ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയ്ക്ക് 147 റൺസ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 19.1 ഓവറിൽ 146 റൺസെടുക്കുന്നതിനിടെ ഓൾ ഔട്ടാവുകയായിരുന്നു. വെല്ലുവിളിയുയർത്തിയ ഓപ്പണർ സാഹിബ്‌സാദാ ഫർഹാനെ (38 പന്തിൽ 57) പുറത്താക്കി വരുൺ ചക്രവർത്തിയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. മൂന്നു സിക്സും അഞ്ച് ഫോറുമടങ്ങുന്നതായിരുന്നു ഫർഹാന്റെ ഇന്നിങ്സ്. 46 റൺസെടുത്ത ഫഖർ സമാന്റെ വിക്കറ്റും വരുണിനു തന്നെയാണ്.
14 റൺസെടുത്ത സയിമിനേയും 8 റൺസെടുത്ത സൽമാൻ ആഗയേയും കുൽദീപ് പുറത്താക്കി. തുടർന്നു റൺസൊന്നും എടുക്കുംമുൻപ് ഷഹീൻ അഫ്രീദിയേയും ഫഹീം അഷ്‌റഫിനേയും പുറത്താക്കി കുൽദീപ് നാലാം വിക്കറ്റും സ്വന്തമാക്കി. ഷഹീൻ അഫ്രീദിയെ എൽബിഡബ്ല്യുവിൽ കുരുക്കുകയായിരുന്നു.
റൺസൊന്നുമെടുക്കുന്നതിനു മുൻപ് മുഹമ്മദ് ഹാരിസിനെ റിങ്കു സിങ്ങിന്റെ കയ്യിലെത്തിച്ച് അക്സർ പട്ടേലും ആദ്യ വിക്കറ്റ് സ്വന്തമാക്കി. പിന്നാലെ ഒരു റൺസെടുത്ത ഹുസൈൻ തലാതിനെ സഞ്ജുവിന്റെ കൈകളിലെത്തിച്ച് രണ്ടാം അക്സർ തന്റെ രണ്ടാം വിക്കറ്റും സ്വന്തമാക്കി ആറു റൺസെടുത്ത ഹാരിസ് റൗഫിനെ വിക്കറ്റിനു മുന്നിൽ കുരുക്കി ബുംറയും വിക്കറ്റ് വേട്ടയിൽ ഇടംപിടിച്ചു. പിന്നാലെ 6 റൺസെടുത്ത മുഹമ്മദ് നവാസിനെ റിങ്കു സിങ്ങിന്റെ കൈകളിലെത്തിച്ച് രണ്ടാം വിക്കറ്റും സ്വന്തമാക്കി.
ആദ്യം ബാറ്റു ചെയ്യുന്ന പാക്കിസ്ഥാൻ പവർപ്ലേ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 45 റൺസായിരുന്നു സമ്പാദ്യം. ഫൈനലിൽ പാക്കിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരുക്കേറ്റ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്കു പകരം റിങ്കു സിങ് പ്ലേയിങ് ഇലവനിലെത്തി. കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന ജസ്പ്രീത് ബുമ്രയും ശിവം ദുബെയും തിരിച്ചെത്തിയപ്പോൾ അർഷ്‌ദീപ് സിങ്ങും ഹർഷിത് റാണയും ടീമിൽ ഇടംപിടിച്ചില്ല. പാക്കിസ്ഥാൻ ടീമിൽ മാറ്റമില്ല. 41 വർഷം പഴക്കമുള്ള ഏഷ്യാ കപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനം നേർക്കുനേർ വരുന്നത്. ഇന്ത്യ ഏഷ്യാകപ്പിലെ ഒൻപതാം കിരീടം ലക്ഷ്യമിടുമ്പോൾ പാക്കിസ്ഥാൻ മുൻപ് 2 തവണ ജേതാക്കളായിരുന്നു.
∙ പ്ലേയിങ് ഇലവൻ
ഇന്ത്യ: അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, അക്ഷർ പട്ടേൽ, ശിവം ദുബെ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി.
പാക്കിസ്ഥാൻ: സാഹിബ്‌സാദാ ഫർഹാൻ, ഫഖർ സമാൻ, സയിം അയൂബ്, സൽമാൻ ആഗ (ക്യാപ്റ്റൻ), ഹുസൈൻ തലാത്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പർ), മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ്.