ലാഹോർ: പഹൽഗാം ഭീകരാക്രമണത്തിൽ വിവാദ പ്രസ്താവനയുമായി പാക് മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. തെളിവുകളൊന്നുമില്ലാതെ പാക്കിസ്ഥാനെ കുറ്റം പറയാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് ഷാഹിദ് അഫ്രീദി പറഞ്ഞു . ‘‘പാക്കിസ്ഥാനാണ് ഇതിനു പിന്നിലെന്ന് ഇന്ത്യയുടെ കയ്യിൽ തെളിവൊന്നുമില്ല. എന്നിട്ടും അവർ കുറ്റപ്പെടുത്തുകയാണ്. ഇത് അങ്ങേയറ്റം അപലപനീയമായ നടപടിയാണ്.’’– ഷാഹിദ് അഫ്രീദി ഒരു പാക്കിസ്ഥാൻ മാധ്യമത്തോടു പ്രതികരിച്ചു. ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഇന്ത്യ ശ്രമിക്കേണ്ടതെന്നും, ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തെ ഇതു ബാധിക്കരുതെന്നും അഫ്രീദി വ്യക്തമാക്കി.
‘‘ചർച്ചകളിലൂടെ മാത്രമേ നമുക്കു മുന്നോട്ടു പോകാൻ സാധിക്കൂ. അനാവശ്യമായ പഴിചാരലുകളും പോരാട്ടങ്ങളും സാഹചര്യം കൂടുതൽ വഷളാക്കും. കായിക മേഖലയിൽ, പ്രത്യേകിച്ച് ക്രിക്കറ്റിൽ രാഷ്ട്രീയ ഇടപെടലുകൾ ഇല്ലാതിരിക്കണം. അതാണു നല്ലത്.’’– അഫ്രീദി പ്രതികരിച്ചു. ഏകദിന ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്കില്ലെന്ന് പാക്കിസ്ഥാൻ വനിതാ ക്രിക്കറ്റ് താരം ഗുൽ ഫെറോസ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ത്യ ആതിഥേയരാകുന്ന വനിതാ ലോകകപ്പിൽ പാക്കിസ്ഥാന്റെ മത്സരങ്ങൾ യുഎഇയിലോ ശ്രീലങ്കയിലോ നടത്തുമെന്നാണു പ്രതീക്ഷയെന്നും പാക്ക് ഓപ്പണർ വ്യക്തമാക്കി.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഉപേക്ഷിക്കണമെന്ന് മുൻ ഇന്ത്യൻ താരങ്ങളായ സൗരവ് ഗാംഗുലിയും ശ്രീവത്സ് ഗോസ്വാമിയും ആവശ്യപ്പെട്ടിരുന്നു.