അഹമദാബാദ്: ടി 20 ലോകകപ്പിൽ ഇന്നു നടക്കുന്ന മത്സരത്തിൽ നെതർലൻഡിനെതിരെ മലയാളി താരം സഞ്ജു സാംസൺ ഇറങ്ങുമെന്ന് റിപ്പോർട്ട്. മൂന്ന് മത്സരങ്ങൾ ജയിച്ച ഇന്ത്യ സൂപ്പർ എട്ടിൽ കടന്നുകഴിഞ്ഞു, വൈകുന്നേരം ഏഴിന് അഹമദാബാദിൽ നടക്കുന്ന മത്സരത്തിൽ നിന്ന് ഇഷാൻ കിഷനും ബുംറയ്ക്കും വിശ്രമം അനുവദിക്കുമെന്നാണ് സൂചന,
പാക്കിസ്ഥാനെതിരെ 61 റൺസിന്റെ വിജയം കരസ്ഥമാക്കി ഇന്ത്യ സൂപ്പർ എട്ടിലെത്തിയെങ്കിലും നെതർലൻഡിനെതിരേയും വിജയത്തിൽ കുറഞ്ഞൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. ഇന്ത്യക്ക് വേണ്ടി ബാറ്റിംഗിൽ ഇഷാൻ കിഷന്റേയും ക്യാപ്റ്റൻ സൂര്യകുമാറിന്റേയും ഫോമും ബോളിങ്ങിൽ ജസ്പ്രീത് ബുംറ, ഹർദിക് പാണ്ട്യ, അക്‌സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവരുടെ മികച്ച പ്രകടനവും കളിയിൽ ഇന്ത്യയ്ക്ക് മേൽക്കോയ്മ നൽകുന്നു.
അതേസമയം യുഎസിനെതിരേയും പാക്കിസ്ഥാനെതിരെയും ഗോൾഡൻ ഡക്കായ ഓപണർ അഭിഷേക് ശർമ്മ ഇന്ത്യൻ ടീമിൽ തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇപ്പോഴിതാ അഭിഷേക് ശർമയ്ക്ക് ഉപദേശവുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ രംഗത്ത് എത്തിയിരിക്കുകയാണ്. ‘ആദ്യം ഒരു സിംഗിൾ എടുക്കുക, അഭിഷേക് ശർമ്മയ്ക്ക് നൽകാനുള്ള എന്റെ ഉപദേശം ഇതാണ്. സിംഗിൾ എടുത്തുകഴിഞ്ഞാൽ പിന്നീട് നിങ്ങൾക്ക് ആക്രമിച്ചുകളിക്കാം. കാലുകളുടെ വേഗം വർധിപ്പിക്കുന്ന ഒരു അതിവേഗ സിംഗിൾ നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കും. അതിനുശേഷം സ്വന്തം ശൈലിയിലേക്ക് മാറുന്നതാകും ഉചിതം’, ഗവാസ്കർ പറഞ്ഞു.















































