്പോൾ രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല, ചർച്ചയും ഭീകരതയും ഒരുമിച്ച് പോകില്ല എന്ന് ഇന്ത്യയും വ്യക്തമാക്കിയിരുന്നു.