അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ നേരിടാനൊരുങ്ങുന്ന ടീം ഇന്ത്യ ചരിത്രം ആവർത്തിക്കാതിരിക്കാൻ എല്ലാ പഴുതുകളും അടയ്ക്കുകയാണ് ടീം ഇന്ത്യ. ഇത്തവണ കളിയിൽ മാത്രമല്ല, ഭാഗ്യത്തിലും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് ടീം പറഞ്ഞുവെക്കുന്നത്.
2023-ലെ ഏകദിന ലോകകപ്പ് ഫൈനലിൽ അഹമ്മദാബാദിൽ ഓസ്ട്രേലിയയോട് ഏറ്റുവാങ്ങിയ ആ തോൽവിയുടെ വലിയ മുറിവ് ഇത്തവണ ആവർത്തിക്കരുതെന്ന് ടീം ഇന്ത്യയ്ക്ക് നിർബന്ധമുണ്ട്. ന്യൂസിലൻഡിനെതിരായ ടി20 ലോകകപ്പ് ഫൈനലിന് മുന്നോടിയായി മൈതാനത്തെ തന്ത്രങ്ങൾക്കൊപ്പം ഭാഗ്യവും കൂടെക്കൂട്ടാനുള്ള ശ്രമത്തിലാണ് ടീം. ഇതിനായി ടീം താമസിക്കുന്ന ഹോട്ടലിലും സ്റ്റേഡിയത്തിലെ ഡ്രസ്സിംഗ് റൂമിലും ഇന്ത്യ മാറ്റം വരുത്തിയതായാണ് റിപ്പോർട്ടുകൾ.
പ്രമുഖ സ്പോർട്സ് ജേണലിസ്റ്റ് വിമൽ കുമാർ നൽകുന്ന വിവരമനുസരിച്ച്, ഇത്തവണ ഇന്ത്യ തങ്ങളുടെ സ്ഥിരം ഡ്രസ്സിംഗ് റൂമിന് പകരം സന്ദർശക ടീമുകൾ ഉപയോഗിക്കുന്ന ഡ്രസ്സിംഗ് റൂമാകും ഉപയോഗിക്കുക. പഴയ പരാജയങ്ങളുടെ ഓർമ്മകൾ വിട്ടുമാറാത്ത സ്റ്റേഡിയത്തിൽ ‘നെഗറ്റീവ് എനർജി’ ഒഴിവാക്കാനും ഭാഗ്യം കൊണ്ടുവരാനുമാണ് ഈ നീക്കമെന്ന് സൂചന. കഴിഞ്ഞ ദിവസം മുംബൈയിൽ ചന്ദ്രഗ്രഹണം കാരണം പരിശീലനം വൈകിപ്പിച്ചത് ഉൾപ്പെടെയുള്ള ടീമിൻറെ സമീപകാലത്തെ വിശ്വാസപരമായ നിലപാടുകളുടെ തുടർച്ചയാണിതെന്നാണ് റിപ്പോർട്ട്.
അതുപോലെ 2023 ലോകകപ്പ് ഫൈനലിന് താമസിച്ച ഹോട്ടലിൽ നിന്നല്ല ഇത്തവണ ടീം ഇന്ത്യ സ്റ്റേഡിയത്തിലേക്ക് എത്തുന്നതെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ടീം ഇത്തവണ താജ് സ്കൈലൈനിൽ ആയിരിക്കും താമസിക്കുക. 2023-ൽ ഇന്ത്യ താമസിച്ചിരുന്ന ഐടിസി നർമ്മദയിൽ ഇത്തവണ ന്യൂസിലൻഡ് ടീമിനാണ് താമസം ഒരുക്കിയിരിക്കുന്നത്. എന്നാൽ ഇത് ഭാഗ്യപരീക്ഷണമൊന്നും അല്ലെന്നും ഐസിസി പ്രോട്ടോക്കോൾ അനുസരിച്ചുളള മാറ്റമാണെന്നുമാണ് ടീം വൃത്തങ്ങൾ പറയുന്നത്.
ഐസിസി പ്രോട്ടോക്കോൾ അനുസരിച്ച്, ഫൈനലിൽ ആദ്യം എത്തുന്ന ടീം (ന്യൂസിലൻഡ്) ഒരു ഹോട്ടലിലും രണ്ടാമത് എത്തുന്ന ടീം (ഇന്ത്യ) മറ്റൊരു ഹോട്ടലിലുമാണ് താമസിക്കേണ്ടത്. ഇതനുസരിച്ചാണ് ഇന്ത്യയുടെ ഹോട്ടൽ മാറിയത്. ഹോട്ടലും ഡ്രസ്സിംഗ് റൂമും കൂടാതെ മൂന്നാമതൊരു മാറ്റം കൂടി ഇന്ത്യ വരുത്തിയിട്ടുണ്ടെന്നും എന്നാൽ അത് ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇന്ത്യ ലോകകപ്പ് നേടുകയാണെങ്കിൽ ആ രഹസ്യം പുറത്തുവിടും, അല്ലെങ്കിൽ അതു രഹസ്യമായിരിക്കും- വിമൽ കുമാർ വ്യക്തമാക്കി.
അതേസമയം സെമിഫൈനലിന് മുന്നോടിയായി മുംബൈയിൽ നടന്ന പരിശീലന സെഷനിൽ പോലും ടീം ഇന്ത്യ അതീവ ജാഗ്രതയായിരുന്നു. ചന്ദ്രഗ്രഹണത്തിൻറെ ‘ദോഷഫലങ്ങൾ’ ഒഴിവാക്കാൻ വേണ്ടി നിശ്ചയിച്ചിരുന്ന സമയത്തിൽ നിന്നും 45 മിനിറ്റ് വൈകിയാണ് ടീം ഇന്ത്യ പരിശീലനത്തിന് ഇറങ്ങിയത്. കൂടാതെ, ടീം മാനേജ്‌മെൻറിലെ ഒരു പ്രമുഖ അംഗം ഓരോ വേദിയിലും പോയി പ്രാർത്ഥനകൾ നടത്തുന്നതും വാർത്തകളിൽ ഇടംപിടിച്ചു. ഞായറാഴ്ച രാത്രി 7.30-നാണ് ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ആവേശപ്പോരാട്ടം ആരംഭിക്കുന്നത്. ഒരു ലക്ഷത്തിലധികം കാണികൾക്ക് മുന്നിൽ ഇന്ത്യ തങ്ങളുടെ മൂന്നാം ടി20 ലോകകിരീടം ഉയർത്തുമോ എന്ന് കാത്തിരുന്ന് കാണാം.
അഹമ്മദാബാദിലെ പിച്ചിൻറെ കാര്യത്തിലും ടീമിന് കടുംപിടിത്തമുണ്ട്. ദക്ഷിണാഫ്രിക്കയോട് കറുത്ത മണ്ണിലെ പിച്ചിൽ തോറ്റതിനാൽ, ഫൈനലിന് ചുവന്ന മണ്ണിലെ പിച്ച് മതിയെന്ന നിലപാടിലാണ് ഇന്ത്യൻ മാനേജ്‌മെൻറ്. വാംഖഡെയിലെ ചുവന്ന മണ്ണിൽ ഇന്ത്യ മികച്ച പ്രകടനം നടത്തിയതും ഈ തീരുമാനത്തെ സ്വാധീനിച്ചേക്കാം. ഇതിനിടെ ബിസിസിഐ സിഇഒ ഹേമംഗ് അമീൻ നേരിട്ടെത്തി പിച്ചുകൾ പരിശോധിച്ചു. നിലവിൽ ഒരു പിച്ച് മാത്രം മൂടിയിട്ടിരിക്കുകയാണ്.
അതേസമയം ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിന് മുന്നോടിയായി വമ്പൻ കലാപരിപാടികളാണ് ഐസിസി ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ഗായകൻ റിക്കി മാർട്ടിൻ, ദണ്ഡിയ ക്വീൻ ഫൽഗുനി പഥക്, ബോളിവുഡ് ഗായകൻ സുഖ്‌വീന്ദർ സിംഗ് എന്നിവർ ഗാലറിയെ ആവേശത്തിലാഴ്ത്തും. ടോസിന് മുന്നോടിയായി റിക്കി മാർട്ടിൻറെ വിശ്വപ്രസിദ്ധമായ ‘മരിയ’ എന്ന പാട്ടിന് ലക്ഷക്കണക്കിന് ആരാധകർ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ചുവടുവെക്കും. വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്ന സാഹചര്യത്തിൽ മുംബൈയിൽ നിന്നും അഹമ്മദാബാദിലേക്ക് വെസ്റ്റേൺ റെയിൽവേ പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഫൈനൽ ദിവസം ആരാധകർക്ക് എളുപ്പത്തിൽ സ്റ്റേഡിയത്തിൽ എത്താൻ ഇത് സഹായിക്കും.
















































